
ഇന്ത്യന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ സജീവ ടെന്നീസില്‍ നിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപനം. പാരീസില്‍ വെച്ച് നടന്ന ടെന്നീസ് തോല്‍വിക്ക് പിന്നാലെയാണ് 22 വര്‍ഷം നീണ്ടു നിന്ന കരിയർ അവസാനിപ്പിക്കുകയാണെന്ന് താരം പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ടെന്നീസില്‍ നിന്നും വിരമിക്കുകയാണെന്നും പാരീസില്‍ വെച്ച് നടന്നത് തന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരമാണെന്നും ബൊപ്പണ്ണ അറിയിച്ചു. 2026 ല്‍ ജപ്പാനില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും ബൊപ്പണ്ണയുണ്ടാവില്ല.
'ഇപ്പോള്‍ ഞാന്‍ ഇവിടെ എത്തി നില്‍ക്കുന്നു എന്നത് തന്നെ വലിയ ബോണസാണ്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. 2002 ല്‍ കരിയര്‍ ആരംഭിക്കുമ്പോള്‍ മുതല്‍ ഇപ്പോഴും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ എനിക്ക് സാധിച്ചു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു,' ബൊപ്പണ്ണ പറഞ്ഞു.
പാരീസ് ഒളിംപിക്‌സില്‍ പുരുഷ ഡബിള്‍സ് ഓപ്പണിംഗ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്‍ഫില്‍സ് സഖ്യത്തോടാണ് ബെപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടത്.