ഇതാരാ, പുതിയ റണ്‍ മെഷീനോ? വെടിക്കെട്ട് തീര്‍ത്ത് കൈനിറയെ റെക്കോര്‍ഡുകള്‍ നേടി ജയ്സ്വാള്‍

മൂന്നു ദിവസം മഴയില്‍ കുതിര്‍ന്ന രണ്ടാം ടെസ്റ്റിന് ആവേശം നല്‍കിയത് ഇന്ത്യന്‍ ബാറ്റര്‍മാരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ്
ഇതാരാ, പുതിയ റണ്‍ മെഷീനോ? വെടിക്കെട്ട് തീര്‍ത്ത് കൈനിറയെ റെക്കോര്‍ഡുകള്‍ നേടി ജയ്സ്വാള്‍
Published on

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശര്‍മയ്‌ക്കൊപ്പം വെടിക്കെട്ട് ബാറ്റിങ് നടത്തി കളിയുടെ ഗതിമാറ്റിയ ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 51 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സറുകളുമടക്കം 72 റണ്‍സാണ് മത്സരത്തില്‍ ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ഇതോടെ 2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാലഘട്ടത്തില്‍ ജയ്‌സ്വാള്‍ 1166 റണ്‍സാണ് സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കാലചക്രത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്. അജിങ്ക്യ രഹാനയുടെ റെക്കോഡാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. 2021-23 വര്‍ഷത്തില്‍ 1159 റണ്‍സാണ് രഹാനെ നേടിയിരുന്നത്.

ആകെ റണ്‍സിന്റെ കണക്കില്‍ 2023-25 വര്‍ഷത്തിലെ രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ഇംഗ്ലീഷ് താരം ജോ റൂട്ടാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്. മത്സരത്തില്‍ മറ്റൊരു റെക്കോഡ് കൂടി ജയ്‌സ്വാള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന വേഗതയേറിയ അര്‍ധ സെഞ്ച്വറി എന്ന നേട്ടമാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. 31 പന്തിലാണ് ബംഗ്ലാദേശിനെതിരെ ജയ്‌സ്വാള്‍ അര്‍ധ ശതകം കുറിച്ചത്.


മൂന്നു ദിവസം മഴയില്‍ കുതിര്‍ന്ന രണ്ടാം ടെസ്റ്റിന് ആവേശം നല്‍കിയത് ഇന്ത്യന്‍ ബാറ്റര്‍മാരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ്. 437 റണ്‍സ് പിറക്കുകയും 18 വിക്കറ്റുകള്‍ പൊഴിയുകയും ചെയ്ത നാലാം ദിവസത്തെ കളി, ടെസ്റ്റിന് ഫലമുണ്ടാകുമെന്ന പ്രതീക്ഷയും ബാക്കി വെക്കുന്നുണ്ട്. ടെസ്റ്റിലെ റണ്‍വേട്ടയില്‍ ഇന്ത്യ റെക്കോഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. വേഗമേറിയ 50 റണ്‍സ് മുതല്‍ 250 റണ്‍സ് വരെ ഇന്ത്യയുടെ പേരിലായി.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ബാസ്ബോള്‍ ശൈലിയാണ് മത്സരത്തെ പൊടുന്നനെ സജീവമാക്കിയത്. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ദേശത്തില്‍ അതിവേഗമാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്.


34.4 ഓവറില്‍ ഒമ്പത് വിക്കറ്റിന് 285 റണ്‍സടിച്ച് 52 റണ്‍സ് ലീഡോടെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ കളി അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റും വീഴ്ത്തി നിയന്ത്രണം ഏറ്റെടുത്തു. 26 റണ്‍സിന് ഇനിയും പുറകിലാണ് സന്ദര്‍ശകര്‍. ബംഗ്ലാദേശ് ആദ്യ ഇന്നിങ്സില്‍ 233 റണ്‍സിന് പുറത്തായി. മത്സരത്തിൽ ഇന്ത്യ ജയത്തിനരികെയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com