
അനന്തമായ കാത്തിരിപ്പിന്റെ വിരസതയവസാനിപ്പിച്ച് ചാംപ്യാന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഒപ്പം ഒരല്‍പ്പം സവിശേഷതകളും. ഇന്റര്‍ മിലാനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് പിഎസ്ജിയുടെ ആധികാരിക വിജയം.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഫൈനല്‍ പോരാട്ടത്തിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷിയായത്. അലയന്‍സ് അറീനയില്‍ തടിച്ചുകൂടിയ ആയിരകണക്കിന് ആരാധകരെ സാക്ഷിയാക്കി പാരീസ് സെയ്ന്റ്‌റ് ജര്‍മന്‍ ക്ലബ് അവരുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു.
പന്ത്രണ്ടാം മിനിറ്റില്‍ അഷ്റഫ് ഹക്കിമിയിലൂടെയായിരുന്നു പിഎസ്ജിയുടെ മുന്നേറ്റം. യൂറോപ്യന്‍ കപ്പ് ഫൈനലില്‍ തന്റെ മുന്‍ ക്ലബിനെതിരെ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായി ഹക്കിമി മാറി. പക്ഷെ, കളിയിലെ യഥാര്‍ഥ താരം 19 കാരനായ ഡെസിറെ ഡുയെ ആണ്. ചരിത്രയാത്രയ്ക്കുള്ള തന്റെ സംഭവനയെന്തെന്ന് പില്‍ക്കാലത്ത് ആരാധകര്‍ക്ക് പാടിപുകഴ്ത്താന്‍ മിന്നും പ്രകടനമാണ് യുവതാരം കാഴ്ചവെച്ചത്.
20 ആം മിനുട്ടിലും 63 ആം മിനുട്ടിലും ഗോള്‍നേട്ടം. ഇരട്ട ഗോള്‍ നേട്ടത്തോടൊപ്പം ഗാരത് ബെയിലിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ മത്സരത്തില്‍ ഒന്നിലധികം ഗോള്‍ നേടുന്ന താരമെന്ന നേട്ടവും താരം സ്വന്തം പേരിലെഴുതി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സ്‌കോര്‍ ചെയ്യുകയും അസ്സിസ്‌റ് ചെയ്യുകയും ചെയ്യുന്ന പ്രായം കുറഞ്ഞ താരം എന്ന ഖ്യാതിയും ഡുയെ സ്വന്തമാക്കി.
73 ആം മിനുട്ടില്‍ ഖ്വിച്ച ക്വര്‌സഖേലിയും 87 ആം മിനുട്ടില്‍ മയുളുവും ലക്ഷ്യം കണ്ടതോടെ പിഎസ്ജിയുടെ ഗോള്‍ വേട്ട പൂര്‍ണമായി. വേഗതയും കൃത്യതയും ആയുധമാക്കി പിഎസ്ജി നടത്തിയ വേട്ടയില്‍ ഒരു മറുപടി ഗോള്‍ പോലുമില്ലാതെ ഇന്റര്‍ മിലാന്‍ നിലംപരിശായി.
പിഎസ്ജിയുടെ കിരീട നേട്ടത്തിന് പിന്നാലെ ഈഫല്‍ ടവറില്‍ സന്തോഷ സൂചകമായി നീലയും ചുവപ്പും ലൈറ്റുകള്‍ തെളിയിച്ചു.
2005 ജൂണ്‍ 3 ന് ജനിച്ച ഡുയെയുടെ ഇരുപതാം പിറന്നാളാണ് ചൊവ്വാഴ്ച. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ മെയ്ന്‍, ലോയര്‍ നദികളുടെ സംഗമസ്ഥാനത്തിനടുത്തുള്ള ആഞ്ചേഴ്സിലാണ് ഡുയെയുടെ സ്ഥലം. ഐവറിയന്‍-ഫ്രഞ്ച് മാതാപിതാക്കളുടെ മകനായ ഡുയെയ്ക്ക് ഐവറിയന്‍, ഫ്രഞ്ച് പൗരത്വമുണ്ട്. ഡുയെയുടെ സഹോദരന്‍ ഗുയേല ഡുയെ ലീഗ് 1 ടീമായ സ്ട്രാസ്ബര്‍ഗിനും ഐവറി കോസ്റ്റിനും വേണ്ടി കളിക്കുകയാണ്.
