ഒന്നു മുതല്‍ 117 വരെ; എന്താണ് ഒളിംപിക്സിലെ ഇന്ത്യയുടെ ഈ 'കണക്കിലെ കളി'

ഇന്ത്യയുടെ അവസാന 15 ഒളിമ്പിക് മെഡലുകളിൽ ഏഴെണ്ണം വനിതാ അത്ലറ്റുകളാണ് നേടിയത്, അതിൽ മൂന്നെണ്ണം ടോക്കിയോയിൽ നിന്നുമുള്ളതായിരുന്നു
ഒന്നു മുതല്‍ 117 വരെ; എന്താണ് ഒളിംപിക്സിലെ ഇന്ത്യയുടെ ഈ 'കണക്കിലെ കളി'
Published on

'ഭൂ​ഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്' എന്നൊക്കെ പണ്ട് ചാക്കോ മാഷ് പറഞ്ഞതുപോലെ, പാരീസ് ഒളിംപിക്സിലേക്ക് വരുമ്പോഴും ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന ടീമിനെ നമുക്ക് പല നമ്പറുകളിൽ പ്രതിനിധീകരിച്ച് പ്ലേസ് ചെയ്യാൻ സാധിക്കും. 5, 1, 72 അങ്ങനെ 117 വരെയുണ്ട്. എങ്ങനെയൊക്കെ കൂട്ടിയും കിഴിച്ചും ​ഗുണിച്ചും ഹരിച്ചും നോക്കിയാലും ലാഭം ഇന്ത്യക്കായിരിക്കണം എന്നാണ് നമ്മുടെയൊക്കെ ആ​ഗ്രഹം. എന്താണ് ഇന്ത്യൻ ഒളിംപിക് ടീമിലെ ഈ കണക്കിലെ കളി? നമുക്ക് നോക്കാം.


5 - അഞ്ച് മെഡൽ ജേതാക്കളാണ് ഇത്തവണ ഇന്ത്യൻ സംഘത്തിലുള്ളത്. നീരജ് ചോപ്ര, മീരാഭായ് ചാനു, പിവി സിന്ധു, ലോവ്ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ ഹോക്കി ടീം.
കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ മൊത്തം ഏഴ് മെഡലുകളായിരുന്നു നേടിയിരുന്നത്. മേൽപ്പറഞ്ഞ അഞ്ചുപേരെ കൂടാതെ, രഹി കുമാർ ദഹിയ, ബജ്‌രംഗ് പുനിയ എന്നിവരായിരുന്നു ടോക്കിയോയിലെ മെഡൽ ജേതാക്കൾ.

1 - ഒരേയൊരു ചാമ്പ്യൻ സാന്നിധ്യമാണ് ഇത്തവണത്തെ ഇന്ത്യൻ സംഘത്തോടൊപ്പം പാരീസിലേക്ക് വിമാനം കയറുന്നത്, നീരജ് ചോപ്ര. ഇന്ത്യയുടെ ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് ​ഗോൾഡ് മെഡലിസ്റ്റും, രണ്ടാമത്തെ വ്യക്തി​ഗത സ്വർണ മെഡൽ ജേതാവുമായ നീരജ് തന്റെ പുരുഷ ജാവലിൻ കിരീടം നിലനിർത്തും എന്നാണ് കരുതുന്നത്.

72 - 72 അത്‌ലറ്റുകൾ പാരീസ് ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിക്കും. 72 പേർ എന്നുപറയുന്നത് ഇന്ത്യൻ ടീമിന്റെ മൊത്തം വലിപ്പം കണക്കാക്കിയാൽ 61 ശതമാനമാണ്. രണ്ട് തവണ ബോക്സിങ് ലോക ചാമ്പ്യനായ നിഖാത് സരീൻ, ജൂനിയർ ലോക ഗുസ്തി ചാമ്പ്യന്മാരായ ആന്റിം പംഗൽ, റീതിക ഹൂഡ, ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ഹർഡ്ലർ ജ്യോതി യാരാജി, ഏറ്റവും പുതിയ ജാവലിൻ സെൻസേഷനായ കിഷോർ കുമാർ ജെന എന്നിവരാണ് അരങ്ങേറ്റക്കാരിൽ ചിലർ.

14 - പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അത്‌ലറ്റായിരിക്കും 14 കാരിയായ ധിനിധി ദേശിംഘു. വാസ്തവത്തിൽ, തന്റെ പതിനൊന്നാം വയസിൽ സഹ നീന്തൽ താരമായ ആരതി സാഹയ്ക്കൊപ്പം മത്സരിച്ചപ്പോൾ, ഒളിംപിക്സ് ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മത്സരാർഥിയായി ധിനിധി ദേശിംഘു മാറിയിരുന്നു.

