യോഗ്യത നേടിയിട്ടും ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് കളിച്ചില്ല? ബൂട്ട് ഇല്ലാതെ കളിപ്പിക്കില്ലെന്ന് ഫിഫ പറഞ്ഞോ?

അന്ന് ഇന്ത്യ ലോകകപ്പ് കളിച്ചിരുന്നെങ്കിലോ? ജയത്തിനും തോല്‍വിക്കുമപ്പുറം ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
യോഗ്യത നേടിയിട്ടും ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് കളിച്ചില്ല? ബൂട്ട് ഇല്ലാതെ കളിപ്പിക്കില്ലെന്ന് ഫിഫ പറഞ്ഞോ?
Published on
Updated on

കാല്‍പ്പന്തിന്റെ വിശ്വപോരിന് കൊടിയേറുമ്പോഴൊക്കെ നൊമ്പരമുണര്‍ത്തുന്നൊരു ചോദ്യം ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികളുടെ മനസില്‍ ഉയരും. അര്‍ജന്റീനയ്ക്കും ബ്രസീലിനും ജര്‍മനിക്കും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും വേണ്ടിയൊക്കെ പക്ഷംതിരിഞ്ഞ് ആര്‍പ്പു വിളിക്കുന്ന നമുക്ക് എന്ന് സ്വന്തം രാജ്യത്തിന്റ കൊടിയുമായി ആവേശം കൊള്ളാനാകും? നമ്മുടെയൊരു സംസ്ഥാനത്തിന്റെ വലുപ്പം പോലുമില്ലാത്ത രാജ്യങ്ങള്‍ വരെ വിശ്വപോരിന് പന്ത് തട്ടാനെത്തുന്നു. എന്നിട്ടും യോഗ്യതാ റൗണ്ടിനപ്പുറം പോകാന്‍ ഇന്ത്യന്‍ ഫുട്ബോളിന് കഴിയുന്നില്ല. ചരിത്രം പരതിയാലാകട്ടെ, നഷ്ടപ്പെടുത്തിയ സുവര്‍ണാവസരം ഒരു തീരാനോവായി നമ്മെ വീണ്ടും നൊമ്പരപ്പെടുത്തും.

രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്ന് 1942, 46 വര്‍ഷങ്ങളിലെ ലോകകപ്പുകള്‍ റദ്ദാക്കിയിരുന്നു. യുദ്ധാനന്തരം ലോകകപ്പിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍, ആര് ആതിഥ്യം വഹിക്കുമെന്ന ചോദ്യമുയര്‍ന്നു. മത്സരിക്കാന്‍ ടീമുകള്‍ എത്തുമോ എന്നതും ആശങ്കയായി. ലോകരാജ്യങ്ങളില്‍ ഏറെയും സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്നൊരു കാലമായിരുന്നു. ലോകകപ്പ് സംഘടിപ്പിക്കുന്നതു മാത്രമല്ല, മത്സരത്തിനായി യാത്രകള്‍ നടത്തുന്നതും വരെ പ്രയാസമേറിയ കാലം. അത്തരമൊരു സാഹചര്യത്തിലാണ്, ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ താല്‍പ്പര്യമറിയിച്ചുകൊണ്ട് ബ്രസീല്‍ മുന്നോട്ടുവന്നത്. 34 രാജ്യങ്ങളാണ് യോഗ്യതാ റൗണ്ടില്‍ ഉണ്ടായിരുന്നത്. അവയില്‍ 13 ടീമുകള്‍ മാത്രമാണ് ലോകകപ്പില്‍ കളിച്ചത്. യുദ്ധ പശ്ചാത്തലത്തിൽ ചില രാജ്യങ്ങൾക്ക് ഫിഫ വിലക്കേർപ്പെടുത്തിയിരുന്നു. മറ്റു ചിലർ കലുഷിതമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പിന്മാറിയിരുന്നു. എന്നാല്‍, യോഗ്യത കിട്ടിയിട്ടും, ഫിഫ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടും പിന്മാറിയ രാജ്യമായാണ് ഇന്ത്യയെ ചരിത്രം രേഖപ്പെടുത്തിയത്.

