
2026 ഫിഫ ലോകകപ്പിനായുള്ള നാലാം റൗണ്ട് ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്ക് ഖത്തറും സൗദി അറേബ്യയും ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു. ഒക്ടോബറിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഏഷ്യയിൽ നിന്ന് നേരിട്ടുള്ള രണ്ട് ബെർത്തുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. എഎഫ്സി ക്വാളിഫയറിൽ നിന്ന് മൂന്നും നാലും സ്ഥാനക്കാരായ ഇന്തോനേഷ്യ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ടീമുകളാണ് മത്സരരംഗത്തുള്ളത്. ഈ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക. അടുത്ത മാസം 17നാണ് ഗ്രൂപ്പ് നിർണയ പ്രക്രിയ നടക്കുക.
ഒക്ടോബർ എട്ട് മുതൽ 14 വരെയാണ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യൻമാർക്ക് അടുത്ത വർഷം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകും.
ആതിഥേയരടക്കം 13 ടീമുകൾ മാത്രമാണ് ഇതുവരെ 2026 ലോകകപ്പിന് യോഗ്യതയുറപ്പിച്ചിരിക്കുന്നത്. ഇനി 35 ടീമുകൾ കൂടിയാണ് ലോകകപ്പിന്റെ ഭാഗമാവുക. യൂറോപ്യൻ കോൺഫെഡറേഷനായ യുവേഫയിൽ നിന്നുമാണ് ഏറ്റവുമധികം ടീമുകൾ ലോകകപ്പിനെത്തുക.