ടീം ഇന്ത്യയ്ക്ക് ലഭിക്കുന്ന 125 കോടിയുടെ സമ്മാനത്തുക ആര്‍ക്കൊക്കെ ലഭിക്കും?

125 കോടിയില്‍ 5 കോടി വീതം ലോകകപ്പ് ടീമിലെ 15 പേര്‍ക്കും ലഭിക്കും
India T-20
India T-20
Published on

ടി-20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപയുടെ സമ്മാനത്തുക എങ്ങനെ താരങ്ങള്‍ക്കും ടീമംഗങ്ങള്‍ക്കും വീതം വെക്കുമെന്ന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച തുടരുകയാണ്. ആര്‍ക്കൊക്കെ തുക ലഭിക്കും, പ്ലേയിങ് ഇലവനില്‍ കളിച്ചവര്‍ക്ക് മാത്രമാണോ തുക ലഭിക്കുക എന്നിങ്ങനെയൊക്കെയായിരുന്നു സംശയങ്ങളും ചര്‍ച്ചകളും. ഇപ്പോഴിതാ, അതിനെല്ലാം ഉത്തരം ലഭിച്ചിരിക്കുകയാണ്.

125 കോടിയില്‍ 5 കോടി വീതം ലോകകപ്പ് ടീമിലെ 15 പേര്‍ക്കും ലഭിക്കും. മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ള പരിശീലക സംഘത്തിന് 2.5 കോടി രൂപ വീതവും ലഭിക്കും. സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട അഞ്ച് അംഗങ്ങള്‍ക്ക് 1 കോടി രൂപ വീതവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ, രണ്ട് കോടി വീതം, . മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജര്‍മാര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് എന്നിവര്‍ക്കും ലഭിക്കും.

റിസര്‍വ് പ്ലേയേര്‍സായ ബാറ്റ്‌സ്മാന്‍ റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍, ബൗളര്‍മാരായ ആവേശ് ഖാന്‍, ഖലീല്‍ അഹ്‌മദ് എന്നീ താരങ്ങള്‍ക്ക് 1 കോടി രൂപ വീതവും, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് 5 കോടി രൂപ വീതവും ലഭിക്കും.

വീഡിയോ അനലിസ്റ്റ്, മീഡിയ ഉദ്യോഗസ്ഥര്‍, ലോജിസ്റ്റിക് മാനേജര്‍ അടക്കമുള്ള ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍ക്കും സമ്മാനത്തുകയിലെ ഒരു പങ്ക് ലഭിക്കും. സ്റ്റാഫ് അംഗങ്ങള്‍ അടക്കം 42 പേര്‍ അടങ്ങുന്ന സംഘമാണ് ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലുണ്ടായിരുന്നത്.

1983 ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം നേടിയപ്പോള്‍ താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ ബിസിസിഐയുടെ പക്കല്‍ പണം ഉണ്ടായിരുന്നില്ല. അന്ന് താരങ്ങളെ അനുമോദിക്കാന്‍ ധനസമാഹരണത്തിനായി സംഗീത വിരുന്ന് നടത്താന്‍ വിഖ്യാത ഗായിക ലത മങ്കേഷ്‌കറിനെയായിരുന്നു ബോര്‍ഡ് സമീപിച്ചത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com