യോഗ്യത നേടിയിട്ടും ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് കളിച്ചില്ല? ബൂട്ട് ഇല്ലാതെ കളിപ്പിക്കില്ലെന്ന് ഫിഫ പറഞ്ഞോ?
ലോകകപ്പിനിടെ പരിശീലനം ബഹിഷ്കരിച്ച ഫ്രാന്‍സ്; രാജ്യത്തോടു ക്ഷമ പറഞ്ഞ ഫുട്ബോള്‍ ഫെഡറേഷന്‍ | THE STORY BEHIND

ഇന്ത്യ ആദ്യമായി ഒളിംപിക്സില്‍ ഫുട്ബോള്‍ കളിച്ച കാലമാണ്. 1948 ലണ്ടൻ ഒളിംപിക്സില്‍ ഒരേയൊരു മത്സരം മാത്രമാണ് ഇന്ത്യ കളിച്ചത്. ശക്തരായ ഫ്രാന്‍സായിരുന്നു എതിരാളികള്‍. മുപ്പതാം മിനുറ്റില്‍ ലീഡെടുത്ത ഫ്രാന്‍സിനെതിരെ എഴുപതാം മിനുറ്റില്‍ ഗോള്‍ മടക്കി ഇന്ത്യ സമനില നേടി. ഇന്ത്യന്‍ പ്രതിരോധത്തെ പൊളിച്ച് ഗോളടിക്കാന്‍ ഫ്രഞ്ച് നിര പാടുപെട്ടു. കൈവന്ന പെനാല്‍റ്റി ഉള്‍പ്പെടെ അവസരങ്ങള്‍ മുതലാക്കാന്‍ ഇന്ത്യക്കും കഴിഞ്ഞില്ല. ഫൈനല്‍ വിസിലിനു നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഫ്രാന്‍സ് രണ്ടാം ഗോളിലൂടെ ജയം സ്വന്തമാക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ഫ്രഞ്ച് നിരയെ വെള്ളം കുടിപ്പിച്ച മത്സരം. ഇന്ത്യന്‍ സംഘത്തിലെ ചിലർ ബൂട്ടില്ലാതെയായിരുന്നു അന്ന് കളിച്ചത്. കാലിൽ കട്ടിയുള്ള ബാൻഡേജ് മാത്രം കെട്ടി യൂറോപ്യൻ താരങ്ങളെ നേരിടുന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രം ലോകത്തെ ആകർഷിച്ചു. ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യത്തിന് ലോകം കൈയടിച്ചു.

ഒളിംപിക്സിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫയെ സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ്, ബര്‍മ എന്നിവര്‍ക്കൊപ്പം ഇന്ത്യയെയും ഉള്‍പ്പെടുത്തി ഫിഫ യോഗ്യതാ മത്സരത്തിനുള്ള ഗ്രൂപ്പും പ്രഖ്യാപിച്ചു. 1949 മാർച്ചില്‍ പ്രസിഡന്റ് മൊയിൻ-ഉൽ-ഹഖിന്റെ അധ്യക്ഷതയിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ വാർഷിക പൊതുയോഗം ചേര്‍ന്നു. ലോകകപ്പില്‍ പങ്കെടുക്കണമെന്നും, പങ്കെടുക്കേണ്ടെന്നും കമ്മിറ്റി അംഗങ്ങള്‍ രണ്ടുചേരിയിലായി. എങ്കിലും, യോഗ്യതാ മത്സരത്തിന് ടീമിനെ അയയ്ക്കാമെന്ന് ധാരണയിലെത്തി. തയ്യാറെടുപ്പിന്റെ ഭാഗമായി ടീമിനെ വിദേശ പര്യടനത്തിന് അയയ്ക്കാനും തീരുമാനിച്ചു. കൊല്‍ക്കത്തയിലായിരുന്നു പരിശീലന ക്യാമ്പ്.

യോഗ്യത നേടിയിട്ടും ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് കളിച്ചില്ല? ബൂട്ട് ഇല്ലാതെ കളിപ്പിക്കില്ലെന്ന് ഫിഫ പറഞ്ഞോ?
THE STORY BEHIND | ഇടികൊണ്ടു തെറിച്ച പല്ലുകള്‍, ഒടിഞ്ഞ വാരിയെല്ലുകള്‍... ലോകകപ്പിന്റെ ശോഭ കെടുത്തിയ ഫൗള്‍