1 - 2024ലെ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു പുരുഷ ഗുസ്തി താരം മാത്രമേ ഉണ്ടാകൂ, അമൻ സെഹ്റാവത്ത്. ടോക്കിയോയിൽ രണ്ട് പുരുഷ ​ഗുസ്തി താരങ്ങൾ ഇന്ത്യയ്ക്കായി മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു. അതിൽ നിന്നും പാരീസിലേക്ക് എത്തുമ്പോൾ മത്സര രം​ഗത്ത് ഒരേയൊരു പുരുഷ താരം മാത്രമേയുള്ളൂ എന്നത് ഇന്ത്യൻ ഫ്രീസ്റ്റൈൽ റെസ്ലിങ്ങിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല സൂചനയല്ല. 57 കിലോഗ്രാം വിഭാഗത്തിൽ രവി ദാഹിയയ്ക്ക് പകരക്കാരനായെത്തുന്ന അമൻ ഒളിമ്പിക് പോഡിയം കയറുന്ന ആറാമത്തെ ഇന്ത്യൻ പുരുഷ ഗുസ്തിക്കാരനാകുമെന്നാണ് ഇന്ത്യൻ കായിക പ്രേമികളുടെ പ്രതീക്ഷ.

2 - 2024ലെ പാരീസ് ഒളിമ്പിക്സിൽ ഒന്നിലധികം വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുന്ന രണ്ട് ഇന്ത്യൻ അത്‌ലറ്റുകളാണ് പരുൾ ചൗധരിയും മനു ഭാക്കറും. വനിതകളുടെ 5000 മീറ്റർ ഓട്ടത്തിലും 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലുമാണ് പരുൾ യോഗ്യത നേടിയിരിക്കുന്നത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ, 25 മീറ്റർ പിസ്റ്റൾ എന്നിവയിൽ മനു മത്സരിക്കും.

42, 43 - 42 ഉം 43 ഉം വയസ്സുള്ള ശരത് കമലും രോഹൻ ബൊപ്പണ്ണയും ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സ് സംഘത്തിലെ ഏറ്റവും മുതിർന്ന താരങ്ങളാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ ടേബിൾ ടെന്നീസിന്റെ കുന്തമുനയായ ശരത് ഇത്തവത്തെ ഇന്ത്യയുടെ പതാകവാഹകരിൽ ഒരാളാണ്. പാരീസിൽ നടക്കുന്ന പുരുഷ സിംഗിൾസ്, പുരുഷ ടീം ഇനങ്ങളിൽ അദ്ദേഹം പങ്കെടുക്കും, ഇത് അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഒളിമ്പിക് ക്യാമ്പെയ്ൻ.

അടുത്തിടെ ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ ഡബിൾസ് കളിക്കാരനായ രോഹൻ ബൊപ്പണ്ണയാണ് ഇന്ത്യൻ സംഘത്തിലെ ഏറ്റവും മുതിർന്ന വ്യക്തി. പുരുഷ ഡബിൾസിൽ ശ്രീറാം ബാലാജിക്കൊപ്പമാണ് ബൊപ്പണ്ണ മത്സരിക്കും.

117 - 16 കായിക ഇനങ്ങളിലായി 117 അത്ലറ്റുകളെയാണ് ഇന്ത്യ പാരീസിലേക്ക് പറഞ്ഞയക്കുക. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ 121 താരങ്ങളായിരുന്നു ഇന്ത്യയിൽ നിന്നും പങ്കെടുത്തത്. വനിതാ ഹോക്കി ടീം (യോഗ്യത നേടിയില്ല), മേരി കോം (വിരമിച്ചു), ലോംഗ് ജമ്പർ ശ്രീശങ്കർ മുരളി (പരിക്ക് കാരണം പിന്മാറി), ഫെൻസർ ഭവാനി ദേവി (യോഗ്യത നേടിയില്ല) . ഇവരെല്ലാമാണ് കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ നിന്നും പാരീസിലേക്കെത്തുമ്പോൾ വിട്ടുപോകുന്ന അത്ലറ്റുകൾ.

ഇത്തവണത്തെ ഇന്ത്യൻ പട്ടികയിൽ 40% ത്തിലധികം വനിതാ അത്ലറ്റുകൾ ഉൾപ്പെടുന്നു എന്നതും വളരെ പോസിറ്റീവായിട്ടുള്ള കാര്യമാണ്. ഇന്ത്യയുടെ അവസാന 15 ഒളിമ്പിക് മെഡലുകളിൽ ഏഴെണ്ണം വനിതാ അത്ലറ്റുകളാണ് നേടിയത്, അതിൽ മൂന്നെണ്ണം ടോക്കിയോയിൽ നിന്നുമുള്ളതായിരുന്നു. (മീരാബായ് ചാനു, ലവ്ലിന ബോർഗോഹെയ്ൻ, പിവി സിന്ധു).

Related Stories

No stories found.
News Malayalam 24x7
newsmalayalam.com