
യുവേഫ നേഷൻസ് ലീഗിലെ ആദ്യ സെമിയിൽ ഇന്ന് യൂറോപ്പിലെ കരുത്തരുടെ പോരാട്ടം. യുവേഫ നേഷൻസ് ലീഗ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കോച്ച് റോബർട്ടോ മാർട്ടിനസ് ഒരുക്കിയെടുത്ത പോർച്ചുഗീസ് പടയ്ക്ക്, ജൂലിയൻ നഗെൽസ്മാൻ പരിശീലിപ്പിച്ചെടുത്ത ജർമൻ യുവനിരയാണ് എതിരാളികൾ. മ്യൂണിച്ചിലെ അലൈൻസ് അരീനയിൽ രാത്രി 12.30നാണ് സൂപ്പർ പോരാട്ടം.
ബുധനാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് ആരംഭിക്കുന്ന മത്സരത്തിന് വീറും വാശിയും കൂടുമെന്നുറപ്പാണ്. വ്യാഴാഴ്ച രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമിയിൽ ലാമിൽ യമാലിൻ്റെ സ്പെയിനും എംബാപ്പെയും ഫ്രാൻസും തമ്മിലേറ്റു മുട്ടും.
ജൂൺ 7ന് ശനിയാഴ്ച വൈകിട്ട് 6.30നാണ് മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടം. ജൂൺ 8ന് രാത്രി 12.30നാണ് ആവേശ ഫൈനൽ. ഇന്ത്യയിൽ സോണി സ്പോർട്സ് നെറ്റ്‌വർക്കാണ് നേഷൻസ് ലീഗിൻ്റെ ആവേശം ടെലിവിഷനിലൂടെ കാണികളുടെ മുന്നിലെത്തിക്കുന്നത്.
2019 ആവർത്തിക്കാൻ CR7നും പറങ്കിപ്പടയും
കളിച്ച എട്ടിൽ ഏഴ് മത്സരങ്ങളിലും തോൽവിയറിയാതെയാണ് പറങ്കിപ്പട അവസാന നാലിലേക്ക് എത്തുന്നത്. അഞ്ച് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് പോർച്ചുഗലിൻ്റെ സമ്പാദ്യം. 18 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ എട്ടെണ്ണം വഴങ്ങുകയും ചെയ്തു. റോബർട്ടോ മാർട്ടിനസിന് കീഴിൽ മികച്ച ഫോമിലാണ് പോർച്ചുഗൽ എത്തുന്നത്.
കരുത്തരായ ഡെന്മാർക്കിനോട് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യപാദത്തിൽ 1-0ന് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയെങ്കിലും, പറങ്കിപ്പട രണ്ടാം പാദത്തിൽ 5-2ൻ്റെ വ്യത്യാസത്തിൽ സെമിയിലേക്ക് മാർച്ച് ചെയ്തിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗീസ് ടീം ശക്തമാണ്. 2024-25 സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും ഒരു അസിസ്റ്റുമടക്കം ഗോൾവേട്ടയിൽ മുന്നിലാണ് റൊണാൾഡോ. ഇതുവരെ ടൂർണമെൻ്റിലാകെ 30 ഗോൾ അറ്റംപ്റ്റുകളാണ് ഈ 40കാരൻ നടത്തിയിട്ടുള്ളത്. ഡിയോഗോ ജോട്ടയും റാഫേൽ ലിയോയും ജോവോ ഫെലിക്സും ഗോൺസാലോ റാമോസുമെല്ലാം ചേരുന്ന പറങ്കിപ്പടയ്ക്ക് ഗോളടി മികവിന് കുറവൊട്ടുമില്ല. ക്രിസ്റ്റ്യാനോ തന്നെയാണ് ടൂർണമെൻ്റിലെ ടോപ് സ്കോറർ.
ബ്രൂണോ ഫെർണാണ്ടസും ബെർണാർഡോ സിൽവയും റൂബൻ നെവസും അണിനിരക്കുന്ന മിഡ് ഫീൽഡർ ലോക നിലവാരമുള്ള താരങ്ങളാണ്. മിഡ് ഫീൽഡ് നിയന്ത്രിക്കാൻ അവർക്ക് പിന്തുണയുമായി ജോവോ നെവ്സ്, ജോവോ പലീഞ്ഞ, പെഡ്രോ ഗോൺസാൽവസ്, വിറ്റിഞ്ഞ എന്നിവരുമെത്തും. പ്രതിരോധത്തിൽ അൻ്റോണിയോ സിൽവ, ഡിയോഗോ ദലോട്ട്, ഗോൺസാലോ ഇനാസിയോ, നെൽസൺ സെമെഡോ, നൂനോ മെൻഡസ്, നൂനോ തവാരസ്, റെനാറ്റോ വീ, റ്യൂബെൻ ഡിയാസ് തുടങ്ങിയ വമ്പൻ പേരുകാരും അണിനിരക്കുന്നു. ഡിയഗോ കോസ്റ്റ, ജോസെ സാ, റൂയി സിൽവ എന്നീ ഗോൾ കീപ്പർമാരിൽ പതിവ് പോലെ തന്നെ ഡിയഗോ കോസ്റ്റ തന്നെയാകും ഗോൾവല കാക്കുക.
