താരങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം പ്രാധാന്യം; ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകേണ്ടതില്ലെന്ന് മുൻ താരം

1996ന് ശേഷം പാകിസ്താൻ ഐസിസി ടൂർണമെന്റുകൾക്കൊന്നും ആതിഥേയത്വം വഹിച്ചിട്ടില്ല. 2008ലെ ഏഷ്യാ കപ്പ് കളിക്കാനാണ് ഇന്ത്യ അവസാനമായി പാകിസ്താനിലേക്ക് പോയത്
താരങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം പ്രാധാന്യം; ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകേണ്ടതില്ലെന്ന് മുൻ താരം
Published on

ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്കു പോകരുതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. താരങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം പ്രാധാന്യം നൽകേണ്ടത് എന്നാണ് ഹർഭജന്‍ സിങ് പറഞ്ഞത്. ചാംപ്യൻസ് ട്രോഫി കളിക്കാൻ പാക്കിസ്താനിലേക്കു പോകാമെന്ന് ബിസിസിഐ ഇതുവരെ സമ്മതിച്ചിട്ടില്ല. അതേസമയം മത്സരങ്ങൾ പാക്കിസ്ഥാനു പുറത്തേക്കു മാറ്റാനാകില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് പിസിബി.

‘‘എന്തിന് ഇന്ത്യൻ ടീം പാകിസ്താനിലേക്കു പോകണം? അവിടെ സുരക്ഷാ പ്രശ്നമുണ്ട്. എല്ലാ ദിവസവും ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്ന സ്ഥലമാണ് പാകിസ്താൻ. അവിടേക്ക് പോകുന്നത് സുരക്ഷിതമാണെന്ന് തോന്നുന്നില്ല. ബിസിസിഐ എടുത്ത നിലപാട് പൂർണമായും ശരിയാണ്. താരങ്ങളുടെ സുരക്ഷയേക്കാളും വലുതായി വേറൊന്നുമില്ല.’’ ഹർഭജൻ സിങ് വ്യക്തമാക്കി. ബിസിസിഐയുടെ ശക്തമായ സമ്മർദത്തെത്തുടർന്ന് കഴിഞ്ഞ വർഷം പാകിസ്താനിൽ നടന്ന ഏഷ്യാകപ്പിലെ പ്രധാന കളികൾ പലതും ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. ഇന്ത്യയുടെ കളികളാണ് ശ്രീലങ്കയിൽ നടത്തിയത്.

ചാംപ്യൻസ് ട്രോഫിയുടെ കരട് മത്സര ക്രമം ഉൾപ്പെടെ തയാറാക്കി പിസിബി ഐസിസിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ കളികൾ ലാഹോറിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മത്സരക്രമത്തിന്റെ കാര്യം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കേണ്ടത് ഐസിസിയാണെന്ന് പിസിബി പ്രതിനിധികൾ പറഞ്ഞിരുന്നു. ഇന്ത്യ ചാംപ്യൻസ് ട്രോഫി സെമിയിലേക്കും ഫൈനലിലേക്കും കടന്നാൽ ആ കളികളും ലാഹോറിൽ തന്നെ നടത്താമെന്നാണ് പാകിസ്താന്റെ നിലപാട്.

1996ന് ശേഷം പാകിസ്താൻ ഐസിസി ടൂർണമെന്റുകൾക്കൊന്നും ആതിഥേയത്വം വഹിച്ചിട്ടില്ല. 2008ലെ ഏഷ്യാ കപ്പ് കളിക്കാനാണ് ഇന്ത്യ അവസാനമായി പാകിസ്താനിലേക്ക് പോയത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് കളിക്കാൻ പാകിസ്താൻ ടീം ഇന്ത്യയിലെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com