കീവീസിന്റെ ഏറില്‍ വീണ് ഇന്ത്യ; സ്വന്തമാക്കിയത് നാണക്കേടിന്റെ റെക്കോഡ്

ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോര്‍, നാട്ടിലെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോര്‍ എന്നിങ്ങനെ നാണക്കേടിന്റെ റെക്കോഡും ഇന്ത്യ സ്വന്തമാക്കി
കീവീസിന്റെ ഏറില്‍ വീണ് ഇന്ത്യ; സ്വന്തമാക്കിയത് നാണക്കേടിന്റെ റെക്കോഡ്
Published on

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. മഴ മാറിനിന്ന അന്തരീക്ഷത്തില്‍ പ്രതീക്ഷയോടെ ബാറ്റെടുത്ത ഇന്ത്യന്‍ നിരയെ മാറ്റ് ഹെന്‍‌റിയും വില്യം ഒറൂര്‍ക്കെയും ചേര്‍ന്ന് 46 റണ്‍സില്‍ എറിഞ്ഞിട്ടു. ലോകത്തെ മികച്ച ബാറ്റിങ് നിരയെന്നു പേരുകേട്ട ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചുപേരാണ് സ്കോര്‍ബോര്‍ഡ് തുറക്കാനാകാതെ കൂടാരം കയറിയത്. ഇതോടെ ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോര്‍, നാട്ടിലെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോര്‍ എന്നിങ്ങനെ നാണക്കേടിന്റെ റെക്കോഡും ഇന്ത്യ സ്വന്തമാക്കി.

31.2 ഓവറില്‍ കീവീസ് ഇന്ത്യയുടെ കഥ കഴിച്ചു. ഓപ്പണിങ്ങില്‍ യശ്വസി ജയ്സ്വാള്‍ 63 പന്തില്‍ 12 റണ്‍സും ക്യാപ്റ്റന്‍ രോഹിത് ശര്‍മ 16 പന്തില്‍ രണ്ട് റണ്‍സുമാണ് എടുത്തത്. വിരാട് കോഹ്‌ലി, സര്‍ഫറാസ് ഖാന്‍, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഋഷഭ് പന്ത് 49 പന്തില്‍ 20 റണ്‍സെടുത്തു. കുല്‍ദീപ് യാദവ് രണ്ട്, ബുംമ്ര ഒന്ന്, സിറാജ് പുറത്താകാതെ നാല് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

13.2 ഓവര്‍ എറിഞ്ഞ മാറ്റ് ഹെന്‍‌റി 15 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ടെസ്റ്റില്‍ 100 വിക്കറ്റെന്ന നേട്ടവും മാറ്റ് ഹെന്‍‌റി സ്വന്തമാക്കി. ഇന്ത്യയില്‍ ആദ്യമായി ടെസ്റ്റ് മത്സരം കളിക്കുന്ന വില്യം ഒറുര്‍ക്കെ 12 ഓവറില്‍ 22 റണ്‍സിന് നാല് വിക്കറ്റെടുത്തു. ടിം സൗത്തി ആറ് ഓവറില്‍ ഒരു വിക്കറ്റും നേടി. കീവിസ് നിരയില്‍ ഇവര്‍ മൂന്നുപേരും മാത്രമാണ് പന്തെറിഞ്ഞത്. നേരത്തെ, ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ശുഭ്മാന്‍ ഗില്ലിനു പകരം സര്‍ഫറാസ് ഖാന്‍ ടീമില്‍ ഇടംനേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com