കിരീട വരൾച്ച തീർക്കാനുറപ്പിച്ച് ജർമനി
കോച്ച് ജൂലിയൻ നാഗെൽസ്‌മാന് കീഴിൽ ഒരുപിടി ന്യൂജനറേഷൻ താരങ്ങളുമായാണ് ആതിഥേയരായ ജർമനി നേഷൻസ് ലീഗ് സെമിയിൽ പോർച്ചുഗലിനെ നേരിടാനെത്തുന്നത്. കഴിഞ്ഞ മൂന്ന് തവണയും കൈയെത്തിപ്പിടിക്കാനാകാത്ത നേഷൻസ് ലീഗ് കിരീടത്തിൽ ആദ്യമായി മുത്തമിടാനുറപ്പിച്ചാണ് അവരുടെ വരവ്. നേഷൻസ് ലീഗിൽ കന്നിക്കിരീടം തേടിയിറങ്ങുമ്പോൾ പരിക്കാണ് ജർമനിയെ വിഷമിപ്പിക്കുന്നത്.
ഈ സീസണിൽ കളിച്ച എട്ട് മാച്ചിൽ അഞ്ച് ജയവും മൂന്ന് സമനിലയുമായി തോൽവിയറിയാതെയാണ് ജർമൻ യുവനിരയുടെ വരവ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ, എട്ടെണ്ണം മാത്രമാണ് തിരികെ വഴങ്ങിയത്. മൂന്ന് ക്ലീൻ ഷീറ്റുകളും നേടാനായി. ഹാംസ്ട്രിങ് ഇഞ്ചുറിക്ക് ശേഷം ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന കൈ ഹാവെർട്‌സും, പരിക്കേറ്റ ജമാൽ മുസിയാല, അൻ്റോണിയോ റൂഡിഗർ, ടിം ക്ലീൻഡിയൻസ്റ്റ്, നിക്കോ ഷ്ലോട്ടർബെക്ക് എന്നിവരില്ലാതെയാണ് ജർമനി സെമി കളിക്കാനെത്തുന്നത്.
പകരക്കാരായി ഫ്ലോറിയൻ വിർട്സ്, വാൾഡെമർ ആൻ്റൺ, അലക്സാണ്ടർ പാവ്‌ലോവിച്ച്, നിക്ലാസ് ഫ്യൂവൽക്രഗ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്റ്റട്ട്ഗാർട്ട് സ്ട്രൈക്കർ നിക്ക് വോൾട്ടമേഡ്, ബയേൺ മ്യൂണിക്ക് മിഡ് ഫീൽഡർ ടോം ബിഷപ്പ് എന്നിവരെയും ടീമിലെത്തിച്ച് ടീമിനെയാകെ അഴിച്ചുപണിഞ്ഞിട്ടുണ്ട്.
മ്യൂണിക്കിൽ ഫൈനൽ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് കോച്ച് ജൂലിയൻ നാഗെൽസ്‌മാൻ പറയുന്നത്. "ടിം ക്ലൈൻഡിയെൻസ്റ്റിൻ്റെ അഭാവത്തിൽ മുന്നേറ്റനിരയിൽ നിക്ക് വോൾട്ടെമേഡ് നല്ലൊരു ഓപ്ഷനാണ്. കഴിവിൻ്റെ പരമാവധി നന്നായി കളിക്കാനായാൽ നമുക്ക് പോർച്ചുഗലിനെ തോൽപ്പിക്കാൻ കഴിയും. അതാണ് ഞങ്ങളുടെ ലക്ഷ്യം. ഫൈനലിലെത്താൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും," എന്നാണ് ജർമൻ കോച്ചിൻ്റെ വിലയിരുത്തൽ.
2014ലാണ് ജർമനി അവസാനമായി ലോകകപ്പ് നേടിയത്. അവർ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി നാണംകെട്ടിരുന്നു. 2023 സെപ്റ്റംബറിലാണ് ജൂലിയൻ നാഗെൽസ്മാൻ കോച്ചായി ചുമതലയേറ്റത്. പിന്നാലെ ജർമനിയെ സ്വന്തം മണ്ണിൽ വെച്ച് നടന്ന 2024 യൂറോ കപ്പിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിച്ചിരുന്നു. ഇപ്പോഴിതാ നേഷൻസ് ലീഗ് സെമി യോഗ്യതയും ജർമനി നേടിക്കഴിഞ്ഞു. മുൻ ബയേൺ മ്യൂണിക് പരിശീലകനുമായി 2028 വരെ ജർമൻ ടീം കരാർ നീട്ടിയിട്ടുണ്ട്.