ഇന്ത്യന്‍ ഫുട്ബോളിന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് ഭാഗ്യം തുണ നിന്ന നാളുകള്‍ കൂടിയായിരുന്നു അത്. യോഗ്യതാ മത്സരം ആരംഭിക്കുന്നതിനു മുന്‍പേ ഗ്രൂപ്പിലെ മറ്റു രാജ്യങ്ങള്‍ പിന്മാറി. ഇതോടെ ഇന്ത്യക്ക് നേരിട്ട് യോഗ്യത ഉറപ്പായി. എന്നാല്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനോ ടീമിനോ അത്ര ആവേശമൊന്നും കണ്ടില്ല. ലോകകപ്പില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, ടീമിനെ അയയ്ക്കുന്ന കാര്യത്തില്‍ ധാരണ ആയിരുന്നില്ല. സ്വാതന്ത്ര്യം നേടി മൂന്നു വര്‍ഷം മാത്രമായ രാജ്യം. ബ്രസീലിലേക്കുള്ള യാത്ര വലിയ സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ ഫിഫയും, ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനും സഹായം വാഗ്ദാനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാന അസോസിയേഷനുകളും സാമ്പത്തിക സഹായം ഉറപ്പുനൽകി. 1950 മെയ് 22ന് മത്സരക്രമം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് നടന്നു. സ്വീഡന്‍, പരാഗ്വേ, ഇറ്റലി എന്നിവരോടൊപ്പം മൂന്നാം ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ജൂണ്‍ 28നായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്.

ഇതിന് തൊട്ടുപിന്നാലെ, 1950 മെയ് 23ന് ഫുട്ബോള്‍ ഫെഡറേഷന്‍ കൊല്‍ക്കത്തയില്‍ യോഗം ചേര്‍ന്നു. ലോകകപ്പില്‍ ഇന്ത്യ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആ യോഗത്തിലായിരുന്നു. ഇന്ത്യ ലോകകപ്പില്‍ പങ്കെടുക്കുന്നില്ല. വിവരങ്ങള്‍ വൈകി ലഭിച്ചതിനാല്‍, വിമാനയാത്ര നടത്തേണ്ടിവരും. ടീം തിരഞ്ഞെടുപ്പും പരിശീലനവും പൂര്‍ത്തിയാക്കാന്‍ മതിയായ സമയം ലഭിക്കില്ല. ഈ സാഹചര്യത്തില്‍ ടീമിനെ അയയ്ക്കുന്നത് ശരിയാകില്ല - എന്നായിരുന്നു യോഗശേഷം പുറത്തിറക്കിയ പത്രക്കുറിപ്പ്. യഥാര്‍ഥത്തില്‍ ലോകകപ്പിനായി ഇന്ത്യ പരിശീലനം തുടങ്ങിയിരുന്നു. ഫിഫയും ബ്രസീലും യാത്രാച്ചെലവ് ഉള്‍പ്പെടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാന ഫുട്ബോള്‍ അസോസിയേഷനുകള്‍ ഫണ്ട് ശേഖരണവും തുടങ്ങിയിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യ പോകുന്നില്ല എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുന്നതായിരുന്നില്ല ഫെഡറേഷന്റെ കുറിപ്പ്.

ഫെഡറേഷന്‍ തീരുമാനം വന്നതിനു പിന്നാലെ, പല കഥകളും പ്രചരിച്ചു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബൂട്ടിട്ട് കളിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ബൂട്ടില്ലാതെ കളിക്കാന്‍ താല്‍പ്പര്യമറിയിച്ചെങ്കിലും, ഫിഫ അനുവദിച്ചില്ല എന്നതായിരുന്നു അതിലൊന്ന്. പുതുതായി സ്വാതന്ത്ര്യം നേടിയ ഇന്ത്യ പാശ്ചാത്യ നിയമങ്ങൾക്ക് വഴങ്ങാൻ തയ്യാറായില്ല എന്ന തരത്തില്‍ ദേശീയ വികാരവും കൂടി ചേര്‍ന്നതോടെ ബൂട്ട് കഥയ്ക്ക് വലിയ പ്രചാരം ലഭിച്ചു. പക്ഷേ, യാഥാർഥ്യം മറ്റൊന്നായിരുന്നു. 1953ലാണ് ബൂട്ട് നിർബന്ധമാക്കുന്ന നിയമം ഫിഫ കൊണ്ടുവരുന്നത്. 1948ലെ ലണ്ടന്‍ ഒളിംപിക്സിലും, 1952ല്‍ ഹെല്‍സിങ്കിയിലും ഇന്ത്യ കളിച്ചത് ബൂട്ടില്ലാതെയാണ്. അതൊന്നും ഫിഫ എതിര്‍ത്തിരുന്നില്ല. ഇന്ത്യന്‍ ഫുട്ബോളില്‍ 1955ലാണ് ബൂട്ട് നിര്‍ബന്ധമാക്കുന്നത്. അതിനാൽ ഇന്ത്യയുടെ പിന്മാറ്റത്തിന് കാരണം ബൂട്ട് അല്ലെന്ന് ഉറപ്പായിരുന്നു.

