
യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ചാംപ്യന്മാർ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ഫൈനല്‍ മത്സരത്തില്‍ മൂന്നിന് എതിരെ അഞ്ച് ഗോളുകള്‍ക്കാണ് പോർച്ചുഗലിന്റെ വിജയം. സ്പെയിനിനെതിരായ വിജയത്തോടെ രണ്ട് നേഷൻസ് ലീഗ് കിരീടം നേടുന്ന ആദ്യ ടീമായി പോർച്ചുഗൽ.
തുല്യശക്തികളുടെ പോരാട്ടത്തിനാണ് ജർമ്മൻ മണ്ണ് സാക്ഷിയായത്. മത്സരം നിശ്ചിത സമയും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിയപ്പോള്‍ മ്യൂണിക്കിലെ അലൈൻസ് അരീന ആവേശപ്പോരിനാണ് സാക്ഷിയായത്. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയുടെ ഗോളോടെ, സ്പെയിനാണ് മുന്നേറ്റം ആരംഭിച്ചത്. മറുപടിയായി 25ാ-ാം മിനിറ്റില്‍ നുനോ മെന്‍ഡിസ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടി സ്കോർ ഒപ്പത്തിനൊപ്പം എത്തിച്ചു. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. മെന്‍ഡിസ് തന്നെയാണ് ഫൈനലിലെ താരവും.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സ്പെയിന്‍ തിരിച്ചടിച്ചു. മൈക്കല്‍ ഒയര്‍സബാലിന്റെ ഗോളിലൂടെ സ്പെയിന്‍ ആദ്യ പകുതിയില്‍ ലീഡ് നേടി. സ്കോർ പോർച്ചുഗല്‍ 1- 2 സ്പെയിന്‍. ആദ്യ പകുതിയുടെ ആവേശം ചോരാതെയാണ് സ്പെയിനിന്റെ യുവ നിരയും പോർച്ചുഗലും രണ്ടാം പകുതിയിലേക്ക് എത്തിയത്. 61ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊർച്ചുഗലിനെ സ്പെയിന് ഒപ്പം എത്തിച്ചു. വീണ്ടും മത്സരം സമനിലയില്‍.
നിശ്ചിത സമയത്തിന് ശേഷവും സമനില തുടർന്നതോടെയാണ് മത്സരം അധിക സമയത്തിലേക്ക് കടന്നത്. എന്നാല്‍ അധിക സമയത്തിലും എതിർ ടീമിന്റെ വല കുലുക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. 120 മിനിറ്റുകള്‍ ആ തുല്യ ശക്തികള്‍ വിജയഗോളിനായി കൊമ്പുകോർത്തു. ഒടുവില്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ അൽവാരോ മൊറാത്തയുടെ കിക്ക് തട്ടിയകറ്റിയ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റ പോർച്ചുഗലിനെ കിരീടത്തിനരികെ എത്തിച്ചു. അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ച റൂബൻ നീവ്സ് പോർച്ചുഗലിൻ്റെ കിരീടധാരണം പൂർത്തിയാക്കി.
ഇതോടെ പറങ്കി കുപ്പായത്തിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടനേട്ടം മൂന്നായി. നിർണായക ഗോളുമായി തിളങ്ങിയ റോണോ, അന്താരാഷ്ട്ര കരിയറിൽ 138 ഗോളുകളും തികച്ചു. രണ്ട് നേഷൻസ് ലീഗ് കിരീടം നേടുന്ന ആദ്യ നായകനെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തം പേരിൽ കുറിച്ചു.