
യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ ചെക്ക് റിപ്പബ്ലിക് - ജോർജിയ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിലെ അധിക സമയത്ത് ലഭിച്ച പെനാൽട്ടിയിലൂടെ ജോർജിയയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ജോർജിയയ്ക്കായി മിക്കോട്ടഡ്സെയാണ് ഗോൾ നേടിയത്. പെനാൽട്ടി ബോക്സിനകത്ത് വച്ച് ചെക്ക് റിപ്പബ്ലിക് താരം റോബിൻ റാനക്കിന്റെ കയ്യിൽ പന്ത് തട്ടിയതിനാലാണ് ചെക്കിന് പെനാൽട്ടി വഴങ്ങേണ്ടി വന്നത്.
രണ്ടാം പകുതി തുടങ്ങുമ്പോൾ ജോർജിയ പൂർണ ആത്മവിശ്വാസത്തോടെയാണ് പന്ത് തട്ടിയത്. എന്നാൽ മത്സരത്തിന്റെ 58-ാം മിനുറ്റിൽ ചെക്ക് റിപബ്ലിക് തിരിച്ചടിച്ചു. പാട്രിക് ഷിക്കാണ് ചെക്ക് റിപ്പബ്ലിക്കിനായി മത്സരത്തിലെ സമനില ഗോൾ നേടിയത്. 57-ാം മിനുറ്റിൽ ചെക്ക് റിപ്പബ്ലിക്കിന് ലഭിച്ച കോർണർ ഗോളാക്കാനുള്ള ശ്രമം പൂർത്തിയാക്കാൻ ലിങിന് സാധിച്ചില്ല. പന്ത് ഗോൾപോസ്റ്റിൽ തട്ടി തിരിച്ചുവന്നു. എന്നാൽ റീബൗണ്ട് കൃത്യമായി ചെയ്ത പാട്രിക് ഷിക് യൂറോ 2024ലെ തന്റെ ആദ്യ ഗോൾ നേടി സ്കോര്‍ സമനിലയിലാക്കി. ചെക്ക് റിപ്പബ്ലിക്കും ജോര്‍ജിയയും കൂടാതെ പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫില്‍ ഉള്ളത്.