ഓരോ വെടിയുതിര്‍ക്കുമ്പോഴും അവര്‍ അലറി: "ഗോള്‍... ഗോള്‍... ഗോള്‍..."; എസ്കോബാര്‍ എന്ന നോവുള്ള ഓര്‍മ

കളിയാവേശംകൊണ്ട ആരാധകരേക്കാള്‍ എസ്കോബാറിന്റെ ആ സെല്‍ഫ് ഗോള്‍ ബാധിച്ചത് വാതുവെപ്പ് മാഫിയകളെയായിരുന്നു.
Andres Escobar
ആന്ദ്രെ എസ്കോബാര്‍Source: News Malayalam 24X7
Published on

വര്‍ഷം 1994, ജൂണ്‍ 22. യുഎസിലെ പാസദേനയിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍, വലങ്കാല്‍ ബൂട്ടില്‍ നിന്ന് വഴിതെറ്റി പാഞ്ഞൊരു ഗോളില്‍ ലോകം തരിച്ചുനിന്നു. ഒരു സെല്‍ഫ് ഗോള്‍. ആ സെല്‍ഫ് ഗോളിന് മരണം എന്ന മറുപേരുണ്ടെന്ന് ഗ്രൗണ്ടില്‍ പടര്‍ന്ന നിരാശയ്ക്കും ലോകമെങ്ങുമുള്ള ആരാധകര്‍ക്കും അപ്പോള്‍ അറിയുമായിരുന്നില്ല. പത്ത് ദിവസങ്ങള്‍ക്കിപ്പുറം, ലോക ഫുട്ബോളിലെ ആദ്യ രക്തസാക്ഷിയെ സൃഷ്ടിച്ചു ആ സെല്‍ഫ് ഗോള്‍. കളിക്കളത്തിലെ പിഴവിന് ജീവന്‍ മറുവില കൊടുക്കേണ്ടിവന്ന ആ ഫുട്ബോളറുടെ പേര് ആരും മറക്കാനിടയില്ല. ആന്ദ്രെ എസ്‌കോബാര്‍... ഒരു നെടുവീര്‍പ്പോടെയല്ലാതെ ഒരു ഫുട്ബോള്‍ പ്രേമിക്കും ആ പേര് പറയാനാവില്ല.

1994ല്‍ യുഎസില്‍ നടന്ന 15മത് ലോകകപ്പിന് വളരെ പ്രതീക്ഷകളോടെയായിരുന്നു കാര്‍ലോസ് വാള്‍ഡറാമയുടെ നേതൃത്വത്തില്‍ കൊളംബിയ എത്തിയത്. ഇക്കുറി ലോകകപ്പ് നേടുമെന്ന് ഫുട്ബോള്‍ ഇതിഹാസം പെലെ പ്രവചിച്ച ടീം. എന്നാല്‍ ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തില്‍ റൊമാനിയയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കൊളംബിയ തോറ്റു. ഇതോടെ, ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ജയം അനിവാര്യമായി. ആതിഥേയരും ദുര്‍ബലരുമായ യുഎസ്എ ആയിരുന്നു രണ്ടാം മത്സരത്തിലെ എതിരാളികള്‍. അതിനാല്‍ സമ്മര്‍ദങ്ങളേതുമില്ലാതെയാണ് കൊളംബിയ പാസദേനയിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിന്റെ പച്ചപ്പുല്‍ മൈതാനിയിലേക്ക് ബൂട്ട് കെട്ടിയിറങ്ങിയത്. പക്ഷേ, വിധി മറ്റൊരു തരത്തില്‍ കളത്തിലെവിടെയോ മറഞ്ഞിരിപ്പുണ്ടായിരുന്നു.

കളിയുടെ ആദ്യ പകുതിയുടെ 34-ാം മിനുറ്റില്‍ യുഎസ് താരം ജോണ്‍ ഹാര്‍ക്‌സിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമം കൊളംബിയന്‍ പ്രതിരോധത്തിലെ വിശ്വസ്തനായ എസ്കോബാറിന് പിഴച്ചു. എസ്കോബാറിന്റെ വലങ്കാലില്‍നിന്ന് പന്ത് സ്വന്തം ഗോള്‍വലയിലേക്ക്. വലതുഭാഗത്തുനിന്ന് താഴ്ന്നുപറന്നെത്തിയ ക്രോസിനെ പുറത്തേക്ക് അടിച്ചകറ്റാനുള്ള ശ്രമമാണ് പിഴച്ചത്. ഹാര്‍ക്‌സിന്റെ ക്രോസില്‍ കണ്ണുംനട്ട് കൊളംബിയന്‍ ഗോളി ഓസ്കര്‍ കൊര്‍ഡൊസെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഓടുന്നതിനിടെയായിരുന്നു എസ്കോബാറിന്റെ ഈ ശ്രമം. ഇടങ്കാലുകൊണ്ട് കളിക്കളത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന, എതിരാളികളുടെ മുന്നേറ്റത്തിന്റെ മുനയൊടിക്കുന്ന പ്രതിരോധ ഭടന്റെ നിയന്ത്രണത്തില്‍ നിന്നകന്ന പന്ത് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഉരുണ്ടെത്തി വല കുലുക്കി. റോസ് ബൗള്‍ സ്റ്റേഡിയത്തിന്റെ ചിലയിടങ്ങളില്‍ കനത്ത നിശബ്ദത വീണുപടര്‍ന്നു.

