
യൂറോ കപ്പിലെ ആദ്യ കളിയുടെ വിസില്‍ മുഴങ്ങി ഒന്നാം മിനിറ്റില്‍ തന്നെ സ്‌കോട്ന്‍ഡ് ആരാധകര്‍ ഒന്നു വിറച്ചു. തനിക്ക് ലഭിച്ച ക്രോസ് ഫീല്‍ഡ് പാസ് ഗോളാക്കാനുള്ള ജര്‍മനിയുടെ ഫ്‌ളോറിയന്‍ വിര്‍ട്‌സിന്‍റെ ശ്രമം സ്‌കോട്‌ലന്‍ഡ് ഗോളി ആംഗസ് ഗണ്‍ തടയുകയായിരുന്നു. പിന്നീടങ്ങോട്ട് ജര്‍മന്‍ നിര കളം നിറഞ്ഞു കളിച്ചു. എന്നാല്‍ പത്താം മിനിറ്റിലെ വിര്‍ട്‌സിന്‍റെ രണ്ടാം ശ്രമത്തിന് തടയിടാന്‍ ഗണ്ണിന് സാധിച്ചില്ല. ജര്‍മനിയുടെ ആദ്യ ഗോള്‍. പിന്നാലെ ഗോളുകളുമായി ജമാല്‍ മുസിയാല (19') ,കെയ് ഹാവെര്‍ട്സ് (45 + 1') , നിക്ലാസ് ഫുള്‍ക്രുഗ് (68'),എംറെ കാന്‍ (90+3') എന്നിവര്‍ ചേര്‍ന്നതോടെ സ്‌കോട്‌ലന്‍ഡിനെതിരെ ജര്‍മനിക്ക് 5 -1 വിജയം
ആദ്യ പകുതിയില്‍ തന്നെ ജര്‍മന്‍ നിര മൂന്ന് ഗോളുകള്‍ക്കും സ്‌കോട്‌ലന്‍ഡ് ഒരു ചുവപ്പ് കാര്‍ഡിനും മുന്നിലായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് സ്‌കോടിഷ് സെന്‍റര്‍ ബാക്ക് റയാൻ പോർട്ടിയസിനാണ് ചുവപ്പ് കാർഡ് ലഭിക്കുന്നത്. കിട്ടിയ പെനാൽറ്റി ജര്‍മനിയുടെ കെയ് ഹാവെര്‍ട്സ് ഗോളാക്കി മാറ്റുകയും ചെയ്തു. വാർ നിയമത്തിലൂടെയാണ് പെനാൽറ്റിയും ചുവപ്പ് കാർഡും റഫറി വിധിച്ചത്. സ്‌കോട്‌ലന്‍ഡ് നേടിയ ഒരു ഗോളും ജർമനിയുടെ വകയായിരുന്നു. അന്‍റോണിയോ റുഡിഗെറിന്‍റെ സെൽഫ് ഗോളാണ് സ്കോട്ട്ലൻഡ് സ്‌കോർ കാർഡ് അനക്കിയത്.
മധ്യ നിരയിൽ കളി നെയ്തെടുത്തത് മുൻ റയൽ മാൻഡ്രിഡ് താരം ടോണി ക്രൂസാണ്. ജർമനിയുടെ ആദ്യ മൂന്ന് ഗോളുകൾക്ക് പിന്നിലും ക്രൂസിന്‍റെ കൃത്യതയാർന്ന പാസുകൾ കാണാം. ക്രൂസിന്‍റെ 92 പാസ്സുകളിൽ 91 എണ്ണം ഫലപ്രദമായി എന്നത് തന്നെ കളിയുടെ നിയന്ത്രണം ഈ മിഡ് ഫീൽഡറുടെ കാലുകളിലായിരുന്നുവെന്ന് എടുത്ത് കാട്ടുന്നു.
പൂർണമായ ആധിപത്യം മാത്രമായിരുന്നു ഈ ജർമ്മൻ സംഘത്തിന്‍റെ ലക്ഷ്യം. അതിനായി മുൻ നിര മുതൽ ഗോളി വരെ ഒരുപോലെ പ്രവർത്തിച്ചു. മൂന്ന് ദിവസം മുൻപ് ജർമ്മൻ സംഘത്തിൽ ഇല്ലാതിരുന്ന എംറെ കാന്‍ വരെ അവസാന നിമിഷം ഗോളടിച്ചു.
ഒരു കാര്യം കൂടി ഈ ആദ്യ മത്സരം വ്യക്തമാക്കിയിരിക്കുകയാണ്. മത്സരിക്കേണ്ടത് കളത്തിലെ ജർമ്മൻ പടയോട് മാത്രമല്ല, ഗാലറിയോടും കൂടിയാണ്. അവിടെയുമുണ്ട് -പ്രതിരോധവും അക്രമവും.