

ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ നിന്നു ഐഎസ്എല്‍ മുന്‍ ചാംപ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പുറത്താക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റേതാണ് നടപടി. ടീമിന്റെ മത്സരങ്ങള്‍ അസാധുവാക്കുമെന്ന് എഎഫ്സി വ്യക്തമാക്കിയതോടെ ഫലത്തില്‍ ടീം ടൂര്‍ണമെന്റില്‍ നിന്നു അയോഗ്യരായി.
ഒക്ടോബര്‍ രണ്ടിന് ഇറാനിലേക്ക് എവേ പോരാട്ടത്തിനു മോഹന്‍ ബഗാന്‍ പറക്കേണ്ടതായിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. ഇതോടെയാണ് എഎഫ്സി നടപടിയുമായി എത്തിയത്.
ഇറാന്‍ പ്രോ ലീഗ് ക്ലബ് ട്രാക്ടര്‍ എസ്‍സിയുമായാണ് മോഹന്‍ ബഗാന്‍ എവേ പോരാട്ടം കളിക്കേണ്ടിയിരുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും നിലവിലെ ഇറാനിലെ രാഷ്ട്രീയ കാലാവസ്ഥ കലുഷിതമായതും ക്ലബിന് മുന്നിൽ വിലങ്ങുതടിയായി.
ഈ സാഹചര്യവും താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് ടീമിനെ അയക്കേണ്ടന്ന് ക്ലബ് തീരുമാനിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ നടപടിയെടുത്തത്.