Andres Escobar
ആന്ദ്രെ എസ്‌കോബാര്‍Source: i.guim.co.uk

തികച്ചും അപ്രതീക്ഷിതമായത് സംഭവിച്ചതിന്റെ ഞെട്ടലില്‍നിന്ന് കൊളംബിയയ്ക്ക് അത്രവേഗം പുറത്തുകടക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നുള്ള കളിയില്‍ അത് നിഴലിട്ടു. 52-ാം മിനുറ്റില്‍ എര്‍നി സ്റ്റുവാര്‍ട്ട് ആതിഥേയരുടെ ലീഡ് ഉയര്‍ത്തി. കൊളംബിയയ്ക്കായി അഡോര്‍ഫോ വലെന്‍സിയയിലൂടെ കൊളംബിയ ഗോള്‍ മടക്കിയെങ്കിലും, മത്സരം അവസാനിക്കുമ്പോള്‍ യുഎസ് 2-1ന് വിജയം സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ കൊളംബിയ അവസാന സ്ഥാനക്കാരായി. അവസാന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ചിട്ടും രക്ഷയുണ്ടായില്ല. യുഎസ് ലോകകപ്പില്‍നിന്ന് കൊളംബിയ പുറത്തായി. ഗ്രൂപ്പ് എയില്‍നിന്ന് റൊമാനിയ, സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ് ടീമുകള്‍ നോക്കൗട്ട് സ്റ്റേജില്‍ കടന്നു.

അപ്രതീക്ഷിത തോല്‍വിയില്‍ ടീം ലോകകപ്പില്‍നിന്ന് പുറത്തായതോടെ, കൊളംബിയയിലെങ്ങും പ്രതിഷേധമുയര്‍ന്നു. കളിയാവേശംകൊണ്ട ആരാധകരേക്കാള്‍ അത് ബാധിച്ചത് വാതുവെപ്പ് മാഫിയകളെയായിരുന്നു. പെലെ ലോകകപ്പ് സാധ്യത കല്‍പ്പിച്ച ടീം, വളരെ ദുര്‍ബലരായ യുഎസ്എ എന്ന എതിരാളികള്‍... കോടികളുടെ വാതുവെപ്പിനെ തകിടംമറിച്ചുകളഞ്ഞു എസ്കോബാറിന്റെ സെല്‍ഫ് ഗോള്‍. നഷ്ടങ്ങളുടെ കണക്ക് വലുതായിരുന്നതിനാല്‍, മാഫിയാ സംഘം കൊളംബിയന്‍ താരങ്ങളെ ഒന്നാകെ ശത്രുക്കളായി പ്രഖ്യാപിച്ചു. എസ്കോബാര്‍ പ്രധാന ശത്രുവായി. പക്ഷേ, ആ പകയുടെ ആഴമറിയാന്‍ പിന്നെയും ഒരാഴ്ച കഴിയേണ്ടിവന്നു.

കൊളംബിയന്‍ തെരുവുകളില്‍ മരണക്കണ്ണുകള്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് എസ്കോബാര്‍ മനസിലാക്കിയിരുന്നില്ല. ജൂലൈ ഒന്നിന് മെഡലിന്‍ നഗരത്തിലെ നിശാക്ലബില്‍ കൂട്ടുകാര്‍ക്കൊപ്പം എസ്കോബാര്‍ എത്തി. മയക്കുമരുന്ന് വിപണിയുടെയും, കള്ളക്കടത്തിന്റെയുമൊക്കെ മുഖ്യകേന്ദ്രമായിരുന്നു മെഡലിന്‍. രാത്രി ഭക്ഷണം കഴിച്ച്, കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിക്കുകയായിരുന്നു എസ്കോബാര്‍. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് തൊട്ടടുത്ത ടേബിളില്‍ 12 അംഗ സംഘം ഇരിക്കുന്നുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നോടെ ക്ലബ് വിടാനൊരുങ്ങിയ എസ്കോബാറിനെ ഈ സംഘം തടഞ്ഞുനിര്‍ത്തി. 'സെല്‍ഫ് ഗോളിലൂടെ രാജ്യത്തെ നാണം കെടുത്തി' എന്ന് ആക്രോശിച്ചു, പുലഭ്യം പറഞ്ഞു. ഒന്നും പ്രതികരിക്കാതെ എസ്കോബാര്‍ അതെല്ലാം കേട്ടുനിന്നു. ഇത് സംഘത്തെ കൂടുതല്‍ പ്രകോപിതരാക്കി. പുറത്ത് കാറിനടുത്തേക്ക് നടന്ന എസ്കോബാറിനെ സംഘം പിന്തുടര്‍ന്നു. പഴിയും ചീത്തവിളിയും തുടര്‍ന്നു.

