വാക്‌സിന്‍ ഭീമന്‍ ആര്‍സിബി വാങ്ങുമോ? ചര്‍ച്ചയായി എക്‌സ് പോസ്റ്റ്

ശരിയായ വിലയിരുത്തലില്‍ ആര്‍സിബി മികച്ച ടീമാണെന്നാണ് വാക്‌സിന്‍ ഭീമന്റെ എക്‌സ് പോസ്റ്റ്.
Image: X
Image: X
Published on

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വില്‍പ്പനയ്‌ക്കെന്ന വാര്‍ത്ത പുറത്തു വന്നിട്ട് നാളുകളായി. എന്നാല്‍, ആരാണ് ഫ്രാഞ്ചൈസി വാങ്ങുന്നത് എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടയിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി ആദാര്‍ പൂനാവാലയുടെ എക്‌സ് പോസ്റ്റ് ചര്‍ച്ചയാകുന്നത്.

ഐപിഎല്‍ ചരിത്രത്തിലാദ്യമായി കപ്പ് നേടിയതിനു പിന്നാലെയാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആര്‍സിബി വില്‍ക്കുകയാണെന്ന വാര്‍ത്ത വരുന്നത്. നിലവില്‍ അമേരിക്കന്‍ കമ്പനിയായ ഡിയാജിയോ പിഎല്‍സി ഇന്ത്യയിലെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡാണ് ആര്‍സിബിയുടെ ഉടമകള്‍.

Image: X
ഇംഗ്ലണ്ടിൽ നിർത്തിയിടത്ത് നിന്ന് തുടങ്ങി സിറാജ്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് വിക്കറ്റ് വേട്ടയിൽ വൻ മുന്നേറ്റം

പിന്നാലെ ബെംഗളൂരുവില്‍ നടന്ന വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരണപ്പെട്ടിരുന്നു.

ആര്‍സിബി വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് ഫ്രാഞ്ചൈസി വാങ്ങുന്നുവെന്ന സൂചന ആദാര്‍ പൂനാവാല നല്‍കിയത്. ശരിയായ വിലയിരുത്തലില്‍ ആര്‍സിബി മികച്ച ടീമാണെന്നാണ് വാക്‌സിന്‍ ഭീമന്റെ എക്‌സ് പോസ്റ്റ്.

ആര്‍സിബി വാങ്ങുന്നതിനേക്കാള്‍ മികച്ച നിക്ഷേപം ഇപ്പോള്‍ ഇല്ലെന്ന് ഐപിഎല്ലിന്റെ ആദ്യ കമ്മീഷണറായ ലളിത് മോദിയുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ് പൂനാവാലയുടെ പോസ്റ്റും വരുന്നത്.

2008 ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ഉടമ. പിന്നീട് മല്യ കടക്കെണിയില്‍ അകപ്പെട്ടതോടെ യുണൈറ്റഡ് സ്പിരിറ്റ്സ് വഴി ഡിയോജിയോ ഫ്രൈഞ്ചൈസി ഏറ്റെടുക്കുകയായിരുന്നു.

ഫ്രാഞ്ചൈസിക്കായി ഏകദേശം 200 കോടി ഡോളര്‍ ആണ് വിലയായി ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തുകയ്ക്ക് ആരെങ്കിലും ഫ്രാഞ്ചൈസി വാങ്ങിയാല്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ഒറ്റ ടീം ആസ്തികളില്‍ ഒന്നായി ഇത് മാറും.

അതേസമയം, ടീം വില്‍ക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നല്‍കാന്‍ യുണൈറ്റഡ് സ്പിരിറ്റ്‌സ് തയ്യാറായിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com