ഫോം ഒരിക്കലും ഒരു പ്രശ്നമേയല്ല: കോഹ്‍ലിക്ക് പിന്തുണയുമായി രോഹിത് ശർമ്മ

ഏഴ് മത്സരങ്ങളിൽ നിന്നും വെറും 75 റൺസ് മാത്രമാണ് താരത്തിന് ടൂർണമെന്റിൽ കണ്ടെത്താനായിട്ടുള്ളത്
ഫോം ഒരിക്കലും ഒരു പ്രശ്നമേയല്ല: കോഹ്‍ലിക്ക് പിന്തുണയുമായി രോഹിത് ശർമ്മ
Published on

ടി20 ലോകകപ്പിൽ വിരാട് കോഹ്‍ലിയുടെ മോശം ഫോം ഇന്ത്യയ്ക്ക് തലവേദനയാവുകയാണ്. ഏഴ് മത്സരങ്ങളിൽ നിന്നും വെറും 75 റൺസ് മാത്രമാണ് താരത്തിന് ടൂർണമെന്റിൽ കണ്ടെത്താനായിട്ടുള്ളത്. അതിൽ രണ്ട് മത്സരങ്ങളിൽ പൂജ്യമായിരുന്നു സ്കോർ. ഫൈനൽ അടുക്കുമ്പോൾ കോഹ്‍ലിക്ക് മേൽ വിമർശന ശരങ്ങൾ ഉയർന്നു വരികയാണ്. ഇപ്പോഴിതാ കോഹ്‍ലിയുടെ ഫോമിനെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ഇം​ഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിന് ശേഷമുള്ള പ്രസന്റേഷൻ സെറിമണിയിലാണ് രോഹിത് ഈ പ്രസ്ഥാവന നടത്തിയത്.

"അദ്ദേഹം (കോഹ്‍ലി) വളരെ ക്വാളിറ്റിയുള്ള ഒരു പ്ലെയറാണ്. ഈ ഒരു സാഹചര്യത്തിലൂടെ ഏതൊരു കളിക്കാരനും കടന്നുപോയേക്കാം. അദ്ദേഹത്തിന്റെ ക്ലാസും പ്രാധാന്യവും ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. ഫോം ഒരിക്കലും ഒരു പ്രശ്നമേയല്ല. നമ്മുടെ ഉദ്ദേശം ശക്തമാണ്. അത് ഞങ്ങൾക്ക് കൃത്യമായി അറിയാം." രോഹിത് ശർമ്മ പറഞ്ഞു.

10 വർഷത്തിന് ശേഷമാണ് ടീം ഇന്ത്യ ടി20 ലോകകപ്പിൻ്റെ ഫൈനലിൽ കടക്കുന്നത്. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലണ്ടിനെതിരെ 68 റൺസിൻ്റെ തകർപ്പൻ ജയമാണ് നേടിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലിലെ വിജയികളായ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെയാണ് ഫൈനലിൽ നേരിടുന്നത്. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനലിലേക്ക് കടക്കുന്നത്.

ഇം​​ഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്. രോഹിത് 57 റൺസും സൂര്യകുമാർ 47 റൺസുമാണ് നേടിയത്. കുൽദീപും അക്സറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

"ഒരു ടീം എന്ന നിലയിൽ ഞങ്ങൾ വളരെ ശാന്തരാണ്. ഈ സിറ്റുവേഷൻ ഞങ്ങൾ മനസ്സിലാക്കുന്നു. അതാണ് മികച്ച തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്നതും. നല്ല ക്രിക്കറ്റ് കളിക്കണം, അതായിരിക്കും ഫൈനലിൽ ഞങ്ങൾ ലക്ഷ്യമിടുന്നത്." രോഹിത് ശർ‌മ്മ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com