
'നിങ്ങള്‍ ജൂതവംശജ ആയതിനാല്‍ ഇനി മുതല്‍ ഇവിടെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല'- ജര്‍മനിയുടെ ഏറ്റവും മികച്ച ലോങ് ജംപ് താരം ഗ്രെറ്റല്‍ ബെര്‍ഗ്മാന് 1933 ല്‍ അവരുടെ സ്പോര്‍ട്സ് ക്ലബില്‍ നിന്നും ലഭിച്ച കത്തിലെ വരികളാണിത്. വൈകാതെ അവരെ ആ ക്ലബില്‍ നിന്നും പുറത്താക്കുകയും ചെയ്തു. 1936ല്‍ സ്വന്തം രാജ്യത്ത് നടന്ന ബര്‍ലിന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഗ്രെറ്റലിന് സാധിച്ചില്ല. അവര്‍ക്ക് പരിശീലനക്കുറവൊ, പരിക്കൊ ഉണ്ടായിരുന്നില്ല. ഗ്രെറ്റല്‍ ജൂതയായിരുന്നു. അവര്‍ പ്രതിനിധീകരിക്കാന്‍ ആഗ്രഹിച്ചത് ജര്‍മനിയെ ആയിരുന്നു. അതുകൊണ്ട് തന്നെ ആ രാജ്യം അടക്കി ഭരിച്ചിരുന്ന നാസികള്‍ ഗ്രെറ്റല്‍ ബെര്‍ഗ്മാന്‍ എന്ന പേര് വെട്ടി. മികച്ചവരില്‍ പലരേയും പുറത്തിരുത്തിയാണ് ബര്‍ലിന്‍ ഒളിമ്പിക്സ് ആരംഭിച്ചത്.
ജര്‍മനിയുടെ കളിമികവ് കാണിക്കാനായിരുന്നില്ല ചാന്‍സിലര്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മനിയില്‍ ഒളിമ്പിക്സ് സംഘടിപ്പിച്ചത്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ആര്യന്‍വംശ മേന്മ ഉയര്‍ത്തിക്കാണിക്കാനുള്ള അവസരമാണ് ഈ കായിക മേളയില്‍ ഹിറ്റ്ലര്‍ കണ്ടത്. നാസികളെ സംബന്ധിച്ച് അവര്‍ ഒളിമ്പിക്സ് ഉത്ഭവിച്ച ഗ്രീക്ക് സംസ്‌കാരത്തിൻ്റെ പിന്തുടര്‍ച്ചക്കാരാണ്. യവന സൗന്ദര്യവും ശാരീരിക ശക്തിയുമുള്ളവരാണ് തങ്ങളെന്ന് അവര്‍ പൊതു വേദികളില്‍ പ്രസംഗിച്ചു. നാസി അല്ലാതിരുന്ന കാള്‍ ഡെയിം മുന്നോട്ട് വെച്ച ദീപശിഖാ പ്രയാണം പോലും നാസികള്‍ പ്രചരണ ആയുധമാക്കി. പിന്നീട് ലോകയുദ്ധ കാലത്ത് ദീപശിഖാ പ്രയാണം നടന്ന ഒളിമ്പ്യക്കും ബര്‍ലിനും ഇടയിലുള്ള ഏഴ് രാജ്യങ്ങള്‍ ജര്‍മന്‍ അധീനതയിലായത് ചരിത്രം. ഹിറ്റ്‌ലറുടെ ആര്യന്‍ വംശ വിശുദ്ധിയുടെ പ്രചരണമേള പക്ഷെ ഒരു ആഫ്രിക്കന്‍ - അമേരിക്കന്‍ കായികതാരത്തിൻ്റെ പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. ജെസി ഓവന്‍സ്.
ഒളിമ്പിക്സിന് എത്തും മുന്‍പ് തന്നെ 100 മീറ്റര്‍, 200 മീറ്റര്‍, ലോങ് ജംപ് എന്നീ ഇനങ്ങളില്‍ ഓവന്‍സ് ലോക റെക്കോര്‍ഡിട്ടിരുന്നു. അമേരിക്കയിലെ വംശീയ വിദ്വേഷ അന്തരീക്ഷത്തില്‍ നിന്നും പൊരുതി മുന്നിലേക്ക് എത്തിയ ഓവന്‍സിന് ജര്‍മനിയിലെ അനുഭവങ്ങള്‍ പുതിയതായിരുന്നു. ഹോട്ടലില്‍ മറ്റ് കായികതാരങ്ങള്‍ക്കൊപ്പം ഭക്ഷണവും താമസവും. അവരുമായി ഇടപഴകുന്നതിന് ഒരുതരത്തിലുമുള്ള വിലക്കുകളുമില്ല. എന്നാല്‍ അമേരിക്കയില്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല.അവിടെ കറുത്ത വംശജര്‍ക്ക് നേരെ നിലനിന്നിരുന്ന വിവേചനങ്ങള്‍ ഇത്തരം അടിസ്ഥാന സൗകര്യങ്ങളില്‍ നിന്നുപോലും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു.
