

ബുഡാപെസ്റ്റ്: യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നിലനിർത്തി പിഎസ്‌ജി. ആവേശകരമായ ഫൈനലിൽ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ആഴ്‌സണലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നു വീഴ്ത്തിയാണ് ഫ്രഞ്ച് ടീം (പാരിസ് സെന്റ് ജെര്‍മെയ്ന്‍) പിഎസ്‌ജി കിരീടം നിലനിര്‍ത്തിയത്. ചാംപ്യൻസ് ലീഗ് കിരീടം നിലനിർത്തുന്ന രണ്ടാമത്തെ ടീമാണ് പിഎസ്‌ജി. ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ പീരങ്കിപ്പടയുടെ സ്വപ്നങ്ങൾ തകർത്താണ് പിഎസ്‌ജി തുടർച്ചയായ രണ്ടാം ചാംപ്യൻസ് ലീഗ് കിരീടം നേടിയത്.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ആഴ്‌സനൽ പിഎസ്‌ജിയെ ഞെട്ടിച്ചു. ഹവാർട്‌സിന്റെ കാലിൽ നിന്ന് മനോഹരമായ ഗോൾ വീണതോടെ ആഴ്സനൽ ഒരു ഗോളിന് മുന്നിലെത്തി. ഗോൾ വീണതോടെ പിഎസ്‌ജി ഉണർന്ന് കളിച്ചെങ്കിലും പീരങ്കിപ്പട ഗോൾ വല കോട്ട കെട്ടി കാത്തു. പിഎസ്‌ജി മുന്നേറ്റങ്ങൾ പ്രതിരോധത്തിൽ തട്ടി അവസാനിച്ചപ്പോൾ ആദ്യ പകുതിയിൽ പിഎസ്‌ജി പിന്നിലായി. രണ്ടാം പകുതിയിലും പ്രതിരോധം തുടർന്ന ആഴ്‌സനലിന് പിഴച്ചു. പിഎസ്ജി താരത്തിനെ ബോക്‌സിൽ വീഴ്ത്തിയതിന് പെനാൽറ്റി അടിച്ചുകിട്ടി.
കിക്ക് എടുത്ത ഉസ്മാൻ ഡെംബലെയ്ക്ക് പിഴച്ചില്ല. ഗോൾ വഴങ്ങിയതോടെ ആഴ്‌സനൽ പിഎസ്‌ജി ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഒന്നും ഗോൾ ആയില്ല. ഒടുവിൽ അധിക സമയവും കഴിഞ്ഞു മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാൽറ്റിയിൽ പിഎസ്‌ജിയുടെ നാല് താരങ്ങൾ ലക്ഷ്യം കണ്ടപ്പോൾ ആഴ്‌സനലിനായി കിക്കെടുത്ത ഇസയ്ക്കും ഗബ്രിയേലിനും പിഴച്ചു.
മൈക്കല്‍ ആര്‍ട്ടേറ്റയുടെ കീഴില്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ആഴ്‌സണലിന്റെ യൂറോപ്യന്‍ ഗ്ലോറിയെന്ന സ്വപ്‌നം ഇനിയും അവശേഷിക്കും. 20 വര്‍ഷം മുന്‍പ് ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ആഴ്‌സണല്‍ അന്ന് ബാഴ്‌സലോണയോട് 2-1നു പരാജയപ്പെട്ടാണ് മടങ്ങിയത്. കിരീടത്തിൽ മുത്തമിടാനുള്ള ആഴ്‌സനലിന്റെ കാത്തിരിപ്പ് ഇനിയുംതുടരും. റയൽ മാഡ്രിഡിന് ശേഷം ചാംപ്യൻസ് ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ടീമാണ് പിഎസ്‌ജി.