"മൈതാനത്ത് ആണുങ്ങളെ പോലെ കളിച്ച് ജയിക്കൂ"; ലോക ഫുട്ബോളിൻ്റേയും ആഫ്രിക്കയുടെയും യശസ്സുയർത്തിയ സാദിയോ മാനെ

മാനെയുടെ നിലപാടായിരുന്നു ശരിയെന്ന് ഒടുവിൽ സെനഗൽ താരങ്ങളും തിരിച്ചറിഞ്ഞതോടെ 16 മിനിറ്റിന് ശേഷം ഫൈനൽ മത്സരം പുനരാരംഭിച്ചു.
SADIO MANE AFCON 2026 WINNER
രണ്ടാം ആഫ്‌കോൺ കിരീടനേട്ടം മതിമറന്ന് ആഘോഷിക്കുന്ന സെനഗൽ സൂപ്പർതാരം സാദിയോ മാനെSource: X/ Fabrizio Romano
Published on
Updated on

റാബത്ത്: ഫൈനലിൽ എക്സ്‌ട്രാ ടൈമിൻ്റെ അവസാന വിസിൽ മുഴങ്ങും വരെയും അത്യന്തം നാടകീയതകൾ നിറഞ്ഞതായിരുന്നു ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൻ്റെ കലാശപ്പോരാട്ടം. ആഫ്രിക്കൻ ഫുട്ബോളിലെ കരുത്തരായ മൊറോക്കോയും സെനഗലും ഏറ്റുമുട്ടുമ്പോൾ കടുത്ത പോരാട്ടത്തിൽ കുറഞ്ഞതൊന്നും ഫുട്ബോൾ ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.

മൊറോക്കോയുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരമായതിനാൽ ഫെയർ പ്ലേ നടക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഫൈനലിന് മുമ്പേ തന്നെ സെനഗൽ ഫുട്ബോൾ ഫെഡറേഷൻ ഒരു വെടി പൊട്ടിച്ചിരുന്നു. അതിനാൽ തന്നെ കടുത്ത മാനസിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സെനഗൽ ടീം മത്സരിക്കാനെത്തിയത്. വിമാനത്തിന് പകരം സെനഗൽ താരങ്ങളെ ട്രെയിനിൽ യാത്ര ചെയ്യിപ്പിച്ചും, പരിശീലന ഗ്രൗണ്ട് വിട്ടുനൽകാൻ താമസിപ്പിച്ചും, മോശം ഹോട്ടലിൽ താമസ സൗകര്യം ഒരുക്കിയുമെല്ലാം മാനസികമായി തളർത്താൻ സംഘാടകരായ മൊറോക്കോ അധികൃതർ ശ്രമിച്ചിരുന്നു. ഇതിലെല്ലാം കടുത്ത നിരാശയും രോഷവും പരസ്യമാക്കി തന്നെയാണ് സെനഗൽ ടീം ഫൈനൽ കളിക്കാനെത്തിയത്.

ആഫ്‌കോൺ ഫൈനലിൻ്റെ അധികസമയം 98 മിനിറ്റായി കാണും. സ്കോർ ബോർഡ് 1-0, 94ാം മിനിറ്റിൽ പെ ഗുയെയി നേടിയ ഒരു ഗോളിൻ്റെ ബലത്തിൽ സെനഗലാണ് മത്സരത്തിൽ ഇപ്പോൾ ലീഡ് ചെയ്യുന്നത്. സമനില ഗോൾ കണ്ടെത്താനായി മൊറോക്കോ താരങ്ങൾ സെനഗൽ ഗോൾമുഖത്തേക്ക് നിരന്തരം ആക്രമണങ്ങൾ കടുപ്പിക്കുകയാണ്.

മൊറോക്കൻ സ്ട്രൈക്കർ ബ്രാഹിം ഡയസ് ഗോൾ പോസ്റ്റിന് മുന്നിൽ നടത്തിയൊരു മിന്നൽ നീക്കത്തിനിടെ സെനഗൽ ഡിഫൻഡർ എൽഹാദ്ജി മലിക്ക് ദിയോഫ് അയാളെ ഫൗൾ ചെയ്യുന്നു. പിന്നാലെ റഫറി മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി കിക്ക് അനുവദിക്കുകയാണ്. അതോടെ ഫൈനൽ മത്സരത്തിൻ്റെ രംഗമാകെ വഷളാവുകയാണ്. റഫറിയുടെ തീരുമാനത്തിനെതിരെ സെനഗൽ താരങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

Sadio Mané

ഫൈനലിൽ ഫെയർ പ്ലേ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ സെനഗൽ മാനേജ്മെൻ്റ് ആശങ്ക പ്രകടമാക്കിയത് കൊണ്ട് ഈ സംഭവത്തിൽ റഫറിയുടെ ഭാഗത്ത് നിന്നുണ്ടായത് പിഴവാണെന്നും അവർ മൊറോക്കോയ്ക്ക് അനുകൂലമായി നിന്ന് മത്സരം അട്ടിമറിക്കുകയുമാണെന്ന ഉറച്ച നിലപാടിലായിരുന്നു സെനഗൽ കോച്ച്.