കാല്‍പന്ത് കളിയില്‍ എല്ലാ യുവാക്കളേയും പോലെ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് ഡുയേയുടെയും ഇന്‍സ്പിരേഷന്‍ എങ്കിലും ഒരല്‍പം ആരാധന കൂടുതല്‍ നെയ്മറോടാണ്. നെയ്മറിന്റെ കളിയാണ് താന്‍ കൂടുതല്‍ കണ്ടതെന്ന് പറയാന്‍ ഡുയെയ്ക്ക് മടിയില്ല. മൂന്നു പേര്‍ക്കും സ്വന്തമായ ശൈലിയുണ്ടെങ്കിലും കുട്ടിക്കാലം തൊട്ട് നെയ്മറാണ് തന്റെ ഫേവറേറ്റ് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഡുയെ പറഞ്ഞിരുന്നു. കുട്ടിയായിരുന്നപ്പോള്‍ നെയ്മറിന്റെ ചലനങ്ങള്‍ അനുകരിക്കാനായിരുന്നു ശ്രമിച്ചതെങ്കിലും ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ മനസ്സ് പറയുന്നതിനനുസരിച്ചാണ് മൂവ്‌മെന്റ്‌സ് എന്നും ഡുയെ പറയുന്നു.
റൊണാള്‍ഡോയ്‌ക്കൊപ്പം
നീണ്ട കാത്തിരിപ്പിനൊടുവില്‍ പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ പിറന്നത് ഒരുപിടി റെക്കോര്‍ഡാണ്. ഒപ്പം ഡുയെയും. ഡുയെയുടെ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഇന്റര്‍മിലാനെ ദയനീയ തോല്‍വിയിലേക്ക് തള്ളിവിടുന്നതില്‍ നിര്‍ണായകമായത്. ഡുയെയുടെ കൃത്യസമയത്തെ അസിസ്റ്റാണ് മുന്‍ ക്ലബ്ബിനെതിരെ പന്ത്രണ്ടാം മിനിറ്റില്‍ ഗോള്‍ തൊടുക്കാന്‍ ഹക്കീമിയെ സഹായിച്ചത്. ആദ്യ പകുതിയിലെ ആ തകര്‍പ്പന്‍ പ്രകടനത്തോടെ, ചാമ്പ്യന്‍സ് ലീഗിലെ നീണ്ടുനിന്ന റെക്കോര്‍ഡുകളില്‍ ഒന്ന് ഡുയെ തകര്‍ത്തു. ഫൈനലില്‍ ഗോളും അസിസ്റ്റും നല്‍കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ഒന്നില്‍ കൂടുതല്‍ ഇതിഹാസങ്ങളുടെ പേര് മായ്ച്ചാണ് ഡുയെ സ്വന്തം പേര് എഴുതിച്ചേര്‍ത്തത്. മുമ്പ്, യൂറോപ്യന്‍ കപ്പ് ഫൈനലില്‍ രണ്ട് കൗമാരക്കാര്‍ മാത്രമേ ഗോള്‍ കണ്ടെത്തിയിട്ടുള്ളൂ: 1995-ല്‍ അജാക്‌സിനായി പാട്രിക് ക്ലൂയിവര്‍ട്ട്, 2004-ല്‍ പോര്‍ട്ടോയ്ക്കായി കാര്‍ലോസ് ആല്‍ബെര്‍ട്ടോ.
ഇതുകൊണ്ടും ഡുയെ അവസാനിപ്പിച്ചില്ല, ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നേരിട്ട് രണ്ട് ഗോളുകള്‍ നേടിയ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ഡുയെ സ്വന്തം പേര് എഴുതിച്ചേര്‍ത്തു. 2014 ല്‍ ലിസ്ബണില്‍ റയല്‍ മാഡ്രിഡ് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയപ്പോള്‍ റൊണാള്‍ഡോ സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് ഡുയെ എത്തിയത്.
ഫൈനലിലെ മിന്നും പ്രകടനത്തിന് മുമ്പു വരെ ഇങ്ങനെയൊരു താരത്തെ അധികമാരും ശ്രദ്ധിച്ചു കാണില്ല. സീസണില്‍ പലപ്പോഴും ബെഞ്ചിലും സബ്‌സ്റ്റിറ്റിയൂട്ടുമായി ഒതുങ്ങി നിന്ന താരത്തിന്റെ പൂര്‍ണ പ്രഭാവമാണ് ചാംപ്യാന്‍സ് ലീഗ് ഫൈനലില്‍ ഫുട്‌ബോള്‍ ലോകം കണ്ടത്.