"ഹിറ്റ്‌ലറുമായി ഹസ്തദാനത്തിന് എനിക്ക് ക്ഷണം ലഭിച്ചിട്ടില്ല. അതേപോലെ വൈറ്റ് ഹൗസില്‍ പ്രസിഡൻ്റുമായും", പിന്നീട് ഓവന്‍സ് പ്രതികരിച്ചതിങ്ങനെയാണ്. ബാഹ്യമായ പരിഗണനകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ടകളെ മറനീക്കി കാട്ടുകയായിരുന്നു ഓവന്‍സ്.
എന്നാല്‍, ലോങ് ജംപ് മത്സരത്തിന് മുന്‍പ് ഓവന്‍സ് ഒരു അത്ഭുതത്തിന് സാക്ഷിയായി. ഒരു മനുഷ്യന്‍. എതിരാളിയെന്ന് തന്നെ പറയാം. ജര്‍മനിയുടെ ലോങ് ജംപ് താരം ലൂസ് ലോങ്.
100 മീറ്റര്‍, 200 മീറ്റര്‍ എന്നീ ഇനങ്ങളില്‍ തൻ്റെ തന്നെ റെക്കോര്‍ഡ് തകര്‍ത്ത ശേഷം ലോങ് ജംപ് പിറ്റിലെത്തിയ ഓവന്‍സിന് തുടക്കം തന്നെ പിഴച്ചു. ഫൗള്‍. ട്രാക്ക് സ്യൂട്ടണിഞ്ഞ് പരിശീലന ചാട്ടത്തിന് തുനിഞ്ഞ ഓവന്‍സ് മത്സരം തുടങ്ങാനായി റഫറി ഫ്‌ളാഗ് ഉയര്‍ത്തിയത് കണ്ടില്ലായിരുന്നു. ഓവന്‍സിന് മേലുള്ളത് സ്വന്തം റെക്കോര്‍ഡിൻ്റെ സമ്മര്‍ദ്ദം മാത്രമായിരുന്നില്ല. മാധ്യമങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിന് ചുറ്റുമായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിനരികിലേക്ക് ലൂസ് ലോങ് എത്തുന്നത്. ചാടുന്നതിനായി ഫൗള്‍ ലൈന്‍ എത്തുന്നതു വരെ കാത്തിരിക്കരുതെന്നും അതിനേതാനും അടി മുന്‍പ് ചാടാന്‍ ശ്രമിക്കണമെന്നും ലൂസ് നിര്‍ദ്ദേശിച്ചു. ഓവന്‍സ് ആ നിര്‍ദ്ദേശം സ്വീകരിച്ചു. ഫൈനല്‍സിലെ ആദ്യ ചാട്ടത്തില്‍ തന്നെ ഓവന്‍സ് 25.82 അടി ചാടി ഒളിമ്പിക്‌സ് റെക്കോര്‍ഡിട്ടു. ലൂസ് തൻ്റെ അഞ്ചാമത്തെ ചാട്ടത്തില്‍ ഇതിനൊപ്പമെത്തി. തൻ്റെ അഞ്ചാമത്തെ ചാട്ടത്തില്‍, ഓവന്‍സ് 26.05 അടി ചാടി വീണ്ടും റെക്കോര്‍ഡ് സ്ഥാപിച്ചു. അവസാന ചാട്ടത്തില്‍ 26.44 അടി കടന്ന് ഓവന്‍സ് ഒളിമ്പിക്‌സ് സ്വര്‍ണ്ണവും ലോക റെക്കോര്‍ഡും കരസ്ഥമാക്കി. ഒപ്പം ഒരു സുഹൃത്തിനെയും. ലൂസ് ലോങ് എന്ന ജര്‍മന്‍കാരന്‍. അല്ല, ലൂസ് ലോങ് എന്ന അത്‌ലറ്റ്. ലൂസിനായിരുന്നു ലോങ് ജംപില്‍ വെള്ളി.
കളിക്കളങ്ങളിലെ മത്സര ബുദ്ധി വ്യക്തികളോ രാജ്യങ്ങളോ തമ്മിലുള്ള വൈര്യത്തില്‍ നിന്നും ഉടലെടുക്കുന്നതല്ല. അത് ചരിത്രത്തില്‍ അടയാളം സ്ഥാപിക്കാനുള്ള മനുഷ്യരുടെ പോരാട്ടമാണ്. അവര്‍ തമ്മിലും സൗഹൃദമുണ്ടാവാം. ലൂസും ഓവന്‍സും അതിൻ്റെ തെളിവാണ്. ഹിറ്റ്‌ലറിൻ്റെ വിരുന്നിലും, ഒരു കറുത്ത വംശജനും ജര്‍മ്മന്‍കാരനും ഇടയില്‍ പന്തിഭോജനം സാധ്യമാണെന്നതിൻ്റെ തെളിവ്.