
സാൻ്റിയാഗോ: അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് മൊറോക്കോയ്ക്ക്. ഫൈനലിൽ കരുത്തരായ അർജൻ്റീനയുടെ കണ്ണീര് വീഴ്ത്തിയാണ് നോർത്ത് ആഫ്രിക്കൻ രാജ്യം കിരീടം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അവരുടെ ജയം.
മൊറോക്കോയ്ക്ക് വേണ്ടി യാസിർ സാബിരി ഇരട്ട ഗോൾ നേടി. ജയത്തോടെ അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി. 2009ൽ ഘാന ഈ വിഭാഗത്തിൽ ലോക കിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായിരുന്നു.
കലാശപ്പോരിൽ അർജൻ്റീന കയ്യടക്കത്തോടെ നന്നായി കളിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. അണ്ടർ 20 വിഭാഗത്തിൽ മുമ്പ് ആറ് തവണ ജേതാക്കളായ ചരിത്രമുണ്ട് അർജൻ്റീനയ്ക്ക്. അവരെ വീഴ്ത്തിയാണ് ആഫ്രിക്കൻ ടീം കപ്പിൽ മുത്തമിട്ടത്.
ചിലിയാണ് ഇക്കുറി അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. സാൻ്റിയാഗോ സ്റ്റേഡിയത്തിൽ വച്ചാണ് അർജൻ്റീന-മൊറോക്കോ കലാശപ്പോരാട്ടം നടന്നത്.