

മുംബൈ: ഇന്ത്യൻ മോട്ടോർ സ്പോർട്സിന് അഭിമാനമായി യുവ റേസിങ് താരം അതിഖ മിർ. അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഫെഡറേഷന്റെ (എഫ്ഐഎ) നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഗേൾസ് ഓൺ ട്രാക്ക് റൈസിങ് സ്റ്റാർസ് 2026’ പദ്ധതിയുടെ ജൂനിയർ വിഭാഗത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് ഡ്രൈവർമാരിൽ അതിഖയും ഇടംപിടിച്ചു.
12 മുതൽ 14 വയസ്സുവരെയുള്ള പ്രായവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ താരമാണ് അതിഖ. ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളായ അതിഖയുടെ നേട്ടം ഇന്ത്യൻ മോട്ടോർ സ്പോർട്സ് മേഖലയ്ക്ക് വലിയ അഭിമാനമാണ്
യുവ വനിതാ റേസിങ് താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അടിസ്ഥാനതലത്തിൽ നിന്ന് അന്താരാഷ്ട്ര മത്സരവേദികളിലേക്ക് വളർത്തിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എഫ്ഐഎ ഈ പദ്ധതി നടപ്പാക്കുന്നത്. 2018-ലാണ് ‘ഗേൾസ് ഓൺ ട്രാക്ക്’ പദ്ധതിക്ക് തുടക്കമായത്.
ചാമ്പ്യൻസ് ഓഫ് ദ ഫ്യൂച്ചർ അക്കാദമി (COTFA) ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനങ്ങളും എഫ്ഐഎ കാർട്ടിങ് ലോക ചാമ്പ്യൻഷിപ്പിലെ മികവുമാണ് അതിഖയുടെ തിരഞ്ഞെടുപ്പിൽ കാര്യമായ പങ്കുവഹിച്ചത്.
ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ആറാം സ്ഥാനത്തെത്തിയ അതിഖ, ഈ വർഷം ഗ്രീസിൽ നടന്ന COTFA മത്സരത്തിൽ ആധിപത്യം പുലർത്തി ശ്രദ്ധേയമായ വിജയവും സ്വന്തമാക്കിയിരുന്നു.
അതിഖയ്ക്കൊപ്പം ഫ്രാൻസിന്റെ ലിന സലമാങ്ക, കോസ്റ്റാറിക്കയുടെ സോഫിയ കാൽഡെറോൺ, ബ്രിട്ടന്റെ കോറ മൂർ, മെക്സിക്കോയുടെ അന്ന റെജീന ഫ്രാങ്കോ റോഡ്രിഗസ്, ഈജിപ്തിന്റെ ലിലി റിസ്ക്, യുക്രെയ്നിന്റെ കിറ മൈസ്ട്രെൻകോ, ചിലിയുടെ അന്നൈസ് ഒറെല്ലാന, ഓസ്ട്രേലിയയുടെ എമിലി ഗ്രേസ് ഹാമർ എന്നിവരാണ് ജൂനിയർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങൾ.
അന്താരാഷ്ട്ര മോട്ടോർ സ്പോർട്സ് രംഗത്ത് ഇന്ത്യൻ വനിതാ താരങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ അതിഖയുടെ ഈ നേട്ടം കൂടുതൽ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.