

അർജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയിൽ ലിയോണൽ മെസ്സിയുടെ അവസാന മത്സരത്തിന് മണിക്കുറുകൾ മാത്രമാണ് ബാക്കി... ലോകകപ്പ് മുതൽ കോപ്പ അമേരിക്ക വരെ കിരീടങ്ങൾ വാരിക്കൂട്ടി ഫുട്ബോൾ ചരിത്രത്തിൽ ഒരിക്കലും മായാത്ത അധ്യായം എഴുതിയ ഇതിഹാസത്തിന് സ്വന്തം മണ്ണിൽ യാത്രാമൊഴി നൽകാൻ തയ്യാറായി കഴിഞ്ഞു ആരാധകർ.... മെസ്സിയുടെ അവസാന അർജന്റീന മത്സരത്തിലേക്ക് ആരാധകരുടെ കണ്ണും മനസ്സും ഒരുപോലെ കാത്തിരിക്കുകയാണ്. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലർച്ചെ 4.30ന് ബ്യൂണസ് ഐറിസിലാണ് മത്സരം. ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികള്‍.
ഒരു പത്താം നമ്പർ ജേഴ്സി... ഒരു ജനതയുടെ സ്വപ്നം... ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാൾ... ലിയോണൽ മെസ്സി... അർജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയിൽ ഇനി ഒരൊറ്റ മത്സരം മാത്രം... ആരാധകരുടെ മനസ്സിൽ ആ നിമിഷത്തിനായുള്ള കാത്തിരിപ്പ്... സ്വന്തം രാജ്യത്തിനായി റെക്കോർഡുകളും കിരീടങ്ങളും വാരിക്കൂട്ടിയ ഇതിഹാസത്തിന് വിടചൊല്ലാൻ ഒരുങ്ങുകയാണ് ഫുട്ബോൾ ലോകം...
2005ൽ ഹംഗറിക്കെതിരെ 18-ാം വയസ്സിൽ അരങ്ങേറ്റം... തുടക്കത്തിൽ വിമർശനങ്ങൾ... ലോകകപ്പ് ഫൈനലുകളിലെ കണ്ണീർ... കിരീടമില്ലാത്ത നായകനെന്ന പരിഹാസം... പക്ഷേ മെസ്സി തളർന്നില്ല... 2021ൽ ബ്രസീലിന്റെ മണ്ണിൽ കോപ്പ അമേരിക്ക കിരീടം... പിന്നാലെ ഫിനലിസിമ... ഒടുവിൽ 2022ൽ ഖത്തറിൽ ലോകത്തിന്റെ നെറുകയിൽ അർജന്റീന... ഫ്രാൻസിനെതിരായ ഐതിഹാസിക ഫൈനൽ... മെസ്സിയുടെ സ്വപ്നം യാഥാർഥ്യമായ രാത്രി...കിരീടവേട്ട അവിടെയും നിർത്തിയില്ല ... 2024ൽ വീണ്ടും കോപ്പ അമേരിക്ക... തുടർച്ചയായ രണ്ടാം തവണയും തെക്കേ അമേരിക്കയുടെ രാജാക്കന്മാർ... ഒളിമ്പിക് സ്വർണം മുതൽ ലോകകിരീടം വരെ... അർജന്റീനയ്ക്കായി സാധ്യമായ നേട്ടങ്ങളിലെല്ലാം മെസ്സിയുടെ പാദമുദ്ര... കണക്കുകളിലും മെസ്സിക്ക് പകരക്കാരനില്ല... 207 മത്സരങ്ങൾ... 125 ഗോളുകൾ... അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ... ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം... ലോകകപ്പിൽ രണ്ട് ഗോൾഡൻ ബോൾ സ്വന്തമാക്കിയ ചരിത്രത്തിലെ ഏക താരം...
ഇതിഹാസങ്ങളെല്ലാം കാലത്തിന്റെ അനിവാര്യതയിലൂടെ കടന്നുപോകും.... നേട്ടങ്ങളുടെ മൈതാനത്ത് ഗാലറിയിലെ അവസാന വിസിൽ മുഴക്കത്തിന് കാതോർത്ത്, കോടിക്കണക്കിന് ആരാധകരുടെ ഹൃദയപ്പെയ്ത്തിൽ മുങ്ങി മെസ്സിയും കളം വിടാൻ ഒരുങ്ങുന്നു. കാൽച്ചോട്ടിൽ ഭൂഗോളത്തെ തട്ടിക്കളിച്ച റൊസാരിയോ തെരുവിലെ ബാലൻ അവസാന മത്സരത്തിന് ഒരുങ്ങുന്നു. ഒരു മത്സരം ലോക ഫുട്ബാൾ ചരിത്രത്തിന്റെ നാഴികക്കല്ലാകുന്നു..നെഞ്ചിൽ പത്താം നമ്പർ കോറിയിട്ട് കാല്പന്തിന്റെ മിശിഹായെ ആരാധിച്ച ഒരു യുഗം അവസാനിക്കുകയാണ്. അയാൾ വിടചൊല്ലുന്നില്ല, പന്തുരുളുന്ന അനേകായിരം മൈതാനങ്ങളിലേക്ക് വർഗ വർണ വംശ പ്രായ വ്യത്യാസങ്ങളില്ലാതെ പടരുകയാണ്. കളമൊഴിയുന്ന മെസ്സിയെ ഹൃദയത്തിലേൽക്കാൻ കാത്തിരിക്കുന്ന മനുഷ്യരുടെ കൂട്ടം പറയുന്നു. വെൽക്കം ഹോം മെസി....