

മലപ്പുറം: ഫുട്‌ബോള്‍ ആരാധകരുടെ എക്കാലത്തെയും വലിയ മോഹമാണ് ഫിഫ ലോകകപ്പില്‍ അര്‍ജന്റീന, ബ്രസീല്‍ ഫൈനല്‍ പോരാട്ടം. പ്രിയതാരങ്ങള്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയപ്പോള്‍ മലപ്പുറം അത് ആഘോഷമാക്കി.
കളത്തില്‍ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ പോരാട്ടം കടുത്തപ്പോൾ ഗാലറി ആര്‍ത്തിരമ്പി. ലോകകപ്പ് ആവേശം അമേരിക്കയില്‍ തുടങ്ങും മുന്‍പ് മലപ്പുറത്ത് തിരികൊളുത്തി ആരാധകര്‍.
ഒരു വശത്ത് മലപ്പുറത്തിന്റെ സ്വന്തം അനസ് എടത്തൊടികയുടെ അര്‍ജന്റീന അണി നിരന്നപ്പോള്‍ മറുവശത്ത് കണ്ണൂരുകാരന്‍ സി.കെ. വിനീതിന്റെ ബ്രസീലായിരുന്നു. ഇരുവശത്തും മലയാളികളുടെ പ്രിയതാരങ്ങളും.
സൂപ്പര്‍ താരങ്ങളായ മുഹമ്മദ് റാഫി, ആഷിഖ് കുരുണിയന്‍, സുശാന്ത് മാത്യു എന്നിവരുണ്ട് അര്‍ജന്റൈന്‍ നിരയില്‍. റിനോ ആന്റോ, എന്‍പി പ്രദീപ്, ടി.പി രഹനേഷ്, മഷൂര്‍ ഷെരീഫ് തുടങ്ങിയ താരങ്ങളുമായി ബ്രസീലും. കളം നിറഞ്ഞാടിയ താരങ്ങള്‍ കാഴ്ച്ചവെച്ചത് വമ്പന്‍ മുന്നേറ്റമാണ്.
മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം പ്രശാന്ത് മോഹന്‍ ആദ്യ ഗോള്‍ നേടി ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം ഇളകി മറിഞ്ഞു. കടുത്ത മത്സരത്തില്‍ വീണ്ടും ഗോള്‍ നേടി ബ്രസീല്‍ അധിപത്യം തുടര്‍ന്നു.
അധികം വൈകാതെ അര്‍ജന്റീന ടീമിന് ലഭിച്ച പെനാല്‍റ്റി വലയിലായപ്പോള്‍ നീലപ്പട സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ 2-1 ന് വിജയം ബ്രസീലിനായിരുന്നു.
പ്രതീകാത്മക ലോകകപ്പ് കിരീടം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. റിനിഷ ബ്രസീല്‍ ഫാന്‍ ടീമിന് കൈമാറി. അങ്ങനെ അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലും ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും എത്തട്ടെയെന്നാണ് ആരാധകരുടെ മോഹം... ലോകകപ്പിന്റെ വരവേല്‍പ്പിനായി നഗരത്തില്‍ വമ്പന്‍ പ്രകടനവും ആരാധകര്‍ നടത്തി.