

മുംബൈ: കേരളത്തില്‍ ഉടനൊന്നും ഇല്ലെങ്കിലും മെസി ഇന്ത്യയിലേക്ക് വരികയാണ്. ഡിസംബറിലാണ് താരത്തിന്റെ ഇന്ത്യാ സന്ദര്‍ശനം. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ വിവിധ ചടങ്ങുകളില്‍ താരം പങ്കെടുക്കും.
പതിനാല് വര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തുന്ന താരത്തെ നേരിട്ട് കാണാനും സംസാരിക്കാനും ആരാധകര്‍ക്കും അവസരമൊരുക്കുകയാണ് സംഘാടകര്‍. പക്ഷെ, അല്‍പ്പം പണച്ചെലവേറിയ കാര്യമാണ്. മൂന്ന് സിറ്റികളില്‍ മെസ്സിയെ കാണാനെത്തുന്ന ആരാധകര്‍ക്ക് വന്‍ പാക്കേജുകളാണ് സംഘാടകര്‍ ഒരുക്കുന്നത്.
മെസിക്കൊപ്പം സംസാരിക്കാനും ഫോട്ടോ എടുക്കാനും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫോടു കൂടിയ അര്‍ജന്റീനന്‍ ജെഴ്‌സിയുമെല്ലാം ഉള്‍പ്പെടുന്നതാണ് പാക്കേജ്. GOAT ഫാന്‍ എക്‌സ്പീരിയന്‍സ് എന്ന പാക്കേജാണ് ഏറ്റവും ശ്രദ്ധേയം.
മെസിയുമായി നേരിട്ടുള്ള മീറ്റിങ്, അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാന്‍ അവസരം, ഓട്ടോഗ്രാഫോടു കൂടിയ അര്‍ജന്റീനയുടെ ജെഴ്‌സി, അത്താഴ വിരുന്ന്, ബോളിവുഡ് താരങ്ങള്‍ക്കൊപ്പം മെസിയുമായി കൂടിക്കാഴ്ച, അദ്ദേഹത്തിന്റെ പെനാല്‍ട്ടി ഷോ. അങ്ങനെ വിഐപി പരിഗണനയാണ് GOAT ഫാന്‍ എക്‌സ്പീരിയന്‍സില്‍ ലഭിക്കുക.
പക്ഷെ, അതിന് വലിയൊരു തുകയും നല്‍കണം. ജിഎസ്ടി ഉള്‍പ്പെടെ 9.95 ലക്ഷം രൂപയാണ് GOAT ഫാന്‍ എക്‌സ്പീരിയന്‍സ് പാക്കേജിനായി നല്‍കേണ്ടത്.
ഇതിലും കൂടിയതാണ് 'ഫാദര്‍, സണ്‍ എക്‌സ്പീരിയന്‍സ്'. വെറും 12.50 ലക്ഷം രൂപ നല്‍കിയാല്‍ നിങ്ങളുടെ കുട്ടിക്ക് മെസ്സിക്കൊപ്പമുള്ള ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം സമ്മാനിക്കാം. മെസിയെ കാണാനും ഫോട്ടോ എടുക്കാനും നിങ്ങളുടെ കുട്ടിക്ക് അവസരം ലഭിക്കും. അതിനൊപ്പം രണ്ട് പേര്‍ക്ക് മെസിയുടെ ഓട്ടോഗ്രാഫോടു കൂടിയ അര്‍ജന്റീനന്‍ ജെഴ്‌സി, അതിനൊപ്പം വിരുന്നിലും അദ്ദേഹത്തിന്റെ പെനാല്‍ട്ടി ഷോകേസിലും പങ്കെടുക്കാം.
25 ലക്ഷം രൂപ നല്‍കിയാല്‍ രണ്ട് പേര്‍ക്ക് ഇതേ അവസരങ്ങള്‍ ലഭിക്കുന്ന ഫാമിലി എക്‌സ്പീരിയന്‍സ് അനുഭവിക്കാം. കൂടാതെ നാല് പേര്‍ക്ക് മെസ്സിയുടെ പെനാല്‍ട്ടി ഷോകേസും കാണാം.
ഇതിനെല്ലാം പുറമെ. 95 ലക്ഷത്തിന്റെ കോര്‍പ്പറേറ്റ് ഫിലിസിറ്റേഷന്‍ പാക്കേജുമുണ്ട്. കോര്‍പ്പറേറ്റ് ഫെലിസിറ്റേഷന്‍, ആജീവനാന്ത മെമന്റോ അവസരം, മീറ്റ് ആന്‍ഡ് ഗ്രീറ്റ് അവസരം, കോര്‍പ്പറേറ്റ് ടീമിനുള്ള ഫോട്ടോ എടുക്കാനുള്ള അവസരം, ഓട്ടോഗ്രാഫ് പതിച്ച അര്‍ജന്റീന ജേഴ്‌സി തുടങ്ങിയവയാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുന്നത്.
ഡിസംബര്‍ 12 നാണ് മെസിയുടെ ഇന്ത്യന്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. ഇവിടെ നിന്ന് മുംബൈയിലും തുടര്‍ന്ന് ഡല്‍ഹിയും സന്ദര്‍ശനം നടത്തും. അഹമ്മദാബാദിലും മെസി എത്തുമെന്ന് സൂചനയുണ്ട്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഡിസംബര്‍ 15ന് നടക്കും. ഡിസംബര്‍ 13ന് ഈഡന്‍ ഗാര്‍ഡനിലെ സ്വീകരണത്തിന് ശേഷം 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. ഡിസംബര്‍ 14ന് മുംബൈ വാങ്കഡെയില്‍ ഗോട്ട് കണ്‍സേര്‍ട്ടിലും പങ്കെടുക്കും. ഡിസംബര്‍ 15ന് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും മെസിയുടെ സാന്നിധ്യം ഉണ്ടാകും.
2011 സെപ്റ്റംബര്‍ 2 നായിരുന്നു ഇതിനു മുമ്പ് മെസി ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും വെനസ്വേലയും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മെസി കളിച്ചു. ഈ മത്സരത്തില്‍ ആദ്യമായി അര്‍ജന്റീനയുടെ ക്യാപ്റ്റനായിരുന്നു മെസി. മത്സരത്തില്‍ അര്‍ജന്റീന 1-0 ന് വിജയിച്ചു.