തിരിച്ചടി നല്‍കി ഇന്ത്യ; സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്‍റെ വിജയം

47 പന്തില്‍ എട്ട് സിക്‌സും ഏഴ് ബൗണ്ടറിയുമായി 100 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍
Published on

ടി-20 ആദ്യ മത്സരത്തിലെ തോല്‍വിക്ക് തിരിച്ചടി നല്‍കി ഇന്ത്യ. സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യന്‍ യുവനിര കരസ്ഥമാക്കിയത്. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് 18.4 ഓവറില്‍ 134 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്ലിന്‍റെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗില്ലൊഴികെ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയവരെല്ലാം സിംബാബ്‌വെ ബൗളിങ് നിരയെ കണക്കിന് പ്രഹരിച്ചു. 47 പന്തില്‍ എട്ട് സിക്‌സും ഏഴ് ബൗണ്ടറിയുമായി 100 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഋതുരാജ് ഗെയ്ക്വാദ് (77), റിങ്കു സിങ് (48) എന്നിവരും കൂടി ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു.

അവസാന പത്തോവറില്‍ ഇന്ത്യ നേടിയത് 160 റണ്‍സാണ്. ടി-20 മത്സരത്തില്‍ അവസാന പത്തോവറില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2007 ല്‍ കെനിയക്കെതിരെ നേടിയ 159 റണ്‍സെന്ന റെക്കോര്‍ഡാണ് മറികടന്നത്. മത്സരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി പിറന്നു. രോഹിത് ശര്‍മയുടെ ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോര്‍ഡാണ് അഭിഷേക് ശര്‍മയിലൂടെ മാറ്റിയെഴുതപ്പെട്ടത്. ഐപിഎല്‍-ദേശീയ മത്സരങ്ങളില്‍ നിന്നുമായി 50 സിക്‌സറുകളാണ് ഈ കലണ്ടര്‍ വര്‍ഷത്തില്‍ അഭിഷേക് ശര്‍മ അടിച്ചു കൂട്ടിയത്. 46 സിക്‌സറുകളായിരുന്നു രോഹിത്തിന്‍റെ റെക്കോര്‍ഡ്.

ഇന്ത്യ ഉയര്‍ത്തിയ 234 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെയുടെ കളി 18.4 ഓവറില്‍ അവസാനിച്ചു. തുടര്‍ച്ചയായ വിക്കറ്റ് നഷ്ടം സിംബാബ്‌വെയെ ലക്ഷ്യത്തില്‍ നിന്നും അകറ്റി നിര്‍ത്തി. 39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്‌വരയാണ് സിംബാബ്‌വെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ കളി സമനിലയിലായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com