ഇതിഹാസ താരം ജോൺ സീന ഡബ്ല്യൂ.ഡബ്ല്യൂ.ഇയിൽ നിന്ന് വിരമിക്കുന്നു

47കാരനായ ജോൺ വേദിയിലെത്തിയപ്പോൾ 'ജോൺ സീന  ഫെയർവെൽ ടൂർ 2025', 'ദി ലാസ്റ്റ് ടൈം ഈസ് നൗ' എന്നീ ബാനറുകൾ വേദിയിൽ ഉയർന്നത് കാണികളെ അമ്പരപ്പിച്ചു
ഇതിഹാസ താരം ജോൺ സീന ഡബ്ല്യൂ.ഡബ്ല്യൂ.ഇയിൽ നിന്ന് വിരമിക്കുന്നു
Published on

16 തവണ ലോക ചാമ്പ്യനായ ഇതിഹാസ താരം ജോൺ സീന ഡബ്ല്യൂ.ഡബ്ല്യൂ.ഇയിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നു. 2025ൽ നടക്കുന്ന ലാസ് വെഗാസിലെ റോയൽ റംബിൾ, എലിമിനേഷൻ ചേംബർ, റെസിൽമാനിയ 41 എന്നിവ തൻ്റെ അവസാനത്തെ മത്സരങ്ങളായിരിക്കുമെന്ന് 16 തവണ ലോക ചാമ്പ്യനായ ജോൺ സീന വെളിപ്പെടുത്തി. ജനുവരിയിൽ റോ നെറ്റ്ഫ്ലിക്സിലേക്ക് മാറുമ്പോൾ അതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ടൊറാന്റോയിൽ ഡബ്ല്യൂ.ഡബ്ല്യൂ.ഇ 'മണി ഇൻ ദി ബാങ്ക്' മത്സരവേദിയിലേക്ക് സർപ്രൈസ് എൻട്രി നടത്തിയാണ് ജോൺ സീന ഈ പ്രഖ്യാപനം നടത്തിയത്. 47കാരനായ ജോൺ വേദിയിലെത്തിയപ്പോൾ 'ജോൺ സീന  ഫെയർവെൽ ടൂർ 2025', 'ദി ലാസ്റ്റ് ടൈം ഈസ് നൗ' എന്നീ ബാനറുകൾ വേദിയിൽ ഉയർന്നത് കാണികളെ അമ്പരപ്പിച്ചു.

"കഴിഞ്ഞ രണ്ട് ദശകങ്ങളായി ഞാൻ ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഭാഗമായിരുന്നു. ഇപ്പോഴത്തേത് പോലുള്ള അമ്പരപ്പിക്കുന്ന പുരോഗതി ഈ മേഖലയിൽ നമുക്ക് സൃഷ്ടിക്കാനായി. ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഏറെ പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ രംഗത്ത് നിരവധി പ്രയാസങ്ങളും ഞാൻ അനുഭവിച്ചിട്ടുണ്ട്. ആർക്കും എൻ്റെ പേരറിയാത്തൊരു കാലമുണ്ടായിരുന്നു. പലരും എന്നോട് കൂട്ടുകൂടാൻ പോലും മടിച്ചുനിന്നിരുന്ന ആ കാലഘട്ടത്തിൽ എൻ്റെ വിശ്വസ്തരായ ആരാധകർ മാത്രമാണ് ഒപ്പം നിന്നത്," ജോൺ സീന പറഞ്ഞു.

2001ലാണ് താരം ഡബ്ല്യൂ.ഡബ്ല്യൂ.ഇയുമായി കരാറിലെത്തിയത്. 2002 മുതല്‍ അദ്ദേഹം സ്‌മാക്ക്‌ ഡൗണിന്‍റെ ഭാഗമാണ്. 2005ലാണ് ജോൺ ആദ്യമായി ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. പിന്നീട് 16 തവണ ലോക ചാമ്പ്യനായി തന്റെ സിംഹാസനം അറക്കിട്ടുറപ്പിച്ചു. 13 വട്ടം ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചാമ്പ്യന്‍ഷിപ്പും, മൂന്ന് തവണ ഹെവി‌വെയ്റ്റ് കിരീടവും നേടി. അഞ്ച് തവണ ഡബ്ല്യൂ.ഡബ്ല്യൂ.ഇ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യനും, രണ്ട് തവണ വീതം ഡബ്ല്യൂ.ഡബ്ല്യൂ.ഇ ടാഗ്‌ ടീം ചാമ്പ്യനും, വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായിട്ടുണ്ട്. ഇതിന് പുറമെ രണ്ടുതവണ റോയല്‍ റമ്പിളും ഒരു തവണ മണി ഇന്‍ ദി ബാങ്കും ജോണ്‍ നേടിയിട്ടുണ്ട്. 2017ലാണ് അവസാനമായി റെസല്‍മാനിയ ജേതാവായത്.

2006ലാണ് ഹോളിവുഡിൽ നടനായി ജോണ്‍ സീന അരങ്ങേറ്റം കുറിച്ചത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9ൽ ക്രൂരനായ വില്ലനായെത്തിയാണ് അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിൽ തിളങ്ങി. സിനിമാ, ടെലിവിഷന്‍ ഷോ തിരക്കുകളെ തുടര്‍ന്ന് ജോണ്‍ സീന 2018 മുതല്‍ ഭാഗികമായാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഭാഗമായിരിക്കുന്നത്. 2025ലെ റോയല്‍ റമ്പിള്‍, എലിമിനേഷന്‍ ചേമ്പര്‍, ലാസ് വെഗാസ് വേദിയാവുന്ന റെസല്‍മാനിയ 41 എന്നിവയായിരിക്കും ആയിരിക്കും ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ ജോണ്‍ സീനയുടെ അവസാന മത്സരങ്ങള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com