
2025ൽ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹൈബ്രിഡ് മാതൃക പിന്തുടരില്ല എന്നതാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി ഐസിസിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യയെ കൊണ്ടുവരേണ്ടത് ഐസിസിയുടെ ചുമതലയാണെന്നും അറിയിച്ചതായാണ് സൂചന.
ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകുമോ എന്നതില്‍ ബിസിസിഐ ഇതുവരെ ഔദ്യോഗികമായ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ പാകിസ്താനില്‍ പോവാനുള്ള സാധ്യത കുറവാണെന്നും ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലോ ദുബായിലോ നടത്തണമെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ബിസിസിഐയുടെ നിലപാടും ഇതുതന്നെയാവാനാണ് സാധ്യത. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക കേന്ദ്ര സര്‍ക്കാരാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
എന്നാല്‍ ടൂര്‍ണമെന്‍റിലെ മുഴുവന്‍ മത്സരങ്ങളും പാകിസ്താനില്‍തന്നെ നടത്തണമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനം. ഹൈബ്രിഡ് മോഡല്‍ ഉണ്ടായിരിക്കില്ല. ഇന്ത്യന്‍ ടീമിനെ പാകിസ്താനിലെത്തിക്കേണ്ട ഉത്തരവാദിത്വം ഐസിസിക്കാണെന്നും അത് പിസിബിയുടെ പണിയല്ലെന്നും മൊഹ്‌സിന്‍ നഖ്‌വി അധികൃതരെ അറിയിച്ചതായാണ് സൂചന.