
ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം, ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യയ്ക്ക് മറ്റൊരു സുവർണ നേട്ടം കൂടി. ലോകകപ്പിന് പിന്നാലെ ഐസിസി ടി20 റാങ്കിങ്ങിൽ ഓൾ റൗണ്ടർമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ. ടി20 ലോകകപ്പിൽ 11 വിക്കറ്റുകളും, 144 റൺസും നേടിയതാണ് താരത്തെ ലോകത്തെ ഒന്നാം നമ്പർ ടി20 ഓൾ റൗണ്ടറാക്കിയത്. ടി20 ഓൾ റൗണ്ടർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഹാർദിക്. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം ഒന്നാമതെത്തുകയായിരുന്നു. 222 പോയിൻ്റുള്ള ശ്രീലങ്കൻ താരം വനിന്ദു ഹസരംഗയെ പിന്നിലാക്കിക്കൊണ്ടാണ് ഹാർദിക് പാണ്ഡ്യ റാങ്കിങ്ങിൽ ഇപ്പോൾ ഒന്നാമതെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യ, ടീം പ്ലേ ഓഫിൽ എത്താതിരുന്നതിന് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ടൂർണമെൻ്റിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഹാർദിക്, ഐസിസിയുടെ ടി20 ലോകകപ്പിലെ മികച്ച ടീമിലും ഇടം നേടിയിരുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള ഫൈനലിൽ ഹെൻറിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറുടെയും വിക്കറ്റുകൾ വീഴ്ത്തി വിജയത്തിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിരുന്നു.
മിന്നും പ്രകടനം നടത്തി, 15 വിക്കറ്റുകൾ വീഴ്ത്തി ഈ ലോകകപ്പിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ജസ്പ്രീത് ബുംറ, 12 സ്ഥാനങ്ങൾ ഒറ്റയടിക്ക് മെച്ചപ്പെടുത്തി ടി20 ബോളിങ് റാങ്കിങ്ങിൽ പന്ത്രണ്ടാമതെത്തി. 2020ന് ശേഷം ടി20യിലെ ബുംറയുടെ ഏറ്റവും മികച്ച റാങ്കിങ്ങാണ് ഇത്. സ്പിന്നർ കുൽദീപ് യാദവ് എട്ടാം സ്ഥാനത്തും, ഇടം കൈയ്യൻ പേസർ അർഷ്ദീപ് സിങ്ങ് റാങ്കിങ്ങിൽ പതിമൂന്നാം സ്ഥാനത്തുമുണ്ട്.