
ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ആതിഥേയരായ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ക്യാംപെയിൻ ആരംഭിച്ചു. സുഖ്ജിത് സിങ്, ഉത്തം സിങ്, അഭിഷേക് എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. ഒളിംപിക്സിൽ തുടർച്ചായ രണ്ടാം വെങ്കലവും നേടിയതിന് ശേഷമാണ് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ മത്സരത്തിനിറങ്ങിയത്. നിലവിലെ ചാംപ്യന്മാർ കൂടിയാണ് ഇന്ത്യ.
ചൈന മികച്ച പ്രതിരോധം കാഴ്ച്ചവച്ചെങ്കിലും ഇന്ത്യയുടെ ആക്രമണോത്സുക ശൈലിക്ക് മുന്നിൽ അടിപതറുകയായിരുന്നു. പതിനാലാം മിനിറ്റിൽ സുഖ്ജിത് സിങ്ങാണ് ഇന്ത്യക്കായി ലീഡ് നേടിയത്. 27-ാം മിനിറ്റിൽ ഉത്തം സിങ് നേട്ടം ഇരട്ടിയാക്കി. അങ്ങനെ ഹാഫ് ടൈമിന് പിരിയും മുമ്പേ ഇന്ത്യ മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അഭിജിത്തിന്റെ മനോഹരമായ ഒരു റിവേഴ്സ് ഹിറ്റിലൂടെ ഇന്ത്യ ചൈനയുടെ ഗോൾ മുഖത്തേക്ക് മൂന്നാം പ്രഹരവുമേകി. അങ്ങനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യൻ വിജയം.
തിങ്കളാഴ്ച്ച നടക്കുന്ന പൂൾ മത്സരത്തിൽ ജപ്പാനാണ് ഇന്ത്യയുടെ അടുത്ത എതിരാളി. നിലവിലെ ചാംപ്യന്മാരായ ഇന്ത്യ നാല് തവണയാണ് ചാംപ്യൻസ് ട്രോഫി നേടിയിട്ടുള്ളത്. 2022ൽ തങ്ങളുടെ നാലാം കിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയത് സ്വന്തം മണ്ണിൽ വെച്ച് നടന്ന ടൂർണമെന്റിലായിരുന്നു എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടിയിരുന്നു.
ടൂർണമെന്റിലെ മറ്റ് മത്സരങ്ങളും ആവേശകരമായ അനുഭവമാണ് കാണികൾക്ക് പകർന്നത്. മലേഷ്യ - പാകിസ്താൻ മത്സരം സമനിലയിലാണ് കലാശിച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. മറ്റൊരു ഏറ്റുമുട്ടലിൽ ജപ്പാനും കൊറിയയും അഞ്ച് ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞു.