

ഡൽഹി: ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധി ഒഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 12ാം സീസൺ ഫെബ്രുവരി 14ന് തുടങ്ങുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. ലീഗിലെ മുഴുവൻ 14 ടീമുകളും ടൂർണമെൻ്റിൽ പങ്കെടുക്കും. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിൽ സിംഗിൾ ലെഗ് ഫോർമാറ്റിലായിരിക്കും ഇത്തവണ മത്സരങ്ങൾ നടത്തുകയെന്നും കേന്ദ്ര കായിക മന്ത്രി അറിയിച്ചു. ന്യൂഡൽഹിയിൽ കായിക മന്ത്രാലയം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്ത നിർണായക യോഗത്തിലാണ് തീരുമാനമായത്.
ആകെ 91 മത്സരങ്ങൾ ഈ സീസണിലുണ്ടാകും. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്‌സി തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം സജീവമായി രംഗത്തുണ്ടാകും. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനും മത്സരമുണ്ടാവും. ലീഗ് നടത്തിപ്പിനായി 25 കോടി രൂപയുടെ പ്രത്യേക ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. ഇതിൽ 10 ശതമാനം തുക എഐഎഫ്എഫ് നൽകും. ക്ലബ്ബുകൾക്ക് അവരുടെ ഫ്രാഞ്ചൈസി ഫീസായ ഒരു കോടി രൂപ അടയ്ക്കാൻ ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്.
വാണിജ്യ പങ്കാളിയായ എഫ്എസ്എഡില്ലുമായുള്ള കരാർ കാലാവധി സംബന്ധിച്ച സുപ്രീം കോടതിയിലെ നിയമതടസങ്ങളെത്തുടർന്നാണ് ഇത്തവണത്തെ ഐഎസ്എൽ പാതിവഴിയിൽ നിലച്ചുപോയത്. സെപ്റ്റംബറിൽ ആരംഭിക്കേണ്ടിയിരുന്ന ലീഗ് അനിശ്ചിതമായി നീണ്ടതോടെ സുനിൽ ഛേത്രി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഫെഡറേഷന്‍റെ ഇടപെടൽ പോലും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ട് പ്രതിസന്ധി പരിഹരിച്ചത്. ഇനിമുതൽ എഐഎഫ്എഫ് നേരിട്ടായിരിക്കും ലീഗ് നടത്തുക.
ഐഎസ്എല്ലിനൊപ്പം തന്നെ ഐ-ലീഗും ആരംഭിക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്‍റ് കല്യാൺ ചൗബെ വ്യക്തമാക്കി. ഫെബ്രുവരി 14ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ പൂർണമായ ഫിക്‌സ്‌ചർ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തിറക്കും.