
പാരിസ് ഒളിംപിക്സ് ഗുസ്തി ഫൈനല്‍ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി ചോദ്യം ചെയ്ത് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐഒഎ അപ്പീല്‍ നല്‍കി. വനിതകളുടെ 50 കിലോ വിഭാഗം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു അയോഗ്യത. ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ താരത്തെ അയോഗ്യയാക്കിയത്.
'വനിതാ ഗുസ്തി 50 കിലോ വിഭാഗത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാർത്ത ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവയ്ക്കുന്നത്. രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും, ഇന്ന് രാവിലെ വിനേഷിന്‍റെ ഭാരം 50 കിലോഗ്രാമിൽ കൂടുതലായി. ഈ സമയം കൂടുതൽ അഭിപ്രായങ്ങളൊന്നും നടത്തുന്നില്ല. വിനേഷിൻ്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇന്ത്യൻ ടീം അഭ്യർത്ഥിക്കുന്നു. കൈയിലുള്ള മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടീം ആഗ്രഹിക്കുന്നു' - ഇന്ത്യന്‍ ഒളിംപിക് സംഘം എക്സില്‍ പങ്കുവെച്ചു.
ഭാരം കുറയ്ക്കുന്നതിനായി അമിത വ്യായാമം ചെയ്തതിനെ തുടര്‍ന്നുണ്ടായ നിര്‍ജലീകരണം മൂലം ഇന്ന് രാവിലെ വിനേഷ് ഫോഗട്ട് ബോധരഹിതയായിരുന്നു. ഇതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫോഗട്ടിന്റെ അയോഗ്യതയോടെ ഫൈനല്‍ മത്സരം ഒഴിവാകും. 50 കിലോഗ്രാം ഗുസ്തി മത്സരത്തില്‍ സ്വര്‍ണം വെങ്കല മെഡലുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. ഫോഗട്ട് അയോഗ്യയായതോടെ 50 കിലോ ഗുസ്തിയില്‍ അമേരിക്കന്‍ താരം സാറ ആന്‍ ഹില്‍ഡെബ്രാന്‍ഡ് വിജയിയാകും. ലോക ഒന്നാം നമ്പര്‍ താരം യുയി സുസാകി, യുക്രെയ്ന്‍, ക്യൂബ എന്നിങ്ങനെ വലിയ താരങ്ങളെ പരാജയപ്പെടുത്തിയാണ് ഫോഗട്ട് ഫൈനല്‍ വരെ എത്തിയത്.