
സെമി ഉറപ്പിക്കാന്‍ കച്ചയും കെട്ടി ബംഗ്ലാദേശിനെതിരെ ഇന്ന് ഇറങ്ങാന്‍ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ബാറ്റിങ്ങില്‍ സൂര്യകുമാർ യാദവും ബൗളിങ്ങിൽ ജസ്പ്രിത് ബുംറയും അർഷദീപും മികച്ച ഫോം നിലനിർത്തുന്നത് കൊണ്ടുതന്നെ ആത്മവിശ്വാസത്തിലാണ് രോഹിത്തും സംഖവും. ഇന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയാണെങ്കിൽ ഇന്ത്യയ്ക്ക് സെമി ബർത്ത് ഉറപ്പിക്കാം. ടൂർണമെന്റിൽ ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യ തങ്ങളുടെ ജൈത്രയാത്ര തുടരുന്നത്.
ആന്റിഗ്വയിലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരം പക്ഷെ ബംഗ്ലാദേശിനെ സംബന്ധിച്ചെടുത്തോളം വളരെ നിർണായകമാണ്. സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതുകൊണ്ടുതന്നെ ഇനിയൊരു തോൽവി ബംഗ്ലാദേശിന് ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കും. ഫോമിന്റെ കാര്യത്തിൽ മാത്രമല്ല, കടലാസിലെ കണക്കുകളിലും ഇന്ത്യ തന്നെയാണ് മുന്നിൽ. ഇന്ത്യക്കെതിരെ ബംഗ്ലാദേശ് കളിച്ച അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ഇന്ത്യയ്ക്ക് തന്നെയായിരുന്നു വിജയം.
സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ 47 റൺസിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂര്യകുമാർ യാദവിന്റെയും ഹാർദ്ദിക് പാണ്ഡ്യയുടെയും മികച്ച ബാറ്റിങ് പെർഫോമൻസും ജസ്പ്രിത് ബുംറയുടെയും അർഷദീപ് സിങ്ങിന്റെയും ബൗളിങ് പെർഫോമൻസുമാണ് അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായത്. എന്നാൽ ഓപ്പണിങ്ങിൽ രോഹിത് ശർമ്മയും വിരാട് കോഹ്‍ലിയും തിളങ്ങാത്തത് ഇന്ത്യക്ക് തിരിച്ചടിയാകുന്നുണ്ട്. മധ്യനിരയിൽ ഫോമിലില്ലാത്ത ശിവം ദുബെയ്ക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കാനുള്ള സാധ്യതകളുണ്ട്. ഉയർന്ന ടോട്ടൽ പിറക്കാൻ സാധ്യതയുള്ള പിച്ചാണ് ആന്റിഗ്വയിലേത്. അതുകൊണ്ടുതന്നെ, സഞ്ജു സാംസണ് ഒരു അവസരം നൽകണം എന്നാണ് വിദഗ്ദരും അഭിപ്രായപ്പെടുന്നത്.
എന്നാൽ ഓസ്ട്രേലിയക്കെതിരായ ആദ്യ സൂപ്പർ 8 പോരാട്ടത്തിൽ ബംഗ്ലാദേശ് എല്ലാ രീതിയിലും തകരുകയായിരുന്നു. നായകൻ നജ്മുൽ ഹൊഹസൈൻ ഷാന്റോയിലാണ് ബംഗ്ലാദേശിന്റെ ബാറ്റിങ് പ്രതീക്ഷകൾ. ഇന്ത്യക്കെതിരെ വിജയിച്ച് സെമി സാധ്യതകൾ നിലനിർത്താനുള്ള ശ്രമത്തിലാണ് ബംഗ്ലാദേശ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മഴ തടസപ്പെടുത്തിയതോടെ ഡി.എൽ.എസ് മെത്തേഡിലൂടെയാണ് ബംഗ്ലാദേശിന്റെ തോൽവി വിധിക്കപ്പെട്ടത്. എന്നാൽ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം ഇന്ന് മഴയെത്താനുള്ള സാധ്യതകൾ കുറവാണ്.