തൊട്ടുപിന്നാലെ സെനഗൽ ഹെഡ് കോച്ച് പാപെ തിയാവ് സെനഗൽ താരങ്ങളോട് മത്സരം ബഹിഷ്ക്കരിക്കാൻ നിർദേശം നൽകുകയും ഡ്രസിങ് റൂമിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. താരങ്ങളിൽ ചിലർ മടങ്ങുകയും ചെയ്തു.

ഒറ്റയാനെ പോലെ മൈതാനത്ത് നിലയുറപ്പിച്ച് മാനെ

എന്നാൽ സെനഗൽ ടീമിലെ സൂപ്പർതാരമായ സാദിയോ മാനെ മാത്രം ഗ്രൗണ്ടിൽ തന്നെ നിലയുറപ്പിച്ചു. സഹതാരങ്ങളോടും കോച്ചിനോടും തിരികെ വരാനും മത്സരം പുനരാരംഭിക്കാനും മാനെ അഭ്യർഥിച്ചു. "നമുക്ക് ആണുങ്ങളെ പോലെ കളിച്ച് ജയിക്കാം, കിരീടം നേടാം, ഇങ്ങനെ പിന്മാറുന്നത് ഉചിതമല്ല," എന്നാണ് മാനെ ടീമംഗങ്ങളോട് പറഞ്ഞത്. കോച്ചിൻ്റെ ആഹ്വാനത്തേക്കാൾ മാനെയുടെ നിലപാടായിരുന്നു ശരിയെന്ന് ഒടുവിൽ സെനഗൽ താരങ്ങളും തിരിച്ചറിഞ്ഞതോടെ 16 മിനിറ്റിന് ശേഷം മത്സരം പുനരാരംഭിച്ചു.

കിക്കെടുത്ത ബ്രാഹിം ഡയസിന് പിഴച്ചു. പനെങ്ക കിക്കാണ് മൊറോക്കൻ താരം ട്രൈ ചെയ്തത്. എന്നാൽ സമചിത്തത കൈവിടാതിരുന്ന സെനഗൽ ഗോളി എഡ്വേർഡ് മെൻഡിയുടെ കൈകളിലേക്കായിരുന്നു പന്ത് നേരെ വന്നു നിന്നത്. സ്കോർ സെനഗൽ 1 - മൊറോക്കോ 0. പിന്നീട് ഫൈനൽ വിസിൽ മുഴങ്ങും വരെയും സ്കോർ ബോർഡിലെ നിർണായക ലീഡ് തുടരാൻ സെനഗൽ ഡിഫൻഡർമാർ പൊരുതി നിന്നു. അഷ്റഫ് ഹക്കീമിക്കും സംഘത്തിനും സെനഗൽ പ്രതിരോധപ്പൂട്ട് തകർക്കാനായില്ല. ഒടുവിൽ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സെനഗൽ താരങ്ങളെല്ലാം ആനന്ദകണ്ണീരിൽ മുങ്ങിയിരുന്നു. ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന് രണ്ട് കൈകൾ കൊണ്ടും മുഷ്ടി ചുരുട്ടി സാദിയോ മാനെ അത്യാഹ്ളാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ക്യാമറകൾ ഒപ്പിയെടുത്തു.

Afcon Final

മാനെയുടെ അവസാന 'ആഫ്‌കോൺ'

കരിയറിലെ അവസാനത്തെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ടൂർണമെൻ്റിൽ കിരീടവുമായി മടങ്ങാനായെന്ന ചാരിതാർഥ്യവുമായാണ് സാദിയോ മാനെ ഇന്നലെ റാബത്തിലെ പുൽമൈതാനം വിട്ടത്. ട്രോഫി സ്വീകരിക്കും മുൻപേ ക്യാപ്റ്റൻ്റെ ആം ബാൻഡ് സഹതാരങ്ങൾ മാനെയ്ക്ക് നേരെയാണ് നീട്ടിനൽകിയത്. ട്രോഫി ഏറ്റുവാങ്ങിയ സെനഗൽ ടീം ക്യാപ്റ്റൻ ആദ്യം ട്രോഫി കൈമാറിയത് മാനെയുടെ കൈകളിലേക്കായിരുന്നു. ആഫ്രിക്കൻ ഫുട്ബോളിൻ്റെയാകെ അംബാസിഡറായി മാനെ ആഫ്‌കോൺ കിരീടം ഏറ്റുവാങ്ങിയപ്പോൾ അത് ആ ഇതിഹാസ താരത്തിനുള്ള ഉചിതമായ യാത്രയയപ്പ് കൂടിയായി മാറി.

