
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡുമായാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളി അവസാനിപ്പിച്ചത്. ഏകദിനത്തിലും ടെസ്റ്റിലുമായി, മറ്റാര്‍ക്കും എളുപ്പത്തില്‍ കീഴടക്കാനാകാത്ത ഒരുപിടി റെക്കോഡും താരം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ റണ്‍മല താണ്ടാന്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് സാധിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പക്ഷം. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ഫോമില്‍ ബാറ്റ് വീശുന്ന താരം, ശ്രീലങ്കയ്ക്കെതിരെ രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും റൂട്ട് സ്വന്തമാക്കി. ഈ ഫോം തുടര്‍ന്നാല്‍ സച്ചിന്റെ റെക്കോഡും താരം മറികടന്നേക്കുമെന്നാണ് ആരാധകര്‍ക്കൊപ്പം കളിനിരീക്ഷകരും പറയുന്നത്.
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ ജോ റൂട്ട് ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ 143 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 103 റണ്‍സുമാണ് നേടിയത്. ഇതോടെ, ടെസ്റ്റ് ക്രിക്കറ്റില്‍ റൂട്ടിന്റെ പേരില്‍ 34 സെഞ്ച്വറികളായി. അലിസ്റ്റര്‍ കുക്കിന്റെ റെക്കോഡാണ് ലോര്‍ഡ്‍സില്‍ റൂട്ട് തിരുത്തിയെഴുതിയത്. മാത്രമല്ല, നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികളുള്ളതും റൂട്ടിനാണ്. മാത്രമല്ല, ഓസീസിന്റെ സ്റ്റീവ് സ്മിത്ത്, കീവിസിന്റെ കെയ്‌ൻ വില്യംസണ്‍, ഇന്ത്യയുടെ വിരാട് കോലി എന്നിവരുള്‍പ്പെട്ട ഫാബുലസ് ഫോറിലും സെഞ്ച്വറികണക്കില്‍ റൂട്ട് തന്നെയാണ് മുന്നില്‍.
റണ്‍സിന്റെ കാര്യം നോക്കുമ്പോള്‍, 145 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 12,377 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. 34 സെഞ്ച്വറിക്കൊപ്പം 64 അര്‍ധ സെഞ്ച്വറിയുമുണ്ട്. 200 മത്സരങ്ങളില്‍നിന്ന് 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 15,921 റണ്‍സ് കുറിച്ചായിരുന്നു സച്ചിന്റെ മടക്കം. റണ്‍സിന്റെ കാര്യത്തില്‍ ഏഴാം സ്ഥാനത്താണ് റൂട്ട്. എന്നാല്‍ തനിക്കു മുന്നില്‍ ഇപ്പോഴും ടെസ്റ്റില്‍ സജീവമായ താരങ്ങളൊന്നുമില്ല. സ്മിത്ത് 15മതും, കോഹ്‍ലി 19മതും ആണ്. ഇംഗ്ലണ്ട് കളിക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ എണ്ണവും റൂട്ടിന്റെ കഴിവും പരിഗണിച്ചാല്‍ സച്ചിൻ പടുത്തുയര്‍ത്തിയ റണ്‍മല താണ്ടാന്‍ താരത്തിന് അധികം സമയം വേണ്ടിവരില്ലെന്ന് സാരം.
എന്നാല്‍, ഞാനിങ്ങനെ കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ജോ റൂട്ടിന്റെ പ്രതികരണം. ടീമിനായി കുറച്ചുകൂടി എന്തെങ്കിലും ചെയ്യാനായി ശ്രമിക്കുന്നു. എനിക്കാവുന്നത്ര റണ്‍സ് നേടാന്‍ ശ്രമിക്കുന്നു. അതിനേക്കാള്‍ വലിയ തോന്നലൊന്നുമില്ല. ഒരു സെഞ്ച്വറി നേടുന്നത് തീര്‍ച്ചയായും സന്തോഷമുള്ള കാര്യമാണ്. അങ്ങനെയല്ലെന്ന് പറഞ്ഞാല്‍, അത് നുണയാകും. കളിക്കാന്‍ തുടങ്ങിയതിന്റെയും, അതിനെ സ്നേഹിക്കുന്നതിന്റെ വലിയൊരു ഭാഗമാണത് -താരം പറയുന്നു.
സച്ചിന്റെ റെക്കോഡില്‍ കണ്ണുണ്ടോ? എന്ന ചോദ്യത്തിനും റൂട്ടിന് കൃത്യമായ മറുപടിയുണ്ട്."ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നതിനേക്കാള്‍ വലിയ വികാരമില്ല. അത് കളിയില്‍ പ്രതിഫലിക്കും. ടീമിലേക്ക് കൂടുതല്‍ എന്തെങ്കിലും നല്‍കാനാകും. അതാണ് മഹത്തരം. അതിലാണ് പ്രധാന ശ്രദ്ധ. ഇതേ മാനസികാവസ്ഥയില്‍, ഇതുപോലുള്ള കൂടുതല്‍ ദിവസങ്ങള്‍ വരുമെന്നാണ് പ്രതീക്ഷ" -ഇംഗ്ലണ്ട് ക്രിക്കറ്റ് എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ റൂട്ട് പറയുന്നു.