ഇത് കാള്‍സന്റെ പരാമര്‍ശത്തിനുള്ള മറുപടിയോ? ഗ്രാന്‍ഡ് ചെസ് ടൂറില്‍ കാള്‍സണെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറി ഗുകേഷ്

ഇത്തരം ഗെയിമുകളില്‍ മികച്ച കളിക്കാരനാണെന്ന് ഗുകേഷ് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു എന്ന് കാള്‍സണ്‍ പറഞ്ഞിരുന്നു
D Gukesh and Magnusd Carlsen
ഡി ഗുകേഷ്, മാഗ്നസ് കാൾസൺ എന്നിവർ ഗ്രാൻഡ് ചെസ് ടൂറിൽSource: Grand Chess Tour / X
Published on

മേശപ്പുറത്ത് അടിച്ച് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയൊന്നും ഇത്തവണ നോര്‍വീജിയന്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്ററായ മാഗ്നസ് കാള്‍സണിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ലോക ചാമ്പ്യന്‍ ഗുകേഷ് രണ്ടാം തവണയും കാള്‍സണെ പരാജയപ്പെടുത്തിയിരിക്കുകയാണ്. ക്രൊയേഷ്യയിലെ സാഗ്രേബില്‍ വെച്ച് നടക്കുന്ന ഗ്രാന്‍ഡ് ചെസ് ടൂര്‍ സൂപ്പര്‍ യുണൈറ്റഡ് റാപിഡ് 2025 ലെ രണ്ടാം ദിനത്തിലെ ആറാം റൗണ്ടിലാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററായ ഗുകേഷ് കാള്‍സണെ പരാജയപ്പെടുത്തിയത്.

ആദ്യ ദിനവും മികച്ച വിജയത്തോടെയാണ് ഗുകേഷ് തുടക്കമിട്ടത്. ഉസ്‌ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസാത്തോറോവിനെ നാലാം റൗണ്ടിലും അഞ്ചാം റൗണ്ടില്‍ അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫാബിനോ കര്വാനയെയും പരാജയപ്പെടുത്തിയാണ് രണ്ടാം ദിനം നേരിടാന്‍ ഗുകേഷ് എത്തിയത്.

മൂന്ന് ദിന റാപിഡ് സെക്ഷനില്‍ 10 പോയിന്റുകളുമായി ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ഗുകേഷ്. കാള്‍സണ് ആറ് പോയിന്റുകള്‍ മാത്രമാണ് നേടാനായത്. മൂന്ന് ഗെയിമുകള്‍ കൂടി ബാക്കി നില്‍ക്കെ, യാന്‍ ക്രിഷ്‌തോഫ് ഡൂഡയേക്കാള്‍ രണ്ട് പോയിന്റുകള്‍ മാത്രം പിന്നിലാണ് ഗുകേഷ്.

49 നീക്കങ്ങള്‍ നടത്തിയതിന് ശേഷമാണ് കാള്‍സണ്‍ പിന്മാറിയത്. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണ് ഗുകേഷിന്റേത്. ഗുകേഷ് ടൂര്‍ണമെന്റിലെ ഏറ്റവും മോശം ഗെയിമര്‍ ആണെന്ന പരാമര്‍ശം നടത്തിയതിന് തൊട്ടുപിന്നാലെ നടന്ന മത്സരത്തിലാണ് കാള്‍സണ്‍ പരാജയപ്പെട്ടത്.

'ഗുകേഷ് ഇതുപോലെ ഒരു ടൂര്‍ണമെന്റില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കുമെന്ന് കരുതാൻ അദ്ദേഹം ഇതുവരെ ഒന്നും ചെയ്തിട്ടില്ല,' എന്നായിരുന്നു കാള്‍സണ്‍ പറഞ്ഞത്. ഇത്തരം ഗെയിമുകളില്‍ മികച്ച കളിക്കാരനാണെന്ന് ഗുകേഷ് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു എന്നും ഗുകേഷിന് നന്നായി കളിക്കാന്‍ സാധിക്കട്ടെ എന്നും കാള്‍സണ്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com