
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വമ്പൻ ജയം. ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 11.5 ഓവറിൽ ഇന്ത്യ മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കുകയായിരുന്നു.
ഇന്ത്യ ഏഴ് വിക്കറ്റിന് വിജയച്ചിപ്പോൾ ബാറ്റിങ്ങിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ഹാർദിക് പാണ്ഡ്യയായിരുന്നു. 16 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 39 റൺസാണ് ഹാർദിക് സ്വന്തമാക്കിയത്. ഓപ്പണിങ് റോളിൽ ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ 19 പന്തിൽ 29 റൺസെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 14 പന്തിൽ 29 റൺസും അഭിഷേക് ശർമ 7 പന്തിൽ 16 റൺസുമെടുത്ത് പുറത്തായി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ ഓവറിൽ നാല് റൺസെടുത്ത് ലിട്ടൻ ദാസ് പുറത്തായതിനു തൊട്ടുപിന്നാലെ എട്ട് റൺസ് നേടി പർവേസ് ഹുസൈനും കൂടാരം കയറി. എന്നാൽ നജ്മുൽ ഹൊസൈൻ ഷാൻ്റോ 27 പന്തിൽ 25 റൺസും
മെഹ്ദി ഹസൻ മിറാസ് 32 പന്തിൽ 35 റൺസും നേടി ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കേറിലെത്തിച്ചു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങാണ് കളിയിലെ താരം.