
യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്‍മാരെ ഇന്നറിയാം. ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ സ്‌പെയ്ന്‍ മുൻ ചാംപ്യന്മാരായ പോര്‍ച്ചുഗലിനെ നേരിടും. ഇന്ന് രാത്രി 12.30നാണ് മത്സരം. കിരീട പോരിനപ്പുറം ഇന്നത്തെ മത്സരത്തിൽ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ലാമിൻ യമാൽ പോരാട്ടത്തിനാണ്. ഇതാദ്യമായാണ് ഇരുവരും ഫുട്ബോൾ മൈതാനിയിൽ നേർക്കുനേർ വരുന്നത്.
17കാരൻ്റെ ചുറുചുറുക്കുമായി യമാൽ എത്തുമ്പോൾ, നാൽപതുകാരൻ്റെ പരിചയ സമ്പത്തുമായാണ് ഇതിഹാസം താരം റൊണാൾഡോ ഇറങ്ങുന്നത്. ലിയോണൽ മെസ്സിയുടെ പിൻഗാമി എന്ന് വിശേഷിപ്പിക്കപ്പെട്ട യമാലിന്, ഒരിക്കൽ കൂടി വിസ്മയം തീർക്കാനുള്ള അവസരമാണിത്. അതും ഇതിഹാസം താരം റൊണാൾഡോയെ സാക്ഷിയാക്കി.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിജയഗോളിൽ ആതിഥേയരായ ജർമ്മനിയെ വീഴ്ത്തിയാണ് പോർച്ചുഗൽ ഫൈനലിലെത്തിയത്. അടിയും തിരിച്ചടികളും നിറഞ്ഞ ത്രില്ലർ പോരാട്ടത്തിൽ ഫ്രാൻസിനെ മറികടന്നാണ് സ്പെയിനിൻ്റെ ഫൈനൽ പ്രവേശനം. യുവതാരങ്ങളുടെ മികവിലാണ് സ്പാനിഷ് പടയുടെ കുതിപ്പെങ്കിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ എന്നിവരുടെ പരിചയസമ്പത്താണ് പറങ്കിപടയുടെ കരുത്ത്. നേർക്കുനേർ പോരിൽ സ്പാനിഷ് പടയ്ക്കാണ് അധിപത്യം.
ചരിത്ര നേട്ടമാണ് ഫൈനലിൽ ഇതിഹാസം താരത്തെ കാത്തിരിക്കുന്നത്. സ്പാനിഷ് പടയെ വീഴ്ത്തിയാൽ, രണ്ട് നേഷൻസ് ലീഗ് കിരീടം നേടുന്ന ആദ്യ നായകൻ എന്ന ഖ്യാതിയും റൊണാൾഡോയ്ക്ക് സ്വന്തമാക്കാം. തൻ്റെ കാലം കഴിഞ്ഞെന്ന് വിമർശിച്ചവർക്ക് കിരീടത്തോടെ മറുപടി നൽകാനാണ് റൊണാൾഡോ ഇറങ്ങുക.