മത്സര ശേഷം ഫൈനലിലെ വിവാദ നിമിഷങ്ങളെ കുറിച്ചും സാദിയോ മാനെ മനസ് തുറന്നു. "ഫുട്ബോൾ സവിശേഷമായ ഒന്നാണ്, ലോകം അത് നോക്കിക്കാണുകയായിരുന്നു. ലോകം ഫുട്ബോളിനെ സ്നേഹിക്കുന്നു, അതൊരു സന്തോഷമാണെന്ന് ഞാൻ കരുതുന്നു. അതിനാൽ ഫുട്ബോളിന് ഒരു നല്ല പ്രതിച്ഛായ നൽകാൻ നമുക്ക് കഴിയണം. മാച്ച് തുടരാതിരിക്കുന്നത് മോശം തീരുമാനമായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. കാരണം എന്താണ്, റഫറി ഒരു പെനാൽറ്റി നൽകിയതു കൊണ്ട് നമ്മൾ കളി നിർത്തി പോകുകയോ? അത് ഏറ്റവും മോശം പ്രവൃത്തിയാണ്, പ്രത്യേകിച്ച് ആഫ്രിക്കൻ ഫുട്ബോളിൽ. നമ്മുടെ ഫുട്ബോളിന് അത്തരമൊരു കാര്യം സംഭവിക്കുന്നതിനേക്കാൾ... ആ മത്സരം തോൽക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു," സാദിയോ മാനെ പറഞ്ഞു.

"മാച്ച് ബഹിഷ്ക്കരിക്കാനുള്ള സെനഗൽ താരങ്ങളുടെ തീരുമാനം ശരിക്കും മോശമാണെന്ന് ഞാൻ കരുതുന്നു. ഫുട്ബോൾ പത്ത് മിനിറ്റ് നേരത്തേക്ക് പോലും തടസ്സപ്പെടാൻ പാടില്ല. പക്ഷേ നമുക്ക് എന്തുചെയ്യാൻ കഴിയും? സംഭവിച്ച കാര്യങ്ങൾ നമുക്ക് അംഗീകരിച്ചേ മതിയാകൂ. അതിൽ പോസിറ്റീവായ കാര്യം എന്തെന്നാൽ, ടീമംഗങ്ങൾ ഉടനെ തന്നെ മടങ്ങിവരികയും കളി തുടരുകയും ചെയ്തു എന്നതാണ്. സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു," മാനെ കൂട്ടിച്ചേർത്തു.

ഫുട്ബോളിൻ്റെ അംബാസഡറെന്ന് പ്രശംസ

മാച്ച് ബഹിഷ്ക്കരിക്കാനുള്ള ടീമംഗങ്ങളുടെ തീരുമാനം പിൻവലിപ്പിച്ച പ്രവൃത്തിയിലൂടെ സാദിയോ മാനെ ലോക ഫുട്ബോളിൻ്റെ തന്നെ അംബാസഡറായി മാറുകയാണ് ചെയ്തതെന്ന് മുൻ നൈജീരിയൻ സ്ട്രൈക്കറായ ഡാനിയൽ അമോക്കാച്ചി പ്രശംസിച്ചു.

"തൻ്റെ ടീമിനെ തിരികെ കൊണ്ടുവരാൻ മാനെ അങ്ങേയറ്റം പരിശ്രമിച്ചു, അത് ഫലം കാണുകയും ചെയ്തു. ഫുട്ബോളിൻ്റെ എത്ര മികച്ചൊരു അംബാസഡറാണ് അദ്ദേഹം. മൈതാനത്തിന് പുറത്ത് അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണെന്ന് നമുക്കറിയാം. ഫുട്ബോൾ എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം," ഡാനിയൽ അമോക്കാച്ചി പറഞ്ഞു.

Sadio Mane

എത്ര മഹാനായ കളിക്കാരനാണ് സാദിയോ മാനെ എന്നതാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് മുൻ മൊറോക്കൻ താരമായ ഹസൻ കഷ്‌ലൂൽ പ്രശംസിച്ചു. "ആഫ്രിക്കൻ ഫുട്ബോളിനും ലോക ഫുട്ബോളിനും ആകെ നഷ്ടം സംഭവിക്കുമായിരുന്ന നിമിഷമായിരുന്നു അത്. എന്നാൽ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഏക സെനഗൽ താരം സാദിയോ മാനെ മാത്രമായിരുന്നു എന്നതാണ്. എത്ര മഹാനായ കളിക്കാരനാണ് സാദിയോ മാനെ എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്. സഹതാരങ്ങളെ തിരികെ കൊണ്ടുവരാൻ മാനെയ്ക്ക് സാധിച്ചത് വലിയ കാര്യമാണ്," ഹസൻ കഷ്‌ലൂൽ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com