

ഗ്ലാസ്ഗോ : കോമണവെൽത്ത് ഗെയിംസിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഇന്ത്യൻ താരത്തെ പുറത്താക്കി. ജൂഡോ താരം അരുൺ കുമാർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഗെയിംസിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് കണ്ടെത്തൽ. സമീപകാലത്തായി മികച്ച അന്താരാഷ്‌ട്ര നേട്ടങ്ങൾ കൈവരിച്ച കായികതാരമാണ് അരുൺ. രാജസ്ഥാനിലെ രജപുത്താന റൈഫിൾസിലെ സൈനികൻ കൂടിയാണ് ഇയാൾ.
ഇന്ന് രാത്രി 10.30-നാണ് സ്‌കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ കോമണവെൽത്ത് ഗെയിംസിൻ്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. മത്സരങ്ങൾ വെള്ളിയാഴ്ചയാണ് തുടങ്ങുക. ഗ്ലാസ്ഗോയിലെ ഹൈഡ്രോ സ്റ്റേഡിയമാണ് മുഖ്യവേദി.
ഗാബോൺ, ടോഗോ എന്നീ രാജ്യങ്ങൾകൂടി എത്തിയതോടെ മത്സരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 74 ആയി ഉയർന്നു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ഇക്കുറി കോമൺവെൽത്ത് ഗെയിംസ് നടക്കേണ്ടിയിരുന്നത്. ചെലവ് താങ്ങാനാകില്ലെന്ന കാരണത്താൽ ഗെയിംസ് നടത്തിപ്പിൽ നിന്ന് ഓസ്ട്രേലിയ പിൻമാറുകയായിരുന്നു. തുടർന്നാണ് സ്‌കോട്ലൻഡ് ആതിഥേയത്വം ഏറ്റെടുത്തത്.