

റിയോ ഡി ജനീറോ: ബ്രസീലിയൻ ക്ലബ്ബായ സാൻ്റോസ് എഫ്‌സിയെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിച്ചതിന് പിന്നാലെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ അടുത്തിടെ കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ബ്രസീൽ ദേശീയ ടീമിൻ്റെ ഡോക്ടറായ റോഡ്രിഗോ ലാസ്മറിൻ്റെ നേതൃത്വത്തിലാണ് നെയ്മർ ആർത്രോസ്കോപിക് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
എന്നാൽ ലോകകപ്പ് ടീമിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷിച്ചിരിക്കുന്ന നെയ്മറിന് 2026 അവസാനം വരെ കരാർ നീട്ടി നൽകിയിരിക്കുകയാണ് ബ്രസീൽ ക്ലബ് സാൻ്റോസ് എഫ്‌സി. 2025 ജനുവരിയിലാണ് നെയ്മർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ നിന്ന് സാൻ്റോസിലെത്തിയത്.
തുടക്കത്തിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന നെയ്മർ സീസണിൻ്റെ അവസാനം ഉജ്ജ്വല ഫോമിലേക്ക് ഉയർന്നിരുന്നു. തൻ്റെ ബാല്യകാല ക്ലബ്ബിനെ ലീഗിലെ തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെടുത്തിയ നെയ്മർ അവസാന അഞ്ച് മത്സരങ്ങളിൽ അഞ്ച് ഗോളുകൾ നേടിയിരുന്നു.
"സാൻ്റോസ് എൻ്റെ സ്ഥലമാണ്. ഞാൻ ഇപ്പോൾ എൻ്റെ വീട്ടിലാണ്. ഇപ്പോഴും കാണാതെ പോകുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് നിങ്ങളോടൊപ്പമാണ്," നെയ്മർ പറഞ്ഞു. ബ്രസീലിയൻ ക്ലബ്ബിൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് നെയ്മറുടെ ഈ പ്രതികരണം.
2026 ലോകകപ്പിന് മുന്നോടിയായി ദേശീയ ടീമിൽ കളിക്കാൻ ലക്ഷ്യമിട്ടാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം പടിപടിയായി ഫിറ്റ്നസ് തിരിച്ചെടുക്കുകയും പിന്നാലെ ലോകകപ്പിനുള്ള ബ്രസീൽ ദേശീയ ടീമിൽ കളിക്കുകയുമാണ് നെയ്മറുടെ ലക്ഷ്യം.
2023 ഒക്ടോബറിൽ യുറുഗ്വേയ്‌ക്ക് എതിരായ മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റതിന് ശേഷം പിന്നീട് നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. നിലവിൽ 33കാരനായ നെയ്മർ പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ കളിക്കാൻ അവസരം കാത്തിരിക്കുകയാണ്.