പണവും മറ്റു ചില താല്‍പ്പര്യങ്ങളുമായിരുന്നു ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനത്തെ സ്വാധീനിച്ചത്. ബ്രസീലില്‍ പോയിവരുന്നതിനുള്ള ചെലവ് ഫെഡറേഷനെ ആശങ്കപ്പെടുത്തിയിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ അതിനേക്കാളുപരി ഹെല്‍സിങ്കി ഒളിംപിക്സ് ആയിരുന്നു ഫെഡറേഷന്റെ പരിഗണന. ഫിഫ ലോകകപ്പ് വളര്‍ച്ചയുടെ പാതയിലായിരുന്നു. അതേസമയം, ഒളിംപിക് ഫുട്ബോള്‍ പ്രതാപം കൈവരിച്ചിരുന്നു. യൂറോപ്പിനും ദക്ഷിണ അമേരിക്കയ്ക്കും പുറത്തുള്ള രാജ്യങ്ങള്‍ക്ക് ഒളിപിംക്സായിരുന്നു ഏറ്റവും വലിയ സ്വപ്നം. ലണ്ടനിലെ മികച്ച പ്രകടനം, ഇന്ത്യന്‍ ടീമിന് ഒളിംപിക്സില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകും എന്നൊരു വിശ്വാസം വളര്‍ത്തിയിരുന്നു. ഇക്കാര്യം ഇതിഹാസതാരം സെയ്‌ലന്‍ മന്ന ഉള്‍പ്പെടെ അന്നത്തെ ടീമംഗങ്ങള്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ലോകകപ്പിന് താരങ്ങള്‍ പോലും അന്ന് അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. ഒളിംപിക്സായിരുന്നു എല്ലാവരുടെയും സ്വപ്നം. അതുകൊണ്ട് ലോകകപ്പിൽ നിന്ന് പിന്മാറിയപ്പോൾ പലർക്കും വലിയ നിരാശ പോലും തോന്നിയിരുന്നില്ല.

യോഗ്യത നേടിയിട്ടും ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് കളിച്ചില്ല? ബൂട്ട് ഇല്ലാതെ കളിപ്പിക്കില്ലെന്ന് ഫിഫ പറഞ്ഞോ?
THE STORY BEHIND | ലോകകപ്പില്‍ പകരക്കാരനില്ലാത്ത ബാറ്റിഗോള്‍

അതു മാത്രമായിരുന്നില്ല കാരണം. ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന മൊയിൻ-ഉൽ-ഹഖിന് മറ്റു ചില ആശങ്കകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യൂറോപ്പിലെയും ദക്ഷിണ അമേരിക്കയിലെയും പ്രൊഫഷണൽ ടീമുകൾക്കെതിരെ ഇന്ത്യൻ ടീം വൻ തോൽവി ഏറ്റുവാങ്ങിയാലോ? ലണ്ടന്‍ ഒളിംപിക്സില്‍ ഫ്രാന്‍സിനെ വിറപ്പിച്ച് ഇന്ത്യ നേടിയ പ്രശസ്തിക്ക് മങ്ങലേല്‍ക്കില്ലേ? ഇതൊക്കെയായിരുന്നു ഹഖിന്റെ ആശങ്കകള്‍. ഫെഡറേഷനുള്ളിലെ ചേരിപ്പോരും കൂടിയായപ്പോള്‍ ലോകകപ്പ് അവസരം നാം നഷ്ടപ്പെടുത്തുകയായിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇന്ത്യ ലോകകപ്പിനായി പരിശ്രമം തുടങ്ങുന്നത്. പക്ഷേ, ഇക്കാലത്തിനിടെ യോഗ്യതാ റൗണ്ടിനപ്പുറം കടക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. അന്ന് ഇന്ത്യ ലോകകപ്പ് കളിച്ചിരുന്നെങ്കിലോ? ജയത്തിനും തോല്‍വിക്കുമപ്പുറം ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. ഇന്നിപ്പോള്‍ അതൊരു തീരാനോവാണ്. സ്വയം വരുത്തിവച്ച നോവ്.

റഫറന്‍സ്: The FIFA World Cup India walked away from, https://www.olympics.com/en/

News Malayalam 24x7
newsmalayalam.com