
2019ലെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം തുടരുന്നതിനിടയിലും തന്നെ മാറ്റിനിര്‍ത്തിയ ടീം മാനേജ്‌മെൻ്റിൻ്റെ തീരുമാനത്തിനെതിരെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. എല്ലാ ടീമിനും വേണ്ടത് നന്നായി കളിക്കുന്നവരെയാണ്. മൂന്ന് മാച്ചുകളിലായി 13 വിക്കറ്റുകള്‍ എടുത്തു. ഇതിൽ കൂടുതല്‍ എന്താണ് നിങ്ങള്‍ക്ക് വേണ്ടതെന്നും ഷമി ചോദിച്ചു. ശുഭാങ്കര്‍ മിശ്രയുമായുള്ള അഭിമുഖത്തിലാണ് ഷമിയുടെ പ്രതികരണം.
"2019ല്‍ ആദ്യത്തെ നാലോ അഞ്ചോ ഗെയിമുകള്‍ ഞാന്‍ കളിച്ചിട്ടില്ല. പക്ഷെ അത് കഴിഞ്ഞ് ഞാന്‍ ഹാട്രിക്കും അഞ്ച് വിക്കറ്റുമെടുത്തു. അടുത്ത ഗെയിമില്‍ നാല് വിക്കറ്റുകളും എടുത്തു. സമാനമായ സംഭവമാണ് 2023ലും സംഭവിച്ചത്. ആദ്യത്തെ കുറച്ചു മാച്ചുകളില്‍ എന്നെ കളിപ്പിച്ചില്ല. അത് കഴിഞ്ഞ് വന്ന ഗെയിമില്‍ അഞ്ച് വിക്കറ്റ് നേടി. അത് കഴിഞ്ഞുള്ള കളിയില്‍ നാല് വിക്കറ്റുകളും വീണ്ടും അടുത്ത കളിയില്‍ അഞ്ച് വിക്കറ്റുകളും നേടി," ഷമി പറഞ്ഞു.
2019ലെ ലോകകപ്പില്‍ നാല് മാച്ചുകളിലായി 14 വിക്കറ്റുകള്‍ എടുത്ത ഷമിയെ ശ്രീലങ്കയ്‌ക്കെതിരായ ഫൈനല്‍ ലീഗ് മാച്ചില്‍ നിന്നും ന്യൂസിലന്‍ഡുമായുള്ള സെമി ഫൈനല്‍ മാച്ചില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആ കളിയില്‍ 18 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടത്.
"ഇതിനൊന്നും ചോദ്യങ്ങളോ ഉത്തരങ്ങളോ തന്റെ ഭാഗത്തില്ല. അവസരങ്ങള്‍ കിട്ടിയാലേ എനിക്ക് സ്വയം തെളിയിക്കാന്‍ സാധിക്കൂ. നിങ്ങള്‍ എനിക്ക് അവസരം തന്നപ്പോള്‍ ഞാന്‍ മൂന്ന് മാച്ചുകളിലായി 13 വിക്കറ്റുകള്‍ നേടി. എന്നിട്ട് നമ്മള്‍ ന്യൂസിലാന്‍ഡിനോട് തോറ്റു. ആകെ നാല് മാച്ചുകള്‍ കളിച്ചതില്‍ 14 വിക്കറ്റുകള്‍ നേടി. 2023ല്‍ ഏഴ് മാച്ചുകളിലായി 24 വിക്കറ്റുകള്‍ നേടി," ഷമി പറഞ്ഞു.