

ധാക്ക: ആവേശകരമായ ഫൈനലിൽ പാകിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ പത്താം സാഫ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ടു. ശാരീരിക മികവിലും സാങ്കേതിക മികവിലും മുന്നിട്ടുനിന്ന പാകിസ്ഥാനായിരുന്നു കളിയിൽ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ച അവർ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലീഡ് നേടി. ജുനൈദ് ഷായുടെ ക്രോസിൽ നിന്ന് പന്ത് ലഭിച്ച അലംഗീർ ഗാസി പെനാൽറ്റി ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് മനോഹരമായി വളച്ചടിച്ച് ഇന്ത്യൻ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖിനെ മറികടന്ന് വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാനിറങ്ങിയ ഇന്ത്യ കൂടുതൽ ആക്രമണോത്സുകത കാട്ടി. പകരക്കാരനായി ഇറങ്ങിയ മക്കാർട്ടൻ നിക്‌സൺ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചു. മക്കാർട്ടന്റെ പാസിൽ വിഷ്ണു പി.വിക്ക് ലഭിച്ച അവസരങ്ങളും നിഖിൽ പ്രഭുവിന്റെ ലോങ്ബോളിൽ നിന്നുള്ള അവസരവും ഗോളാക്കാനായില്ല. 61ആം മിനിറ്റിൽ ബ്രിസൺ ഫെർണാണ്ടസിനെതിരെ അപകടകരമായ ടാക്കിളിന് മുതിർന്ന ജുനൈദ് ഷായാണ് മത്സരത്തിലെ നിർണായക വഴിത്തിരിവിന് കാരണമായത്. റഫറി ആദ്യം ഫ്രീകിക്ക് മാത്രം അനുവദിച്ചെങ്കിലും വാർ പരിശോധനയ്ക്കുശേഷം ജുനൈദിന് ചുവപ്പുകാർഡ് നൽകി. ഇതോടെ പാകിസ്ഥാൻ പത്ത് പേരായി ചുരുങ്ങി.
ചുവപ്പുകാർഡിന് പിന്നാലെ ലഭിച്ച അവസരത്തിൽ ഇന്ത്യ സമനില പിടിച്ചു. ലുങ്ഡിമിന്റെ ക്രോസ് മക്കാർട്ടനിൽ തട്ടി സുഹൈൽ അഹമ്മദ് ഭട്ടിന്റെ കാലിലെത്തി. പിഴവുകളില്ലാത്ത ഫിനിഷിലൂടെ സുഹൈൽ പന്ത് വലയിലെത്തിച്ചു. ടൂർണമെന്റിലെ താരത്തിന്റെ നാലാമത്തെ ഗോളായിരുന്നു ഇത്. തുടർന്ന് പന്തടക്കത്തിൽ ആധിപത്യം പുലർത്തിയ ഇന്ത്യയ്ക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കാനായില്ല.
എന്നാൽ 88ആം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന് സന്ദീപ് മണ്ഡി നേടിയ ഹെഡർ ഇന്ത്യയുടെ വിജയഗോളായി. അബ്ദുൽ റബീഹിന്റെ കോർണറിൽ നിന്നുള്ള പന്ത് നിലത്തുതട്ടി പോസ്റ്റിലിടിച്ച് വലയിലെത്തുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ലീഡ് കാത്തുസൂക്ഷിച്ച ഇന്ത്യ ഫൈനൽ വിസിലോടെ പത്താം സാഫ് കിരീടം ആഘോഷിച്ചു. പിറകിൽ നിന്ന് തിരിച്ചടിച്ചുള്ള വിജയം ഇന്ത്യൻ ഫുട്ബോളിന് ഊർജമേകും.