
ടി 20 വനിത ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് കൊടികയറും. 10 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കാനെത്തുന്നത്. ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്‌കോട്‌ലാന്റിനെ നേരിടും.
വനിതാ ടിട്വൻ്റി ലോകകപ്പിൻ്റെ ഒമ്പതാം പതിപ്പിന് യുഎഇയിൽ ഇന്ന് തുടക്കമാകും. രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് കിരീട പോരാട്ടത്തിനിറങ്ങന്നത്. ആദ്യ ദിനം രണ്ട് മത്സരങ്ങളാണ് നടക്കുക. വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് സ്‌കോട്‌ലാന്റിനെ നേരിടും. മറ്റൊരു മത്സരത്തിൽ പാകിസ്താന് ശ്രീലങ്കയാണ് എതിരാളികൾ.
ഓസ്‌ട്രേലിയ, പാകിസ്താന്‍, ന്യൂസിലന്റ്, ശ്രീലങ്ക എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യക്ക് ന്യൂസിലാൻഡാണ് ആദ്യ എതിരാളികൾ. ഏഷ്യാകപ്പ് കൈയകലെ നഷ്ടമായ ഇന്ത്യൻ സംഘത്തിന് കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമില്ല. ഹർമൻപ്രീത് കൌർ നയിക്കുന്ന ടീമിൽ കേരളത്തിൻ്റെ അഭിമാന താരങ്ങളായ ആശാ ശോഭനയും സജ്ന സജീവനുമുണ്ട്. തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ഇറങ്ങുന്നത്. കന്നി കിരീടമെന്ന മോഹവുമായാണ് വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ഒഴികെയുള്ള ടീമുകൾ ഇറങ്ങുക. ഒക്ടോബർ 20 നാണ് ഫൈനൽ പോരാട്ടം.