
ഇന്ത്യൻ ഹെഡ് കോച്ചായി നിയമിതനായതിന് ശേഷം ആദ്യ പ്രതികരണവുമായി ഗൗതം ഗംഭീർ. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1.4 ബില്യൺ ജനങ്ങളുടെ സ്വപ്നങ്ങളും തോളിലേറ്റിയാണ് ടീം ഇന്ത്യ നിലനിൽക്കുന്നതെന്നും ആ സ്വപ്നസാഫല്യത്തിനായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ഗംഭീർ എക്സിൽ കുറിച്ചു.
"ഇന്ത്യയാണ് എൻ്റെ വ്യക്തിത്വം, എൻ്റെ രാജ്യത്തെ സേവിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രിവില്ലേജാണ്. ഈ തിരിച്ചുവരവിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ഇത്തവണ പക്ഷെ, മറ്റൊരു റോളിലാണ്. പക്ഷെ, എന്റെ ലക്ഷ്യം അന്നും ഇന്നും ഒന്നുതന്നെയായിരിക്കും, ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം കാത്തുസൂക്ഷിക്കുക. 1.4 ബില്യൺ ജനങ്ങളുടെ സ്വപ്നങ്ങളും തോളിലേറ്റിയാണ് 'മെൻ ഇൻ ബ്ലൂ' നിലനില്‍ക്കുന്നത്. ആ സ്വപ്നങ്ങൾ നിറവേറ്റുന്നതിനായി എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും." തന്റെ എക്സ് പോസ്റ്റിൽ ഗൗതം ഗംഭീർ കുറിച്ചു.
ടി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ഗംഭീറിനെ കോച്ചായി ബിസിസിഐ നിയമിച്ചത്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കോച്ചിങ് ടീമിൽ നിന്നും രാജിവെച്ചാണ് ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.
2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലും 2011ലെ ഏകദിന ലോകകപ്പ് വിജയത്തിലും നിർണായക പങ്കുവഹിച്ച താരമാണ് ഗൗതം ഗംഭീർ. ഇന്ത്യയ്ക്കായി 147 ഏകദിനങ്ങളും 58 ടെസ്റ്റ് മത്സരങ്ങളും 37 ടി20 മത്സരങ്ങളും ഗംഭീർ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ഫ്രാഞ്ചൈസികള്‍ക്കായും ഗംഭീര്‍ പാഡ് അണിഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിലേക്കും അദ്ദേഹം ചുവടുവെച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നും 2019ൽ ബിജെപിയ്ക്കായി മത്സരിച്ച ഗംഭീർ വിജയം കൈവരിച്ച് എം.പിയുമായിരുന്നു.