
ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയാഗോ ജോട്ട (28) സ്‌പെയിനിലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഡിയാഗോ ജോട്ടയുടെ സഹോദരന്‍ ആന്ദ്രേ സില്‍വ (26) യും കൊല്ലപ്പെട്ടു. സ്‌പെയിനിലെ സമോരയ്ക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
അപകട വാര്‍ത്ത പോര്‍ച്ചുഗീസ് മന്ത്രി ലൂയിസ് മോണ്ടിനെഗ്രോയും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അസോസിയേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്പാനിഷ് പൊലീസ് അറിയിച്ചു.
രണ്ടാഴ്ച മുമ്പാണ് ജോട്ടയും കാമുകിയായിരുന്ന റൂട്ട് കാര്‍ഡോസോയും തമ്മിലുള്ള വിവാഹം നടന്നത്. മൂന്ന് കുട്ടികളും ഇവര്‍ക്കുണ്ട്. 2020 ലാണ് ജോട്ട ലിവര്‍പൂളില്‍ എത്തുന്നത്. ക്ലബ്ബിനു വേണ്ടി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. മെയ് മാസത്തിൽ പ്രീമിയര്‍ ലീഗ് നേടിയ ടീമിലും ജോട്ടയുടെ സാന്നിധ്യമുണ്ടായിരുന്നു. പോര്‍ച്ചുഗീസ് ടീമിനൊപ്പം 49 അന്താരാഷ്ട്ര കപ്പുകളും ജോട്ട ഉയര്‍ത്തിയിരുന്നു.
2019, 2025 വര്‍ഷങ്ങളില്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടമുയര്‍ത്തിയ പോര്‍ച്ചുഗല്‍ ദേശീയ ടീമിലും ജോട്ട അംഗമായിരുന്നു. 2019ലായിരുന്നു ജോട്ടോയുടെ ദേശീയ ടീമുനായുള്ള അരങ്ങേറ്റം.
സഹോദരന്‍ ആന്ദ്രേ സില്‍വയും ഫുട്‌ബോള്‍ താരമാണ്. ലോവര്‍ ഡിവിഷന്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ പെനാഫിയേലിനൊപ്പം സില്‍വ കളിച്ചിരുന്നു.
കാറിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ ഇടിച്ചതിനു പിന്നാലെ തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.