
കായിക പ്രേമികൾക്ക് ആശ്വാസ വാർത്തയുമായി കായികമന്ത്രി വി. അബ്ദുറഹിമാൻ. ലയണൽ മെസിയും അർജൻറീന ടീമും കേരളത്തിൽ വരുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മെസി വരും ട്ടാ, എന്നാണ് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും. ഒക്ടോബർ - നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താനാണ് ആലോചന. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ എത്തിയതിനുശേഷം ആദ്യ തുക ട്രാൻസ്ഫർ ചെയ്യും.
മെസിയും ടീമും കേരളത്തിലെത്തുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ, കരാർ പ്രകാരമുള്ള പണം കൈമാറാൻ സ്പോൺസർ തയ്യാറാണെന്നും ഉടന്‍ തീയതി പ്രഖ്യാപിക്കുമെന്നും മന്ത്രി മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. അർജന്‍റീന ടീം കേരളത്തിലേക്ക് എത്തുന്നതില്‍ പ്രതിസന്ധികളുണ്ടെന്ന തരത്തില്‍ വാർത്തകള്‍ വന്നപ്പോഴും ആശങ്കകള്‍ ഇല്ലെന്നാണ് കായിക മന്ത്രി ആവർത്തിച്ചു പറഞ്ഞിരുന്നത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡും, എറണാകുളത്തെ കലൂർ സ്റ്റേഡിയവും മത്സരത്തിനായി ഉപയോഗിക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയങ്ങളായതിനാൽ മത്സരം നടക്കുന്ന ഇടം സംബന്ധിച്ചും ആശങ്കയില്ലെന്നാണ് മന്ത്രി പറഞ്ഞത്.
മെസി കേരളത്തിലേക്ക് വരില്ലെന്ന് വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് സ്പോൺസറായ ആൻ്റോ അഗസ്റ്റിൻ മാധ്യമങ്ങളെ കണ്ടിരുന്നു. അതിനു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ആൻ്റോ അഗസ്റ്റിൻ അറിയിച്ചിരുന്നു. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് അർജൻ്റീന ഫുട്‌ബോൾ അസോസിയേഷനുമായാണ് എഗ്രിമെൻ്റ് വെച്ചിരിക്കുന്നതെന്ന് സ്പോൺസറായ ആൻ്റോ അഗസ്റ്റിൻ അറിയിച്ചു. പ്രോസസ് നടന്നു കൊണ്ടിരിക്കുകയാണ്. എഗ്രിമെൻ്റ് വ്യവസ്ഥകളും പൂർത്തിയാക്കി വരികയാണെന്ന് ആൻ്റോ അഗസ്റ്റിൻ അറിയിച്ചിരുന്നു.