
ഐഎസ്എൽ സീസണിലെ ആദ്യ എവേ മത്സരത്തിൽ സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. നോഹ സദൂയിയാണ് ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ സ്വന്തമാക്കിയത്.
രൂപമാറ്റവുമായി ജയം ആവർത്തിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് കാലിടറി. സീസണിലെ ആദ്യ എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ നോർത്ത് ഈസ്റ്റ് സമനിലയിൽ കുരുക്കി. ഇരു ടീമും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ അനവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയത്.
ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന പ്രകടനമാണ് ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് പുറത്തെടുത്തത്. വിംഗിലൂടെ നോർത്ത് ഈസ്റ്റ് താരങ്ങൾ ഇരച്ചുകയറിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ആടിയുലഞ്ഞു. കാവൽക്കാരൻ സച്ചിൻ സുരേഷിൻ്റെ സേവുകളാണ് സഹായകമായത്.
ഇതേ സച്ചിന്റെ പിഴവിലൂടെയാണ് നോർത്ത് ഈസ്റ്റ് 58-ാം മിനിറ്റിൽ മുന്നിലെത്തിയത്. തോൽവി മുന്നിൽക്കണ്ട മഞ്ഞപ്പടയ്ക്ക് നോഹ സദൂയി വീണ്ടും രക്ഷകനായി. സ്കോർ 1-1. ജയം ലക്ഷ്യമിട്ട് 80-ാം മിനിറ്റിൽ നായകൻ അഡ്രിയാൻ ലൂണയെ കോച്ച് മിഖേൽ സ്റ്റാറെ കളത്തിലിറക്കി.
പിന്നാലെ നോഹയെ ഫൗൾ ചെയ്ത നോർത്ത് ഈസ്റ്റ് താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ പത്ത് പേരായി ഹൈലാൻഡേഴ്സ് ചുരുങ്ങി. എന്നിട്ടും കാര്യമായ വെല്ലുവിളി ഉയർത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. ഇഞ്ചുറി ടൈമിൽ ലഭിച്ച രണ്ട് സുവർണാവസരങ്ങൾ ഐമൻ പാഴാക്കിയതോടെ, നിർണായക എവേ ജയവും ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.