
ഇന്ത്യക്കെതിരായ ഒന്നാം ട്വന്‍റി20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 214 റണ്‍സ് വിജയലക്ഷ്യം.ആദ്യം ബാറ്റുചെയ്ത ടീം ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. 4 വിക്കറ്റെടുത്ത മതീഷ പതിരാണയാണ് ഇന്ത്യയുടെ ബാറ്റിങ് കുതിപ്പിന് തടയിട്ടത്.
ട്വന്‍റി20 ടീമിന്‍റെ സ്ഥിരം നായകനായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂര്യ കുമാര്‍ യാദവിനും സംഘത്തിനും ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും നല്‍കിയത്. ടീം സ്കോര്‍ 74 -ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി ശ്രീലങ്ക ആദ്യ വിക്കറ്റ് സ്വന്തമാക്കി. 16 പന്തില്‍ 34 റണ്‍സ് നേടിയ ഗില്ലിനെ മധുശങ്കയുടെ പന്തില്‍ ഫെര്‍ണാണ്‍ഡോ ക്യാച്ചിലൂടെ പുറത്താക്കി. തൊട്ടുപിന്നാലെ യശസ്വിയെ പുറത്താക്കി ലങ്കയുടെ രണ്ടാം പ്രഹരം. 21 പന്തില്‍ 41 റണ്‍സെടുത്ത ജയ്സ്വാളിനെ കുശാല്‍ മെന്‍ഡിസ് സ്റ്റംപിങ്ങിലൂടെ പുറത്താക്കുകയായിരുന്നു.
പിന്നാലെയെത്തിയ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് നായകന്‍ സൂര്യകുമാര്‍ യാദവ് ടീം സ്കോര്‍ സാവധാനം ഉയര്‍ത്തി. അര്‍ധ സെഞ്ചുറിയുമായി കുതിച്ച സൂര്യയെ പതിരാണ വിക്കറ്റിന് മുന്നില്‍ കുടുക്കി. 14-ാം ഓവറില്‍ ലങ്ക മൂന്നാം വിക്കറ്റ് വീഴത്തി. 26 പന്തില്‍ നിന്ന് 8 ഫോറും 2 സിക്സും അടക്കം 58 റണ്‍സായിരുന്നു ക്യാപ്റ്റന്‍റെ സംഭാവന. ഒരു വശത്ത് സ്കോറിങിന് വേഗത കൂട്ടിയ ഋഷഭ് പന്തിന് പിന്തുണ നല്‍കിയിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കി പതിരാണ ഇന്ത്യയുടെ നാലാം വിക്കറ്റ് വീഴ്ത്തി. 10 പന്തില്‍ 9 റണ്‍സായിരുന്നു ഹാര്‍ദികിന്‍റെ സമ്പാദ്യം. 7 റണ്‍സെടുത്ത റിയാന്‍ പരാഗിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി പതിരാണ മൂന്നാം വിക്കറ്റും സ്വന്തമാക്കി. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ ഋഷഭ് പന്തിനെ ബൗള്‍ഡ് ആക്കി പതിരാണ ഇന്ത്യന്‍ കുതിപ്പിന് കടിഞ്ഞാണിട്ടു. അവസാന ഓവറിലെ നാലാം പന്തില്‍ റിങ്കു സിങ്ങിനെ പുറത്താക്കി ഫെര്‍ണാണ്ടോ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പോരാട്ടം അവസാനിപ്പിച്ചു.