
മാഡ്രിഡ്: ചാംപ്യൻസ് ലീഗിൽ വമ്പൻമാർക്ക് ജയത്തുടർച്ച നേടാനായപ്പോൾ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. ഖൈറാത്തിനെ അഞ്ച് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്. മത്സരത്തിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ (25, 52, 73) ഹാട്രിക്കുമായി തിളങ്ങി. കാമവിംഗയും (83) ബ്രാഹിം ഡയസുമാണ് (90+3) മറ്റു സ്കോറർമാർ.
ബയേൺ മ്യൂണിക്ക് , ചെൽസി, അത്‍ലറ്റിക്കോ മാഡ്രിഡ് ടീമുകൾ ജയം നേടിയപ്പോൾ, കരുത്തരായ ലിവർപൂളിനെ വീഴ്ത്തി തുർക്കിഷ് ക്ലബ് ഗളത്സരെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി.
ബെൻഫിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി മറികടന്നത്. റിച്ചാർഡ് റിയോസിൻ്റെ (18) സെൽഫ് ഗോളിലാണ് ബെൻഫിക്കയ്ക്ക് അടിപതറിയത്. ജോവോ പെഡ്രോയ്ക്ക് ചുവപ്പുകാർഡും ലഭിച്ചു.
പഫോസിനെ 5-1ന് നിഷ്പ്രഭരാക്കിയാണ് ബയേൺ മ്യൂണിക്കിൻ്റെ കുതിപ്പ്. ഹാരി കെയ്ൻ (15, 34) ഇരട്ട ഗോളുകളുമായി തിളങ്ങി. റാഫേൽ ഗറെയ്റോ (20), നിക്കൊളാസ് ജാക്സൺ (31), മൈക്കൽ ഒലിസെ (68) എന്നിവരാണ് ഗോൾവേട്ടക്കാർ.
ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 5-1ന് തകർത്താണ് അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ മുന്നേറ്റം. ജൂലിയൻ അൽവാരസും ഗ്രീസ്മാനും സിമിയോണിയും അവർക്കായി ഗോൾവല കുലുക്കി.
അതേസമയം, ഇന്ന് രാത്രി നടക്കുന്ന ചാംപ്യൻസ് ലീഗ് പോരാട്ടങ്ങളിൽ ഇന്ന് ബാഴ്സലോണ-പിഎസ്ജി സൂപ്പർ പോരാട്ടത്തിന് കാത്തിരിപ്പാണ് ഫുട്ബോൾ ആരാധകർ. മത്സരം ബാഴ്സയുടെ മൈതാനത്ത് വെച്ചാണ് നടക്കുക. മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സനലിനും യുവൻ്റസിനും ഇന്ന് മത്സരങ്ങളുണ്ട്.