

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ചെല്‍സിയെ നേരിടുമ്പോള്‍ നോക്കൗട്ട് റൗണ്ടില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ് പോരാട്ടം ഇന്ന് നടക്കും. കൊണ്ടും കൊടുത്തുമാണ് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ചാംപ്യന്‍സ് ലീഗില്‍ അവിശ്വസനീയ തിരിച്ചുവരവ് റയല്‍ നടത്തിയതും സിറ്റിക്കെതിരെ സ്വന്തം മണ്ണിലാണ്. എന്നാല്‍ റയലിന് ഇക്കുറി പരിക്കിനോടും പടവെട്ടണം. എംബാപ്പേയും റോഡ്രിഗോയും ബെല്ലിങ്ങാമും അടക്കം 8 താരങ്ങള്‍ പരിക്കേറ്റ് പുറത്താണ്. കരുത്തരായ സംഘവുമായി എത്തുന്ന സിറ്റി റയലിനെ അവരുടെ മണ്ണില്‍ വീഴ്ത്തി മുന്‍തൂക്കം നേടാനാണ് എത്തുന്നത്.
നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി സ്വന്തം തട്ടകത്തില്‍ ചെല്‍സിയെ നേരിടുമ്പോള്‍ ക്ലബ്ബ് ലോകകപ്പ് ഫൈനലിന്റെ കണക്ക് തീര്‍ക്കാനുണ്ട് ഫ്രഞ്ച് പടയ്ക്ക്. പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തിയ ചെല്‍സി, ലീഡുമായി ലണ്ടനിലേക്ക് മടങ്ങാനാണ് എത്തുന്നത്.
പ്രീമിയര്‍ ലീഗ് ടേബിള്‍ ടോപ്പേഴ്സായ ആഴ്സനലിന് ലെവര്‍ക്കൂസനാണ് എതിരാളികള്‍. മിന്നും ഫോമിലുള്ള പീരങ്കിപ്പടയ്ക്ക് ലെവര്‍ക്കൂസന്‍ തടയിടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പോരാട്ടവീര്യവും കളിയഴകും കൊണ്ട് ഇതിനോടകം ശ്രദ്ധപിടിച്ചു പറ്റിയ ബോഡോയ്ക്ക് സ്‌പോര്‍ട്ടിങ് എസ്പിയാണ് എതിരാളികള്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബോഡോ പോര്‍ച്ചുഗീസ് ക്ലബിന് കടുത്ത വെല്ലുവിളിയാണ്. ആദ്യ പാദ പോരാട്ടങ്ങള്‍ക്ക് ശേഷം രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ച് 17ന് ആരംഭിക്കും. മെയ് 30നാണ് യൂറോപ്യന്റെ ചാംപ്യനെ അറിയുന്ന ഫൈനല്‍.