'ഞാന്‍ ഒരു തെറ്റും ചെയ്തില്ല.. ചെയ്തിട്ടില്ല'; എല്ലാം കണ്ടും കേട്ടും സഹികെട്ട് എസ്കോബാര്‍ പറയുന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും അവര്‍ ചെവിക്കൊണ്ടില്ല. പൊടുന്നനെ പന്ത്രണ്ടുപേരില്‍ ഒരാള്‍ തോക്കെടുത്ത് എസ്കോബാറിനു നേരെ നിറയൊഴിച്ചു. പിന്നെയും പിന്നെയും വെടിയുതിര്‍ത്തു. ഒന്നിനു പിറകെ ഒന്നായി 12 ബുള്ളറ്റുകള്‍ എസ്കോബാറിന്റെ ശരീരത്തില്‍ തുളഞ്ഞുകയറി. അക്രമി ഒരോ തവണ വെടിയുതിര്‍ക്കുമ്പോഴും, ഗോള്‍... ഗോള്‍... ഗോള്‍ എന്ന് അലറി സംഘം ആവേശം കൊള്ളുന്നുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെടിയേറ്റയുടന്‍ തന്നെ എസ്കോബാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാവുന്ന അവസ്ഥയൊക്കെ അപ്പോഴേക്കും പിന്നിട്ടിരുന്നു. 27-ാം വയസില്‍ എസ്കോബാര്‍ ലോക ഫുട്ബോളിലെ ആദ്യ രക്തസാക്ഷിയായി.

പ്രതീക്ഷിച്ച ജയവും ലോകകപ്പ് സാധ്യതയുമാണ് ഒരു സെല്‍ഫ് ഗോളില്‍ കൊളംബിയയ്ക്ക് നഷ്ടമായത്. പക്ഷേ, ഒരു പിഴവിന്റെ പേരില്‍ എസ്കോബാറിന് നഷ്ടമായത് സ്വന്തം ജീവനായിരുന്നു. ദേശീയ കുപ്പായത്തിലും ക്ലബിലുമായി എസ്കോബാര്‍ നടത്തിയ പ്രകടനങ്ങളെയെല്ലാം റദ്ദ് ചെയ്തുകൊണ്ടാണ് അക്രമികള്‍ താരത്തിനു നേരെ നിറയൊഴിച്ചത്. കാരണം, ആ പന്ത്രണ്ട സംഘം കായികപ്രേമികള്‍ ആയിരുന്നില്ല. കൊളംബിയന്‍ മയക്കുമരുന്ന് മാഫിയയുടെ ഭാഗമായ ഗാലന്‍ ബ്രദേഴ്‌സാണ് എസ്‌കോയുടെ ജീവനെടുത്തത്. ഹംബര്‍ട്ടോ കാര്‍ലോസ് മുനോസ് എന്നയാളാണ് എസ്കോയ്ക്കുനേരെ വെടിയുതിര്‍ത്തത്. അറസ്റ്റിനും വിചാരണയ്ക്കുമൊടുവില്‍, 1994ല്‍ മുനോസിന് 43 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. എന്നാല്‍, 2005ല്‍ നല്ലനടപ്പിന്റെ പേരില്‍ മുനോസിനെ മോചിപ്പിച്ചു.

'ജീവിതം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല' എന്നായിരുന്നു സെല്‍ഫ് ഗോള്‍ തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച എസ്കോബാര്‍ പറഞ്ഞത്. ഇതേ തലക്കെട്ടില്‍ എല്‍ പൈസില്‍ എസ്കോബാര്‍ ഒരു ലേഖനവും എഴുതി. 'വിജയത്തില്‍ നാം ധീരന്മാരായിരിക്കണം... തോല്‍വിയില്‍ അതിലുമേറെ. പരസ്പര ബഹുമാനം നിലനില്‍ക്കട്ടെ. എല്ലാവര്‍ക്കും വലിയൊരു ഹഗ്. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അനുഭവിച്ചിട്ടില്ലാത്ത അസാധാരണവും, അപൂര്‍വവുമായൊരു അനുഭവമാണിതെന്ന് എല്ലാവരോടും പറയുവാന്‍ ആഗ്രഹിക്കുന്നു. വീണ്ടും കാണാം. കാരണം, ജീവിതം ഇവിടെ അവസാനിക്കുന്നില്ല' -എന്നിങ്ങനെയായിരുന്നു എസ്കോബാറിന്റെ വാക്കുകള്‍. സ്വഭാവികമായുണ്ടാകുന്ന നിരാശയും ആകുലതകളുമൊക്കെ മറികടന്ന് കളിക്കളത്തിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുമെന്ന വാക്കുകള്‍ക്ക് പക്ഷേ അധികായുസ് ഉണ്ടായില്ല. അതിനുമുന്‍പേ, എസ്കോബാറിനെ അവര്‍ വെടിവെച്ചിട്ടു. ഒന്നിനാലും ന്യായീകരിക്കാനാവാത്ത ഒരു തീര്‍പ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com