
സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. രാത്രി ഏഴരയ്ക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ വെച്ച് മലപ്പുറം എഫ്‌സി, തൃശൂര്‍ മാജിക് എഫ്സിയെ നേരിടും. കഴിഞ്ഞ സീസണില്‍ മികച്ച തുടക്കം ലഭിച്ചിട്ടും സെമി കാണാതെയാണ് മലപ്പുറം എഫ്‌സി പുറത്തായത്. മധ്യനിരയിലെ പിഴവും അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പോയ മുന്നേറ്റ നിരയുമായിരുന്നു ക്ലബ്ബിന് തിരിച്ചടിയായത്.
പുതിയ സീസണിലേക്കെത്തുമ്പോള്‍ രണ്ടും കല്‍പിച്ചാണ് ടീം മാനേജ്‌മെന്റ്. കഴിഞ്ഞ സീസണിലെ രണ്ടു താരങ്ങളെ മാത്രമാണ് ഇത്തവണ നിലനിര്‍ത്തിയത്. മുന്നേറ്റത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐഎസ്എല്ലിലെ ഗോളടിയന്ത്രം റോയ് കൃഷ്ണയെ സ്വന്തമാക്കി... യുവനിരയാണ് മലപ്പുറത്തിന്റെ കരുത്ത്. ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത് 34 വയസുകാരന്‍ സ്പാനിഷ് പരിശീലകന്‍ മിഗ്വേല്‍ കോറല്‍ ടൊറൈറ.
കഴിഞ്ഞ വര്‍ഷത്തെ എല്ലാ കണക്കുകളും വീട്ടാനാണ് ഇപ്പ്രാവശ്യം തൃശൂര്‍ എത്തുന്നത്. അനുഭവസമ്പത്തും യുവരക്തങ്ങളും ഒരുമിക്കുന്ന ടീം. തന്ത്രങ്ങള്‍ മെനയാന്‍ ഐഎസ്എല്‍ പരിശീലകനായിരുന്ന റഷ്യന്‍ കോച്ച് ആന്ദ്രെ ചെര്‍ണിഷോവിനെ ടീമിലെത്തിച്ചിട്ടുണ്ട് തൃശൂര്‍. ഐഎസ്എല്‍ താരം സുമിത് രാതിയുള്‍പ്പെടെ വമ്പന്‍ താരങ്ങളെയാണ് തൃശൂര്‍ അണിനിര്‍ത്തിയിരിക്കുന്നത്. ചരിത്രം പേറുന്ന പയ്യനാട്ടിലെ സ്റ്റേഡിയത്തില്‍ കളി കാര്യമാവും.